ഡീസലിനോട് ഗുഡ് ബൈ പറഞ്ഞേക്ക്, ഇല്ലെങ്കിൽ പണിപാളും; നിർമ്മാതാക്കൾക്ക് താക്കീതുമായി കേന്ദ്ര ഗതാഗത മന്ത്രി
ഡീസൽ കാർ പ്രേമികൾക്ക് വീണ്ടും സങ്കടവാർത്തയാണ്. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡീസൽ വാഹനങ്ങൾക്കും ജനറേറ്ററുകൾക്കും 10 ശതമാനം ജിഎസ്ടി വർധിപ്പിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയിരിക്കുകയാണ്. മലിനീകരണ നികുതിക്ക്/ പൊല്യൂഷൻ ടാക്സിന് ശേഷം ഡീസൽ വാഹനങ്ങൾ വിൽക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കാർ നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
ഡീസലിനോട് വിട പറയൂ... ദയവായി അവയുടെ നിർമ്മാണം നിർത്തൂ, അല്ലാത്തപക്ഷം ഡീസൽ കാറുകൾ വിൽക്കുന്നത് ബുദ്ധിമുട്ടാകും വിധം തങ്ങൾ നികുതി വർധിപ്പിക്കും എന്ന് ന്യൂഡൽഹിയിൽ നടന്ന 63 -ാമത് വാർഷിക സിയാം കൺവെൻഷനിൽ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി. ഡീസൽ വാഹനങ്ങൾക്കും ജനറേറ്ററുകൾക്കും 10 ശതമാനം അധിക ജിഎസ്ടി ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് മന്ത്രി ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡീസലിനെ "അപകടകരമായ ഇന്ധനം" എന്ന് വിശേഷിപ്പിച്ച മന്ത്രി, ഇതതിന്റെ വർധിച്ചുവരുന്ന ഡിമാൻഡ് ഇന്ത്യയെ ഇന്ധന ഇറക്കുമതിയ്ക്ക് ആശ്രയിക്കുന്ന അവസ്ഥതിലേക്ക് നയിച്ചതായും പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഫ്യുവലുകളായ എഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാർ നിർമ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഇത് സഹായിക്കും.
മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കൾ ഡീസൽ പാസഞ്ചർ വാഹനങ്ങളുടെ നിർമ്മാണം നിർത്തിയതോടെ ഡീസൽ കാറുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. രാജ്യത്തെ കൊമേർഷ്യൽ വാഹനങ്ങളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ഡീസൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ ഈ തീരുമാനം കാരണമായേക്കും എന്നത് ശ്രദ്ധേയമാണ്.

ഗഡ്കരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന് ശേഷം, ടാറ്റ മോട്ടോർസ്, മഹീന്ദ്ര & മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ് എന്നിവയുടെ ഓഹരികൾ 2.5 ശതമാനം മുതൽ 4.0 ശതമാനം വരെ ഇടിഞ്ഞു. നിലവിൽ, ഓട്ടോമൊബൈലുകൾക്ക് അധിക സെസ്സിനൊപ്പം 28 ശതമാനം ജിഎസ്ടിയും ബാധകമാണ്. വാഹനത്തിന്റെ തരം അനുസരിച്ച് 1.0 ശതമാനം മുതൽ 22 ശതമാനം വരെ ഇതിൽ വരുന്നു.
എസ്‌യുവികൾക്കാണ് ഏറ്റവും ഉയർന്ന നികുതി വരുന്നത്, അതായത് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ഇവയ്ക്ക് ലഭിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസ്, മഹീന്ദ്ര & മഹീന്ദ്ര, ഹ്യുണ്ടായി, കിയ, ടൊയോട്ട തുടങ്ങിയ നിർമ്മാതാക്കളാണ് പ്രധാനമായും ഡീസൽ പാസഞ്ചർ വാഹനങ്ങൾ വിൽപ്പയ്ക്ക് എത്തിക്കുന്നത്. ഈ പുതിയ നിർദ്ദേശം വ്യക്തമായും ഇവയുടെ വിൽപ്പനയെ സാരമായി ബാധിക്കും എന്നത് വ്യക്തമാണ്.

ഡീസലിന് പകരക്കാരനായി എഥനോൾ, ഗ്രീൻ ഹൈഡ്രജൻ, CNG എന്നിങ്ങനെ മറ്റ് ഇക്കോ ഫ്രണ്ട്ലി ഫ്യുവലുകളും ഇവികളും കേന്ദ്ര സർക്കാർ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും ഇവയ്ക്ക് ഡീസലിന്റെ പെർഫോമെൻസിനേയും കൊമേർഷ്യൽ സെഗമെന്റിൽ ഇത് നൽകുന്ന വിശ്വാസിയതയും കൈവരിക്കാനാവുമോ എന്ന കാര്യം നമുക്ക് സംശയമാണ്.
കഴിഞ്ഞ 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോർസും, സ്വിച്ച് മൊബിലിറ്റിയും പോലെ പല നിർമ്മാതാക്കളും തങ്ങളുടെ ഇവി, ഹൈബ്രിഡ് കൊമേർഷ്യൽ വാഹനങ്ങളുടെ കൺസെപ്റ്റ് പതിപ്പുകൾ പ്രദർശിപ്പിച്ചിരുന്നു, ഇവയുടെ പ്രൊഡക്ഷൻ പതിപ്പുകൾ എന്ന് വിപണിയിൽ എത്തുമെന്ന് വ്യക്തമല്ല. വന്നാൽ തന്നെ രാജ്യത്തെ നിലവിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും നെറ്റ്‌വർക്കും ഉപയോഗിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാനാവും എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.
ഹൈബ്രിഡുകളും ഇവികളും പ്രൊമോട്ട് ചെയ്യുന്നതിന് മുമ്പ് രാജ്യത്തെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂടുതൽ കാര്യമായി പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം ലോംഗ് റേഞ്ച് അല്ലെങ്കിൽ ഇന്റർ സ്റ്റേറ്റ് സർവ്വീസുകൾക്ക് എന്ത് പരിഹാരം കണ്ടെത്തും എന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. ഡീസൽ എഞ്ചിനുകളുടെ ടോർക്കും മൈലേജും ഇഷ്ടപ്പെട്ടിരുന്നവർക്ക് ഈ തീരുമാനം അല്പം വിഷമുണ്ടാക്കുന്നതാണ്. എന്നിരുന്നാലും നിലവിലെ പരിസ്ഥിതി സാഹചര്യങ്ങൾക്കും മലിനീകരണത്തിന്റെ തോതും കുറയ്ക്കാനായി ഓയിൽ ബർണറുകളുടെ ഉപയോഗം ക്രമേണ നിർത്തലാക്കുന്നത് അനിവാര്യമായിരിക്കും.


Click it and Unblock the Notifications








