'ക്രെറ്റ' പ്ലീസ് സ്റ്റെപ്പ് ബാക്ക്; ബേസിൽ പോലും കീലെസ് എൻട്രി തുടങ്ങി നിരവധി ഫീച്ചറുകളുമായി എലിവേറ്റ്
മോഡൽ നിരയിൽ വെറും രണ്ട് സെഡാനുകൾ മാത്രമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) -ന് എസ്‌യുവി മോഡലുകൾ വളരെ ആവശ്യമായിരുന്നു. മോഡൽ നിരയിലെ ഈ ശൂന്യത നികത്താൻ, കോംപാക്ട് എസ്‌യുവികളുടെ വളരെ കോംപറ്റീറ്റീവായ സെഗ്‌മെന്റിലേക്ക് ഹോണ്ട എലിവേറ്റുമായി പ്രവേശിച്ചിരിക്കുകയാണ്. ഇത് ബ്രാൻഡിന് ഇന്ത്യയ്‌ക്കായുള്ള വളരെ നിർണ്ണായക മോഡലാണ്.
സെപ്‌റ്റംബർ 4-ന് അതായത് ഇന്ന് ഹോണ്ട ഔദ്യോഗികമായി ഈ വാഹനം ലോഞ്ച് ചെയ്യും. വേരിയന്റ് തിരിച്ചുള്ള മത്സരാധിഷ്ടിത വിലനിർണ്ണയം എലിവേറ്റിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കും. എന്നാൽ ലോഞ്ചിന് മുന്നോടിയായി, പുതിയ ഹോണ്ട എലിവേറ്റ് ബേസ് വേരിയന്റിന്റെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

അടിസ്ഥാന മോഡലിൽ ജാപ്പനീസ് നിർമ്മാതാക്കൾ എന്തെല്ലാം നൽകുന്നു എന്ന് നമുക്ക് നോക്കാം. വീൽ കവറുകൾ, ഫോഗ് ലൈറ്റുകൾ, റിയർ ഡീഫോഗർ, റിയർ വാഷർ, വൈപ്പർ എന്നിവ എലിവേറ്റ് SV വേരിയന്റിന് നഷ്ടമായിരിക്കുന്നതായി നമുക്ക് ആദ്യം തന്നെ മനസിലാക്കാം. ടോപ്പ് വേരിയന്റുകളിൽ കാണുന്ന ബ്ലാക്ക് ഷെയ്ഡിന് പകരം ബോഡി കളറുള്ള പില്ലറുകളാണ് ബേസ് മോഡലിമുന് ലഭിക്കുന്നത്.
നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ ലോവർ-സെഗ്മെന്റ് മോഡലുൾ അടിസ്ഥാന മോഡലിൽ നിന്ന് തന്നെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി റിയർ വാഷറും വൈപ്പറും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, അടിസ്ഥാന SV ട്രിമ്മിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ടെയിൽ ലൈറ്റുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നൽകുന്നതിന് ഹോണ്ടയെ അഭിനന്ദിക്കേണ്ടതുണ്ട്. കീലെസ് എൻട്രിയും പുഷ്-ബട്ടൺ സ്റ്റാർട്ടും അടിസ്ഥാന SV വേരിയന്റ് മുതലുള്ള സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്.

ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, റിയർ എസി വെന്റുകൾ, ഫോർ ഡോർ പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ എന്നിവ മറ്റ് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളിൽ ഉൾപ്പെടുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ ഉണ്ടെങ്കിലും, SV വേരിയന്റുകളിൽ ഒരു ഇൻഫോടെയിൻമെന്റ് സിസ്റ്റം ഹോണ്ട വാഗ്ദാനം ചെയ്യുന്നില്ല. ORVM -കൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്, പക്ഷേ അവ ഇലക്ട്രിക്കലി ഫോൾഡബിൾ അല്ല, ഇത് ബേസ് വേരിയന്റിന്റെ കാര്യത്തിൽ സ്വീകാര്യമാണ്.
ബ്രിയോ ഉൾപ്പെടെയുള്ള മുൻകാല ഹോണ്ട മോഡലുകളുടെ അതേ വിൻഡോ സ്വിച്ചുകളും ORVM കൺട്രോളുകളും എലിവേറ്റിന് ലഭിക്കുന്നു. എല്ലാ ഡോറുകളിലും ബോട്ടിൽ ഹോൾഡറുകളും ഉണ്ട്, എല്ലാ സീറ്റുകൾക്കും അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകളും ലഭിക്കുന്നു, കൂടാതെ മാന്യമായ വലിപ്പത്തിലുള്ള ഗ്ലൗ ബോക്സും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

വളരെ മികവുറ്റ ക്രമീകരണം കാരണം ഇന്റീരിയർ സ്‌പെയ്‌സിന്റെ കാര്യത്തിൽ ഒരു നോ നോൺസെൻസ് എസ്‌യുവികളിലൊന്നാക്കി എലിവേറ്റ് മാറുന്നു. ബോക്‌സി, സ്‌ക്വയർ-ഓഫ് ശൈലി നന്നായി കാണപ്പെടുന്നു. ബേസ് എസ്‌വിക്ക് 16 ഇഞ്ച് സ്റ്റീൽ വീലുകളാണ് വരുന്നത്. സെഗ്മെന്റിൽ ഏറ്റവും ഉയർന്ന 220 mm ഗ്രൗണ്ട് ക്ലിയറൻസ് ആണ് വാഹനത്തിൽ വരുന്നത്. 458 ലിറ്റർ ബൂട്ട് സ്പേസും ഹോണ്ട ഇതിൽ നൽകുന്നുണ്ട്.
സിറ്റിയിൽ നിന്നും കടംകൊണ്ട അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന്റെ ഹൃദയം. ഈ പവർട്രെയിൻ 119 bhp മാക്സ് പവറും 145 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഒരു CVT -യും ഉൾപ്പെടുന്നു. മാനുവൽ പതിപ്പ് ലിറ്ററിന് 15 കിലോമീറ്ററും CVT ലിറ്ററിന് 16 കിലോമീർ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്.

സെഗ്മെന്റ് ലീഡർ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, വരാനിരിക്കുന്ന സിട്രൺ C3 എയർക്രോസ് എന്നിവയ്‌ക്ക് എതിരെയാണ് ഹോണ്ട മോഡൽ അങ്കത്തിന് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ കടുത്ത പോരാട്ടം നടക്കുന്ന ഈ സെഗ്മെന്റിൽ ഹോണ്ട എങ്ങനെ പിടിച്ചു നിൽക്കും എന്നത് കണ്ടറിയാം.


Click it and Unblock the Notifications








