ഡീസല്‍ കാറുകളുടെ നാളുകള്‍ എണ്ണപ്പെട്ടു? 4 വർഷത്തിനകം നിരോധിക്കാൻ കേന്ദ്രത്തിന് നിർദേശം
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് മലിനീകരണവും ആഗോള താപനവുമെല്ലാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ലോകമൊന്നടങ്കം ഹരിത വാതകങ്ങളിലോടുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. യൂറോപ്യന്‍ യൂനിയനടക്കം ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വാഹന രംഗത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയ പാനല്‍.
2027 ഓടെ രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന നഗരങ്ങളിലും ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോര്‍ വീലറുകളുടെ ഉപയോഗം നിരോധിക്കണമെന്നാണ് പാനല്‍ നിര്‍ദേശം. മലിനീകരണം കുറക്കുന്ന ബദല്‍ യാത്രാമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദേശം. ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരങ്ങളില്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍പിജി എന്നീ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നതിന് അനുകൂലമായാണ് പാനല്‍ വാദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് രാജ്യത്തെ മലിനീകരണം കൂടിയ നഗരങ്ങളില്‍ ഡീസല്‍ ഫോര്‍വീലറുകള്‍ നിരോധിക്കണമെന്നാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്നുള്ള പാനല്‍ നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണവും പുറംതള്ളലുമാണ് അതിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറക്കുന്നതിന് ആവശ്യമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി നിരവധി നടപടികള്‍ സര്‍ക്കാറുകളുടെ ഭാഗമായി കൈക്കൊള്ളുന്നുണ്ട്.
ഇന്ത്യയുടെ ഹരിതഗൃഹ വാതക ഉത്‌വമനത്തിന് വലിയ സംഭാവന നല്‍കുന്ന ഓട്ടോമൊബൈല്‍ വിപണിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വായു മലിനീകരണം കൂടിയ പട്ടണങ്ങളിലും എല്ലാ ഡീസല്‍ ഫോര്‍ വീലറുകളും നിരോധിക്കുന്നതിനുള്ള ഏറ്റവും പുതിയ നിര്‍ദേശം അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള നയങ്ങളുടെ ഭാഗമായാണ്.

നിലവില്‍ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും ഡീസല്‍ ആണ്. ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളില്‍ 80 ശതമാനവും ഡീസലില്‍ ഓടുന്നവയാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പാസഞ്ചര്‍ വാഹനങ്ങളുടെ വലിയൊരു പങ്കും ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ബസുകളൊന്നും വാഹനവ്യൂഹത്തിലേക്ക് ചേര്‍ക്കരുതെന്ന് പാനല്‍ നിർദേശിച്ചു.
ഇലക്ട്രിക് ബസുകള്‍ക്ക് അനുകൂലമായാണ് സമിതി വാദിച്ചത്. 2030-ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ ചേര്‍ക്കരുതെന്നും 2024 മുതല്‍ സിറ്റി ട്രാന്‍സ്പോര്‍ട്ട് ഡീസല്‍ ബസുകള്‍ ചേര്‍ക്കാന്‍ പാടില്ലെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പാനലിന്റെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്ര കാബിനറ്റ് അനുമതി തേടുമോയെന്ന കാര്യം വ്യക്തമല്ല.
ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍സ് സ്‌കീമിന് (ഫെയിം) കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവുകള്‍ മാര്‍ച്ച് 31-ന് അപ്പുറത്തേക്ക് നീട്ടുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും പാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍സെന്റീവുകളും സബ്‌സിഡിയും നല്‍കുന്നത് രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് സമിതി കരുതുന്നത്.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ ഫെയിം സ്‌കീമിന് കീഴില്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഇവികള്‍ക്കൊപ്പം നല്‍കേണ്ട ചാര്‍ജറിന് പണം ഈടാക്കിയതിനെ തുടര്‍ന്ന് സബ്സിഡി തടഞ്ഞുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞതോടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ റീഫണ്ട് നല്‍കാന്‍ തീരുമാനിച്ച വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ഫെയിം പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അധിക വിലയ്ക്ക് ആക്സസറികള്‍ വില്‍ക്കുന്നതായി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിൽപ്പനയുടെ കാര്യത്തില്‍ രാജ്യത്തെ ഒന്നാം സ്ഥാനക്കാരായ ഓലയാണ് ചാര്‍ജറിന് വാങ്ങിയ പണം മടക്കി നല്‍കാമെന്ന് ആദ്യം സമ്മതിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ വമ്പന്‍മാരും ഉപഭോക്താക്കള്‍ക്കാണ് ചാര്‍ജറിന്റെ പേരില്‍ ഈടാക്കിയ തുക മടക്കി നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനികള്‍ എല്ലാവരുമായി ഏകദേശം 290 കോടി രൂപ ഉപഭോക്താക്കള്‍ക്ക് മടക്കി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








