ഈ എസ്‌യുവി വാങ്ങിയാല്‍ 1 വർഷം പെട്രോളടിക്കാനുള്ള ക്യാഷ് അങ്ങോട്ട് തരും! ഷോറൂമിലേക്ക് വണ്ടി തിരിക്കുവല്ലേ?
ഇന്നത്തെ കാലത്ത് കാര്‍ വാങ്ങുന്നവരില്‍ പലരുടെയും ആഗ്രഹം സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (SUV) സ്വന്തമാക്കാന്‍ ആയിരിക്കും. എന്നാല്‍ പോക്കറ്റ് അനുവദിക്കാത്തതായിരിക്കും ചോയ്‌സ് മാറ്റാനുള്ള കാരണം. എന്നാല്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇപ്പോള്‍ 2 ലക്ഷം രൂപ വരെയാണ് തങ്ങളുടെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് ഇട്ടിരിക്കുന്നത്. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായാണ് വമ്പന്‍ കിഴിവ്.
ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഒരു മാസവും ഏതാനും ദിവസവും മാത്രം ബാക്കി നില്‍ക്കെ സ്‌റ്റോക്ക് ക്ലിയറാക്കാനുള്ള പരിപാടികളിലാണ് വാഹന നിര്‍മാതാക്കള്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന സിട്രണ്‍ വമ്പന്‍ ഓഫര്‍ നല്‍കിയാണ് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എസ്‌യുവി എന്നിവക്ക് 1.5 ലക്ഷം രൂപ വരെയാണ് ആനുകൂല്യം ലഭിക്കുക.

ഓഫറുകള്‍ 2023 ഡിസംബര്‍ 31 വരെ സാധുതയുണ്ട്. ഈ ആകര്‍ഷകമായ ഓഫറുകളുടെ ഭാഗമായി C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് മാത്രമല്ല 5 വര്‍ഷത്തെ കോംപ്ലിമെന്ററി എക്‌സ്റ്റന്റഡ് വാറണ്ടിയും ലഭിക്കും. 70,000 രൂപ വില വരുന്ന ഇത് വേണ്ടെന്ന് പറയുന്ന കസ്റ്റമര്‍ക്ക് ക്യാഷായി നല്‍കും. കൂടാതെ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നുവെന്ന ഓഫറും എടുത്തുപറയേണ്ടതാണ്.
C3 എയര്‍ക്രോസ് എസ്‌യുവിയുടെ ക്ലെിംഡ് മൈലേജ് വെച്ച് 14,800 കിലോമീറ്റര്‍ വരെ ഓടാനുള്ള ക്യാഷാണ് കമ്പനി നല്‍കുക. ഇതുപോലെ തന്നെ C3 ഹാച്ച്ബാക്കിന്റെ മൈലേജ് അനുസരിച്ചുള്ള നിശ്ചിത തുക ഫ്രീ ഫ്യുവലിനായി ലഭിക്കും. ഈ ഓഫര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. ഈ രണ്ട് മോഡലുകളുമല്ലാതെ കുറച്ച് കൂടി പ്രീമിയമാകാമെന്ന ചിന്തയുണ്ടെങ്കില്‍ സിട്രണ്‍ C5 എയര്‍ക്രോസിനും ബ്രാന്‍ഡ് ചില ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.

2 ലക്ഷം രൂപ വരെ കിഴിവിലാണ് ഈ മോഡല്‍ വാങ്ങാന്‍ സാധിക്കുക. എന്നാല്‍ ഈ കാറിന്റെ ഓഫര്‍ 2023 നവംബര്‍ 30 വരെ മാത്രമാണ് സാധുതയുള്ളത്. ഇതുകൂടാതെ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന ഓഫറുകള്‍ കൂടി ചേരുന്നതോടെ ലക്ഷങ്ങള്‍ പോക്കറ്റിലിടാം. സിട്രണ്‍ C5 എയര്‍ക്രോസിന് മാര്‍ക്കറ്റില്‍ തിരിച്ചടിയാകുന്നത് അതിന്റെ വിലയാണ്. എന്നാല്‍ ഇപ്പോള്‍ 2 ലക്ഷം രൂപക്ക് മുകളില്‍ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനാല്‍ ആ കുറവ് നികത്തപ്പെടുകയാണ്.
സിട്രണിന്റെ CMP മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് C3 ഹാച്ച്ബാക്കും C3 എയര്‍ക്രോസും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന മുന്‍ഗണനകള്‍ നിറവേറ്റാനാണ് വാഹനങ്ങള്‍ വഴി കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, കിയ സെല്‍റ്റോസ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളോട് മത്സരിക്കാന്‍ 'ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' എന്ന ടാഗ്‌ലൈനോടെയാണ് C3 വിപണിയില്‍ എത്തിച്ചത്.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളുടെയും എതിരാളിയാണ് സിട്രണ്‍ C3 ഹാച്ച്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 82 bhp പവറും 115 Nm ടോര്‍ക്കും തരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.
6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന 110 bhp, 190 Nm, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആണ് രണ്ടാമത്തേത്. സിട്രണിന്റെ ഇന്ത്യയിലെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാവുന്ന ഓഫറിംഗായ C3-ക്ക് 6.16 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും മത്സരം നിറഞ്ഞ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഫ്രഞ്ച് കമ്പനി പുറത്തിറക്കിയ മോഡലാണ് C3 എയര്‍ക്രോസ്. 110 bhp പവറും 190 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് C3 എയര്‍ക്രോസിന് തുടിപ്പേകുന്നത്. സ്റ്റാന്‍ഡേര്‍ഡ് 5 സീറ്റര്‍ വേരിയന്റിനൊപ്പം 7 സീറ്റര്‍ കോണ്‍ഫിഗറേഷനിലും ഇത് വാങ്ങാം.
നീക്കം ചെയ്യാനാവുന്ന മൂന്നാം വരി സീറ്റാണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ലെന്നതാണ് ഒരു കുറവ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളോടാണ് ഇത് എതിരിടുന്നത്. 9.99 ലക്ഷം മുതല്‍ 12.54 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ഹ്യുണ്ടാായി ട്യൂസോണ്‍, സ്‌കോഡ കൊഡിയാക്, ഫോക്സ്വാഗണ്‍ ടിഗുവാന്‍ എന്നിവയുമായാണ് സിട്രണ്‍ C5 എയര്‍ക്രോസ് മത്സരിക്കുന്നത്. 177 bhpപവറും 400 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. കൂടപ്പിറപ്പുകളെ അപേക്ഷിച്ച് ഈ എസ്‌യുവിക്ക് വില അല്‍പ്പം കൂടുതലാണ്. 36.91 ലക്ഷം മുതല്‍ 37.67 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
മുകളില്‍ പറഞ്ഞ ഓഫറുകള്‍ ഓരോ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. സൗജന്യ ഇന്ധനത്തിനും എക്‌സ്റ്റന്റഡ് വാറണ്ടിക്കുമുള്ള ഓഫറുകള്‍ സിട്രണ്‍ ബ്രാന്‍ഡിന്റെ വിവേചനാധികരത്തിന് കീഴിലാണെന്നും ഓര്‍മിപ്പിക്കട്ടെ. ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉടന്‍ തന്നെ അടുത്തുള്ള സിട്രണ്‍ ഷോറൂം സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








