തിരുമ്പി വന്തിട്ടേന്ന് സൊല്ല്! എലിവേറ്റിന്റെ വരവിൽ ക്ലച്ച് പിടിച്ച് ഹോണ്ട; വിൽപ്പനയിൽ 13% വർധന
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ കാര്യമായ വിൽപ്പനയോ പ്രകടനമോ കാഴ്ച്ചവെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ കൂടുതൽ ജനപ്രിയമായ എസ്‌യുവി സെഗ്മെന്റിൽ ബ്രാൻഡിന് ഒരു മോഡൽ ഉണ്ടായിരുന്നില്ല എന്നത് തന്നെയായിരുന്നു ഈ അവസ്ഥയുടെ ഒരു പ്രധാന കാരണം.
എന്നാൽ അടുത്തിടെ ഹോണ്ട മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ പുതിയ എലിവേറ്റിനെ അവതരിപ്പിച്ചുകൊണ്ട് ഈ കുറവ് നികത്താൻ തീരുമാനിച്ചു. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഹോണ്ട ഇന്ത്യയിൽ ഒരു പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്. വളരെ കോംപറ്റീറ്റീവായ വിലയ്ക്ക് എത്തിയ വാഹനം അതിന്റെ മികവ് തെളിയിച്ചു എന്ന് തന്നെ പറയാം.

2023 സെപ്റ്റംബറിൽ ഹോണ്ട കാർസ് ഇന്ത്യയുടെ പ്രതിമാസ (MoM) ആഭ്യന്തര വിൽപ്പന 9,861 യൂണിറ്റ് രേഖപ്പെടുത്തി, വാർഷിക (YoY) വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് ഇത് മൂലം ബ്രാൻഡിന് ഉണ്ടായത്. കഴിഞ്ഞ മാസം 1,310 യൂണിറ്റുകളോളം കമ്പനി കയറ്റുമതിയും ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബറിലെ കണക്ക് പ്രകാരം കമ്പനി ആഭ്യന്തര വിപണിയിൽ 8,714 യൂണിറ്റുകൾ വിൽക്കുകയും 2,333 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് രാജ്യത്തെ ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം. പുതിയ എലിവേറ്റിന് വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള പുതിയ എലിവേറ്റ്, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മിഡ് സൈസ് എസ്‌യുവികളിൽ ഒന്നാണ്. എലിവേറ്റ് എസ്‌യുവിയുടെ ഡെലിവറി 2023 സെപ്റ്റംബർ മുതൽ തന്നെ ഹോണ്ട ആരംഭിച്ചു.

ഹോണ്ട എലിവേറ്റിന്റെ ലോഞ്ചിംഗിലൂടെ ഹോണ്ട കാർസ് ഇന്ത്യ ഒരു ആവേശകരമായ ഘട്ടത്തിലാണ് എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് ഡയറക്ടർ ശ്രീ യുചി മുറാത പറഞ്ഞു. പുതിയ എസ്‌യുവി ഒരു മുൻനിരക്കാരനായി ഉയർന്നുവരുകയും ഈ ഉത്സവ സീസണിലെ വിൽപ്പന കുതിപ്പിന് കാര്യമായ ബൂസ്റ്റ് നൽകുകയും ചെയ്യുന്നു. അതോടൊപ്പം ഹോണ്ട സിറ്റിയും അമേസും അതത് സെഗ്‌മെന്റുകളിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നത് തുടരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്സവ സീസണിന്റെ തുടക്കത്തിൽ വാഹന വ്യവസായത്തിന് ശക്തമായ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്നും യുചി മുറാത വ്യക്തമാക്കി. ഈ വർഷത്തെ എക്സ്റ്റെന്റഡ് ഉത്സവ കാലയളവിൽ, ഈ ആക്കം തുടരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും, ഇത് ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വളരെ പ്രോത്സാഹജനകമാണ് എന്നും അദ്ദേഹം പറയുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെയാണ് പുതിയ ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്. മാനുവൽ, CVT ഓപ്ഷനുകളുള്ള ഒറ്റ 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനിൽ മാത്രമേ ഇത് ലഭ്യമാവൂ. കോംപറ്റീഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പല കാര്യങ്ങളിലും എലിവേറ്റ് ഒരല്പം പിന്നിലാണെങ്കിലും വാഹനത്തിന്റെ അഗ്രസ്സീവ് വില നിർണ്ണയം കൊണ്ട് ഹോണ്ട ജനഹൃദയങ്ങൾ കൈയ്യടക്കി എന്ന് വേണം പറയാൻ.
സിറ്റി സെഡാൻ, സിറ്റി ഹൈബ്രിഡ്, അമേസ്, എലവേറ്റ് എന്നിവയാണ് കമ്പനി നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന മോഡലുകൾ. സിറ്റിയുടെ ഡീസൽ പതിപ്പുകൾ നിർമ്മാതാക്കൾ നിർത്തലാക്കി എങ്കിലും e;HEV മോഡലുകൾക്ക് ഈ വിടവ് നികത്തി എന്ന് പറയാം. ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് ഒപ്പം മികവുറ്റ മൈലേജ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണ്ട അമേസും അതിന്റെ സെഗ്മെന്റിൽ മാന്യമായ വിൽപ്പന കണക്കുകൾ കൈവരിക്കുന്നുണ്ട്. നിലവിൽ മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ എന്നിവയാണ് കോംപാക്ട് സെഡാൻ മോഡലായ അമേസിന്റെ പ്രധാന എതിരാളികൾ. ഡിസയറിന് ഉടനടി ഒരു അപ്പ്ഡേറ്റ് നൽകാനായി മാരുതി തയ്യാറെടുക്കുകയാണ് അതിനാൽ തന്നെ അമേസിനെ ഹോണ്ട ഒന്ന് മോടി പിടിപ്പിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications