ADAS ഉള്ള ഏറ്റവും വില കുറഞ്ഞ കാര്‍; സെഡാന്‍ സെഗ്‌മെന്റ് ഇനി ഈ ജനപ്രിയന്‍ വാഴും
ഹോണ്ട സിറ്റി സെഡാനെ മുഖംമിനുക്കി കുട്ടപ്പനാക്കി വിപണിയില്‍ എത്തിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ വര്‍ഷത്തിന് ഗംഭീര തുടക്കമാണിട്ടത്. 25 വര്‍ഷമായി ഇന്ത്യയില്‍ പഴറ്റിത്തെളിഞ്ഞ ഹോണ്ട സെഡാന്‍ സെഗ്‌മെന്റിലെ ശക്തമായ സാന്നിധ്യമാണ്. ഇന്ത്യയിലെ ജനപ്രിയ കാര്‍ ഫീച്ചറുകളില്‍ ഒന്നാണ് ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം).
ADAS ഉള്‍ക്കൊള്ളിച്ചെത്തുന്ന സിറ്റിയിലൂടെ മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലെ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഹോണ്ട ഫെയ്‌സ്‌ലിഫ്റ്റിന്റെ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പിലാണ് കമ്പനി ADAS സെന്‍സിംഗ് സ്യൂട്ട് പുതുതായി വാഗ്ദാനം ചെയ്യുന്നത്. ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുകളില്‍ ADAS നേരത്തെ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിന്റെ V ട്രിമ്മില്‍ ഇപ്പോള്‍ ADAS ലഭ്യമാണ്.

ഇത് സെഡാന്റെ സെക്കന്‍ഡ് ബേസ് മോഡലാണ്. ഇതോടെ ഹോണ്ടി സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ V ട്രിം ADAS സുരക്ഷയുമായി എത്തുന്ന ഏറ്റവും താങ്ങാനാവുന്ന കാറായി മാറി. ഇതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഇതിന് മുമ്പ് ADAS സജ്ജീകരണവുമായി എത്തുന്ന ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാര്‍ എന്ന ഖ്യാതി MG ആസ്റ്റര്‍ സാവി ട്രിമ്മിനായിരുന്നു.
നിലവില്‍ ആസ്റ്റര്‍ സാവി ട്രിമ്മിന് 16.79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഹോണ്ട സിറ്റി ഫെയസ്‌സ്‌ലിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സെഡാന്റെ V ട്രിം മാനുവല്‍ വേരിയന്റിന് 12.37 ലക്ഷം രൂപയും CVT-ക്ക് 13.62 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ചുരുക്കിപ്പറഞ്ഞാല്‍ വില വ്യത്യാസം 4.42 ലക്ഷം രൂപ. സംഗതി അടിപൊളിയല്ലേ. ഇതോടെ ADAS സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാറുന്നു.

എന്തായാലും ഈ മാസം തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന പുതുതലമുറ ഹ്യുണ്ടായി വെര്‍ണയുടെ വില നിര്‍ണയം കൂടി കഴിഞ്ഞാല്‍ മാത്രമേ ഇത് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ. പുത്തന്‍ ഡിസൈനും ഫീച്ചറുകളും ADAS സേഫ്റ്റിയുമായി എത്തുന്ന വെര്‍ണയുടെ വിലയില്‍ ഹ്യുണ്ടായി ഞെട്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി സംസാരം. ടോപ്പ്-സ്‌പെക്ക് ZX ട്രിം പ്രത്യേകമായി നിലനിര്‍ത്താന്‍ ഹോണ്ട സൂക്ഷ്മമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മുന്‍വശത്ത്, V ട്രിമ്മിന് ഹെഡ്ലൈറ്റുകള്‍ക്കും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുമായി ഹാലൊജന്‍ ബള്‍ബുകളുള്ള ഒരു പ്രൊജക്ടര്‍ യൂണിറ്റ് ലഭിക്കുന്നു. ലോവര്‍ ബമ്പര്‍ അല്‍പ്പം വ്യത്യസ്തമാണ്. ടോപ് വേരിയന്റില്‍ കാണുന്ന പോലെ വിംഗ്ലെറ്റ്-ടൈപ്പ് എലമെന്റുകള്‍ കാണാനാകില്ല. ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ZX വേരിയന്റിന് മെഷ് ഗ്രില്ലുകള്‍ ലഭിക്കുമ്പോള്‍ തിരശ്ചീനമായി സ്പ്ലിറ്റ് എലമെന്റുകളാണ് V ട്രിമ്മിന് ലഭിക്കുന്നത്. എന്നാല്‍ മുന്‍തലമുറ മോഡലില്‍ നിന്ന ഇവ വ്യത്യസ്തവുമാണ്.
സ്പോര്‍ട്ടി ലുക്ക് ലഭിക്കുന്നതിനായി മുന്‍വശത്തെ ക്രോം സ്ലാറ്റ് ഇപ്പോള്‍ ചെറുതാക്കിയിരിക്കുന്നു. ഹോണ്ട സിറ്റി ZX-ന്റെ മെഷ് പാറ്റേണിനേക്കാള്‍ V ട്രിമ്മില്‍ കാണുന്ന ഗ്രില്‍ ആണ് കാഴ്ചക്ക് ഒന്ന് കൂടി നല്ലതെന്ന് തോന്നുന്നു. കീലെസ് എന്‍ട്രി, റിക്വസ്റ്റ് സെന്‍സറുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സെന്‍സിംഗ് സ്യൂട്ട്, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു.
ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മിനെ അപേക്ഷിച്ച് ഹോണ്ട സിറ്റി ഫെയ്‌സലിഫ്റ്റിന്റെ V ട്രിമ്മില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ബ്ലിങ്കറുകള്‍, ഇടത് ORVM-ന് താഴെയുള്ള ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഫ്രെയിംലെസ്് IRVM, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, സോഫ്റ്റ്-ടച്ച് ഡാഷ്ബോര്‍ഡ് എലമെന്റ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവ കാണാനാകില്ല. മുന്‍ഗാമിയില്‍ നിന്നുള്ള 1.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഫെയ്‌സലിഫ്റ്റ് സിറ്റിക്കും തുടിപ്പേകുന്നത്.

എന്നാല്‍ പുതിയ എഞ്ചിന്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) , E20 (20% എഥനോള്‍) എന്നിവയ്ക്ക് അനുസൃതമായി ഒരുക്കിയിരിക്കുന്നതാണ്. ഹോണ്ടി സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ 118 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് MT, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. 12.37 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് V ട്രിമ്മിന്റെ വില ആരംഭിക്കുന്നത്.
പുതിയ ഹോണ്ട സിറ്റിയുടെ വിലകള്‍ നോക്കിയാല്‍ SV വേരിയന്റിന് 11.49 ലക്ഷം രൂപയാണ് വില. VX-ന് 13.49 ലക്ഷം രൂപയും ZX വേരിയന്റിന് 14.72 ലക്ഷം രൂപയുമാണ് വില വരുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഹോണ്ട സിറ്റി e:HEV മോഡല്‍ 18.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. ലിറ്ററിന് 26 കിലോമീറ്ററാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്ന മൈലേജ്.


Click it and Unblock the Notifications








