അന്ന് പരിഹാസം, ഇന്ന് മസ്‌കിന്റെ 'പേടിസ്വപ്‌നം'; ചൈനീസ് കമ്പനികളെ വിലകുറച്ച് കാണരുത്!
മനുഷ്യര്‍ക്ക് ഓരോ കാര്യത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും മറ്റും കാണും. എന്നാല്‍ കാലക്രമേണ ആ നിലപാടുകളിലും കാഴ്ചപ്പാടുകളിലും മാറ്റം സംഭവിക്കും. ബിസിനസില്‍ ആകുമ്പോള്‍ പ്രത്യേകിച്ചും. അത്തരത്തില്‍ ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പണ്ടൊരിക്കല്‍ വാറന്‍ ബഫറ്റ് പിന്തുണക്കുന്ന BYD എന്ന ചൈനീസ് ഇവി നിര്‍മാതാക്കളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യം മസ്‌ക് ചിരിച്ച് തള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മസ്‌കിന്റെ അഭിപ്രായം മൊത്തം മാറിയിരിക്കുകയാണ്. അടുത്തകാലത്തായി ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോടുള്ള തന്റെ 'സ്‌നേഹം' ടെസ്ല സിഇഒ എലോണ്‍ മസ്‌ക് പരസ്യമാക്കിയിരുന്നു. 2019 അവസാനത്തോടെയാണ് ടെസ്ല ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ വമ്പന്‍ ഫാക്ടറി തുറന്നത്.

ചൈനയെ കുറിച്ചും അവിടത്തെ ഓട്ടോമൊബൈല്‍ രംഗത്തെ പ്രവര്‍ത്തന ശൈലിയെ കുറിച്ചും പലപ്പോഴും അദ്ദേഹം വാചാലനായി. എന്നിരുന്നാലും തന്റെ കമ്പനിയുടെ നേരിട്ടുള്ള എതിരാളികളായ ചൈനീസ് ഇവി നിര്‍മ്മാതാക്കളുടെ കാര്യം സംസാരിക്കുമ്പോള്‍ മസ്‌ക് തനി 'പൊങ്ങച്ചക്കാരന്‍' ആയി മാറുമായിരുന്നു. 2011-ലായിരുന്നു ചൈനീസ് വാഹന നിര്‍മ്മാതാക്കളായ BYD-യെ കുറിച്ചുള്ള അഭിപ്രയമെന്താണെന്നും ടെസ്ലക്ക് അത് എത്രത്തോളം വെല്ലുവിളിയാകുമെന്നും ഒരു അഭിമുഖത്തിനിടെ ചോദ്യമുയര്‍ന്നത്.
എന്നാല്‍ പൊട്ടിച്ചിരിയായിരുന്നു മസ്‌കിന്റെ മറുപടി. എന്നാല്‍ അഭിമുഖം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം മസ്‌കിന്റെ ചിന്താഗതിയില്‍ ആകെ മാറ്റം സംഭവിച്ചു. BYD-യുടെ കാറുകള്‍ തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് അടുത്തിടെ മസ്‌ക് ഒരു ട്വീറ്റില്‍ എഴുതിയത്. ഒരു ട്വിറ്ററാറ്റിയാണ് അടുത്തിടെ 2011-ലെ മസ്‌കിന്റെ അഭിമുഖ വീഡിയോ മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ പങ്കുവെച്ചത്. തന്നെ ടാഗ് ചെയ്ത ആ ട്വീറ്റിന് മസ്‌ക് മറുപടി നല്‍കുകയായിരുന്നു.
'അത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇക്കാലത്ത് അവരുടെ കാറുകള്‍ വളരെ മത്സരാധിഷ്ഠിതമാണ്' മസ്‌ക് എഴുതി. വര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും BYD കമ്പനിയുടെ കാറുകള്‍ ഇപ്പോള്‍ വളരെ ശ്രദ്ധേയമാണെന്നുമാണ് മസ്‌ക് വ്യക്തമാക്കിയത്. 'അവര്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നു. അവര്‍ നല്ല മിടുക്കോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ എന്റെ ഊഹം ശരിയാണെങ്കില്‍ ചൈനയില്‍ നിന്നുള്ള ഏതെങ്കിലും കമ്പനിയാണ് ടെസ്ലയ്ക്ക് പിന്നിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത' മസ്‌ക് പറഞ്ഞു.
ഒരു കമ്പനിയുടെ പേര് പറയാന്‍ തയാറായില്ലെങ്കിലും ചൈനയിലെ മുന്‍നിര ഇവി നിര്‍മാതാക്കളായ BYD, നിയോ, എക്‌സ്‌പെങ് തുടങ്ങിയ ബ്രാന്‍ഡുകളെയാണ് മസ്‌ക് ഉദ്ദേശിച്ചതെന്ന് വ്യക്തം. അടുത്ത കാലത്തായി ഇലോണ്‍ മസ്‌ക് തങ്ങളുടെ ചൈനീസ് എതിരാളികളെ കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ടെസ്‌ലയുടെ ഏറ്റവും കരുത്തുറ്റ എതിരാളിയെ കുറിച്ച് ചോദിച്ചപ്പോള്‍ ചൈനീസ് കമ്പനികളെ കുറിച്ച് പരാമര്‍ശിച്ചെങ്കിലും പേരെടുത്ത് പറയാന്‍ മസ്‌ക് തയാറായിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയായി BYD അടക്കമുള്ള നിര്‍മാതാക്കള്‍ മാറുന്ന സാഹചര്യത്തിലാണ് മസ്‌കിന്റെ പ്രതികരണമെന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടൊയോട്ട കൊറോളയെ പിന്തള്ളി ടെസ്‌ല മോഡല്‍ Y ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയത്.
2023 ആദ്യ പാദത്തിലെ വില്‍പ്പന കണക്കുകളിലാണ് ടെസ്‌ല മോഡല്‍ ഒന്നാമതെത്തിയത്. ഇക്കാലയളവില്‍ 2,67,200 യൂണിറ്റ് മോഡല്‍ Y ആണ് വിറ്റഴിച്ചത്. നിലവില്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന. സ്വന്തം തട്ടകമായ യുഎസില്‍ നിന്നുള്ളതിനേക്കാള്‍ വില്‍പ്പനയാണ് ടെസ്‌ല ചൈനയില്‍ നിന്ന് നേടിയെടുക്കുന്നത്. വില്‍പ്പന കൂട്ടാനായി ടെസ്‌ല വമ്പന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ആഭ്യന്തര വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കിയ BYD ലോകത്തിലെ മറ്റ് വിപണികളിലേക്ക് തങ്ങളുടെ കാല്‍പ്പാടുകള്‍ ഊന്നിയിരിക്കുകയാണ്.

അതിന്റെ ഭാഗമായി കമ്പനി അടുത്ത കാലത്തായി ഇന്ത്യയിലും സാന്നിധ്യം അറിയിച്ചു. നിലവില്‍ രണ്ട് മോഡലുകളാണ് BYD ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. E6 എംപിവിയിലൂടെ ഇന്ത്യയിലെത്തിയ BYD കഴിഞ്ഞ വര്‍ഷം അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയും വിപണിയില്‍ എത്തിച്ചു. സമീപ ഭാവിയില്‍ തന്നെ തങ്ങളുടെ മൂന്നാമത്തെ ഓഫറിംഗായ സീല്‍ ഇലക്ട്രിക് സെഡാനും BYD ഇന്ത്യന്‍ തീരത്തെത്തിച്ചേക്കും.


Click it and Unblock the Notifications