സിറ്റിയേക്കാൾ ഒരു പടി മുന്നിൽ! ഫീച്ചർ റിച്ചായി എലിവേറ്റ് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് ജനപ്രീതി അനുദിനം വർധിച്ചു വരികയാണ്. അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ടയും ഇന്ത്യയ്ക്കായി പുത്തൻ തന്ത്രങ്ങൾ മെനയുകയാണ്. നിലവിലെ സെഡാൻ ഫോക്കസ്ഡ് അപ്പ്രോച്ചിന് പകരമായി എസ്‌യുവികളിലേക്ക് ശ്രദ്ധ തിരിക്കാനാണ് തീരുമാനം.
അതിന്റെ ഭാഗമായി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി ജൂൺ 6 -ന് ന്യൂഡൽഹിയിൽ അവതരിപ്പിക്കും. ഈ കലണ്ടർ വർഷത്തിന്റെ മൂന്നാം പാദത്തിൽ വാഹനം വിൽപ്പനയ്ക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അമേസും സിറ്റിയും മാത്രമാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകൾ എന്നതിനാൽ ബ്രാൻഡിന്റെ വിൽപ്പന വോളിയത്തിന്റെ കാര്യത്തിൽ ഫൈവ് സീറ്ററിന് വളരെയധികം പ്രാധാന്യമുണ്ട്.

അഞ്ചാം തലമുറ സിറ്റിയുമായി വരാനിരിക്കുന്ന ഹോണ്ട എലിവേറ്റിന് നിരവധി സാമ്യതകളുണ്ട് എന്നാണ് പറയപ്പെടുന്നത്. മിഡ് സൈസ് എസ്‌യുവിയുടെ ടെസ്റ്റ് മ്യൂളുകൾ ഇതിനകം നിരവധി തവണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന് മൊത്തത്തിൽ 4.2 - 4.3 മീറ്റർ നീളമുണ്ടെന്നാണ് കരുതുന്നത്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കൊപ്പം കടുത്ത കോംപറ്റീഷനുള്ള വിഭാഗത്തിൽ ഹോണ്ട എലിവേറ്റ് നേരിട്ട് മത്സരിക്കും.
കഴിഞ്ഞ വർഷം അവതരിപ്പിച്ച ഏറ്റവും പുതിയ CR-V, പുതിയ തലമുറ WR-V തുടങ്ങിയ നിർമ്മാതാക്കളുടെ മോഡൽ നിരയിലുള്ള പല എസ്‌യുവികളിൽ നിന്ന് ഹോണ്ട എലിവേറ്റ് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു. അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയാണ് വാഹനത്തിന് ലഭിക്കുന്നത്, അതോടൊപ്പം ഒരു ബോൾഡ് ഗ്രില്ല് സെക്ഷൻ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലാർ ബോണറ്റ് ലൈനുകൾ, സ്‌പോർട്ടി ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പ്രത്യേകിച്ചും CR-V -യ്ക്ക് സമാനമായി തോന്നുന്നു.
റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകളും സ്കൾപ്റ്റഡ് ടെയിൽഗേറ്റും അടങ്ങുന്ന WR-V -യോട് സാമ്യമുള്ളതാണ് എലിവേറ്റിന്റെ പിൻവശം. അഞ്ചാം തലമുറ സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമാണ് ഹോണ്ട എലിവേറ്റിനും അടിവരയിടുന്നത്. രാജ്യത്ത് പരീക്ഷിച്ച് തെളിഞ്ഞ 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാവും ഇതിനും കരുത്തേകുന്നത്. യൂണിറ്റ് 121 PS പരമാവധി പവറും 145 Nm പീക്ക് torque ഉം പുറപ്പെടുവിക്കും.

സിറ്റി സെഡാനിൽ വരുന്നതു പോലെ ട്രാസ്മിഷൻ ചോയിസുകളിൽ ഒരു ആറ് സ്പീഡ് മാനുവൽ ഗിയബോക്സോ അല്ലെങ്കിൽ ഒരു CVT യൂണിറ്റോ ഉണ്ടായിരിക്കാം. കൂടാതെ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ e:HEV സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ പിന്നീട് ലൈനപ്പിൽ ചേർന്നേക്കാനും സാധ്യതയുണ്ട്.
ഈ സജ്ജീകരണം സിറ്റി മിഡ്സൈസ് സെഡാനിൽ നിന്നും സോഴ്സ് ചെയ്യപ്പെടും. സിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, എലിവേറ്റിന് കൂടുതൽ പ്രീമിയം ഇന്റീരിയർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി വിലയും 11.5 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപയ്ക്കിടയിലായിരിക്കും.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷനുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ADAS ബേസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സ്യൂട്ട്, ആറ് എയർബാഗുകൾ, സേഫ്റ്റി ടെക്ക് എന്നിവ വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications