രാത്രിയില്‍ നഗരം ചുറ്റി ഡ്രൈവറില്ലാ കാര്‍; അമ്പരന്ന് ജനങ്ങള്‍-VIDEO
ഡ്രൈവറില്ലാത്ത കാറുകള്‍ പലപ്പോഴും നമ്മള്‍ നിനിമകളില്‍ മാത്രമാണ് കാണാറുള്ളത്. ഇന്ന് പല വിദേശരാജ്യങ്ങളിലും ഓട്ടോണോമസ് സിസ്റ്റമുള്ള കാറുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവ എത്തിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ ഇന്ത്യന്‍ നിരത്തുകളിലും നമ്മള്‍ക്ക് ഡ്രൈവറില്ലാത്ത കാറുകള്‍ കാണാനാകും. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ ഡ്രൈവറില്ലാത്ത കാര്‍ പരീക്ഷണയോട്ടം നടത്തുന്നത് ഇപ്പോള്‍ ക്യാമറയില്‍ പതിഞ്ഞിരിക്കുകയാണ്.
ഇന്ത്യയുടെ ഐടി ഹബ് ആയ ബെംഗളൂരു ഇലക്ട്രിക് വാഹന നിര്‍മാണത്തിലും ഇതിനോടകം ആഗോള ശ്രദ്ധ നേടിയിരുന്നു. നൂതന സാ'ങ്കതികവിദ്യകളെ അതിവേഗം പുല്‍കുന്ന നഗരത്തിലൂടെയാണ് ഇപ്പോള്‍ ഡ്രൈവറില്ലാത്ത കാര്‍ പരീക്ഷണം നടത്തുന്നത്. നഗരത്തില്‍ വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ബെംഗളൂരു ഫ്രേസര്‍ടൗണ്‍ റോഡില്‍ ഡ്രൈവറില്ലാ കാര്‍ ഓടുന്ന വിഡിയോയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

അനിരുദ്ധ് രവിശങ്കര്‍ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോക്ക് ഇതിനകം 14,000 കാഴ്ചക്കാരെ ലഭിച്ചു. ഹോളിവുഡ് സിനിമകളില്‍ മാത്രം ആളില്ലാ വാഹനങ്ങള്‍ കണ്ട പലര്‍ക്കും അത്ഭുതമായിരുന്നു ഈ കാഴ്ച. ഓട്ടോണോമസ് ഡ്രൈവിംഗ് സങ്കേതികതയുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് കാറാണിതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള മൈനസ് സീറോ എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അടിസ്ഥാനമാക്കിയുള്ള ഡ്രൈവറില്ലാ കാര്‍ 'zPod' വികസിപ്പിച്ചെടുത്തത്.
AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കാര്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ADAS പോലുള്ള ഫീച്ചറുകളും ZPad-ല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സങ്കടകരമായ സംഗതി എന്തെന്നാല്‍ ഈ വാഹനം പ്രെഡക്ഷന് കയറ്റാന്‍ അല്ലെങ്കില്‍ നിര്‍മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നതാണ്. തങ്ങളുടെ ഓട്ടോണോമസ് ഡ്രൈവിംഗ് ടെക്‌നോളജി മറ്റ് വാഹനങ്ങളുമായി പൊരുത്തപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്.

മറ്റ് വാഹനങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കുന്നതിനായി കമ്പനി സ്വന്തമായി ഓട്ടോണോമസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെന്നാണ് സൂചന. മൈനസ് സീറോ വികസിപ്പിച്ച ZPod വാഹനത്തില്‍ പരമ്പരാഗത വാഹനങ്ങളില്‍ കാണുന്നതുപോലെ മാനുവല്‍ കണ്‍ട്രോളുകള്‍ ഒന്നും കാണാന്‍ സാധിക്കില്ല. വിശദീകരിച്ച് പറഞ്ഞാല്‍ സ്റ്റിയറിംഗ് വീല്‍, ബ്രേക്ക്, ആക്‌സിലറേഷന്‍, ക്ലച്ച് തുടങ്ങിയ പ്രധാന ഫീച്ചറുകളൊന്നും ഇതില്‍ ഉണ്ടാകില്ലെന്ന് സാരം.
പകരം സ്‌ക്രീന്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതുവഴിയാണ് പുറപ്പെടുന്ന സ്ഥലം, പോകേണ്ട റൂട്ട് തുടങ്ങി എല്ലാം വാഹനത്തിന് കമാന്‍ഡായി നല്‍കേണ്ടത്. ട്രാഫിക്കും ഡ്രൈവിംഗ് സാഹചര്യങ്ങളും വിശകലനം ചെയ്യുന്നതിനുള്ള ക്യാമറ ഇതില്‍ സജ്ജീകരിക്കുന്നു. ഇതിന്റെ സഹായത്തോടെയാണ് വാഹനം സഞ്ചരിക്കുക. AI-യുടെ സഹായത്തോടെയാണ് ഡ്രൈവിംഗ്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ലൈവായി വാഹനം പ്രോസസ്സ് ചെയ്യുന്നു.

യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായി മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ അതിന്റെ AI സാങ്കേതികവിദ്യ ഉപയോഗിച്ച് തനിയെ പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. പല ഓട്ടോണമസ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി zPod ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിംഗ് (LIDAR) ഉപയോഗിക്കുന്നില്ല. എന്നാല്‍ മുന്നിലും പിന്നിലും വശങ്ങളിലുമായി മൊത്തം 6 ക്യാമറകള്‍ സജ്ജകരിച്ചിരിക്കുന്നു.
ഇവികളോ ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ മോഡലുകളോ അങ്ങനെ നിലവിലുള്ള ഏത് തരം വാഹനങ്ങളിലും തങ്ങളുടെ ഈ കണ്‍സെപ്റ്റ് ഉപയോഗപ്പെടുത്താമെന്നാണ്് മൈനസ് സീറോ പറയുന്നത്. എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിനൊപ്പം വരുന്ന നിലവില്‍ വിപണിയില്‍ ലഭ്യമായ ഏത് കാറുകളിലേക്കും തങ്ങളുടെ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ റെട്രോഫിറ്റ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു. വളരെ കൗതുകമുണര്‍ത്തുന്ന എന്നാല്‍ സിമ്പിളായ ഡിസൈനിലാണ് വാഹനം വരുന്നത്.
തങ്ങള്‍ ഒരു ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കള്‍ അല്ല മറിച്ച് മറ്റ് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ADAS സ്യൂട്ട് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ നല്‍കുന്ന ഒരു സ്ഥാപനമാണ് എന്നാണ് മൈനസ് സീറോ പറയുന്നത്. വിവിധ ക്യാമ്പസുകള്‍ക്കുള്ളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് zPod ഒരുക്കുന്നത്.റെയില്‍വേ സ്റ്റേഷനുകളിലും വിവിധ ക്യാമ്പസുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തരത്തില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഉപയോഗത്തിലുണ്ട്. ഭാവിയില്‍ ഇവക്ക് പകരം ഓട്ടോണോമസ് വാഹനങ്ങള്‍ രംഗം കീഴടക്കും.


Click it and Unblock the Notifications