പുറത്തുമാത്രമല്ല അകത്തും വേറെ ലെവൽ; ഗ്രാൻഡ് വിറ്റാരയ്ക്ക് ചെക്ക് വെയ്ക്കാനെത്തുന്ന കർവ്വിന്റെ ഇന്റീരിയർ ഇങ്ങനെ
ടാറ്റ മോട്ടോർസ് കർവ്വ് എസ്‌യുവി കൂപ്പെയുടെ പ്രൊഡക്ഷൻ പതിപ്പ് 2024 -ൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ കർവ്വ് എസ്‌യുവി കൂപ്പെയുടെ ICE -പവർ മോഡൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു, അതേസമയം ഇവി കൺസെപ്റ്റ് 2022 -ന്റെ തുടക്കത്തിൽ അരങ്ങേറുകയും ചെയ്തു. എസ്‌യുവി കൂപ്പെ ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കർവ്വിന്റെ പ്രൊഡക്ഷൻ പതിപ്പ് കൺസെപ്റ്റ് മോഡലിന്റെ യഥാർത്ഥ ഡിസൈനും സ്റ്റൈലിംഗും നിലനിർത്തും. ടാറ്റ കർവ്വ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും കൂടുതൽ ഫീച്ചർ ലോഡഡ് മോഡലുകളിൽ ഒന്നായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയ്‌ക്കൊപ്പമാവും പുതിയ എസ്‌യുവി കൂപ്പെ മത്സരിക്കുക.

ടാറ്റ മോട്ടോർസ് കർവ്വ് എസ്‌യുവി കൂപ്പെയുടെ ഇന്റീരിയറിനും പേറ്റന്റ് നേടിയിട്ടുണ്ട്, ഇത് വളരെ രസകരമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ അല്ലെങ്കിൽ HUD ലഭിക്കുന്ന ആദ്യത്തെ ടാറ്റ മോഡൽ കർവ്വ് എസ്‌യുവി കൂപ്പെ ആയിരിക്കുമെന്ന് ഈ പേറ്റന്റ് ചിത്രങ്ങൾ കാണിക്കുന്നു. കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയുൾപ്പെടെ കർവ്വിന്റെ നേരിട്ടുള്ള എതിരാളികൾക്ക് ഇതിനകം തന്നെ HUD സജ്ജീകരണമുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഹെഡ്സ്-അപ്പ് ഡിസ്പ്ലേ അല്ലെങ്കിൽ HUD യൂണിറ്റ് ഡിസൈൻ പേറ്റന്റിൽ വ്യക്തമായി നമുക്ക് കാണാം. കർവ്വിന്റെ സ്റ്റിയറിംഗ് വീലിന് തൊട്ടുപിന്നിലാണ് HUD സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. ഈ മോഡലിന് ഒരു റിഫ്ലക്ഷൻ അടിസ്ഥാനമാക്കിയുള്ള ഹെഡ്സ്-അപ്പ് ഡിസ്പ്ലേ ഫീച്ചർ ചെയ്യാവുന്നതാണ്, നമുക്ക് ആവശ്യമായ പ്രധാന വിവരങ്ങൾ ഒരു ഗ്ലാസ് സ്ക്രീനിൽ ഈ യൂണിറ്റിൽ ഡിസ്പ്ലേ ചെയ്യും.

LED ലൈറ്റുകൾ അല്ലെങ്കിൽ ലേസർ യൂണിറ്റ് വഴി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പ്രൊജക്ഷൻ ബേസ്ഡ് HUD -യുമായി താരതമ്യപ്പെടുത്തുമ്പോൾ റിഫ്ലക്ഷൻ ബേസ്ഡ് HUD വളരെ ഇക്കണോമിക്കലായ ഒരു ഓപ്ഷനാണ്. ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ ഡ്രൈവർക്ക് തന്റെ കണ്ണുകൾ റോഡിൽ നിന്ന് എടുക്കാതെ തന്നെ വാഹനത്തിന്റെ പ്രധാന വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്തുന്നു.
RPM, സ്പീഡ്, എയർ കണ്ടീഷനിംഗ് ഫംഗ്ഷൻ, ഫ്യുവൽ ഇക്കോണമി/ മൈലേജ്, സമയം, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ഡിസ്പ്ലേ കാണിക്കുന്നു. HUD കൂടാതെ, ടാറ്റ കർവ്വിന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ADAS സാങ്കേതികവിദ്യയും ലഭിക്കും എന്നും പേറ്റന്റ് രേഖ വ്യക്തമാക്കുന്നു.

അതോടൊപ്പം, ഈ പേറ്റന്റ് കർവ്വ് എസ്‌യുവി കൂപ്പെയുടെ ഇന്റീരിയറുകളുടെ മൊത്തത്തിലുള്ള ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു. വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റോട്ടറി ഡയൽ, കൺട്രോൾ സ്വിച്ച് ഗിയറുകൾ എന്നിവയ്‌ക്കൊപ്പം തികച്ചും വ്യത്യസ്തമായ സെന്റർ കൺസോൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ലേയേർഡ് ഡാഷ്‌ബോർഡ് ലേയൗട്ട് വാഹനത്തിന്റെ സവിശേഷതയാണ്.
ഹൈറ്റ് അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് ബെൽറ്റ് ഫംഗ്ഷനോടുകൂടിയാണ് വാഹനം വരുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, കർവ്വ് എസ്‌യുവി കൂപ്പെയ്ക്ക് പനോരമിക് സൺറൂഫ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കും.

കർവ്വ് തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിനിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യും, ഇത് സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി കൂപ്പെയുടെ ICE പതിപ്പിന് 125 PS മാക്സ് പവറും 225 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 170 PS പവറും 280 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇതിൽ വന്നേക്കാം. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് യൂണിറ്റും ഉൾപ്പെടും.


Click it and Unblock the Notifications








