പുതിയ ഹോണ്ട എസ്‌യുവിക്ക് ഇത്രയും മൈലേജോ! ജനം ഷോറൂമിലേക്ക് ഒഴുകിയെത്തുന്നു
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മത്സരം കടുപ്പിക്കാന്‍ ഹോണ്ട എലിവേറ്റ് (Honda Elevate) എസ്‌യുവി അടുത്ത മാസം അവതരിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ പ്രമുഖ കാര്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം സാന്നിധ്യമുള്ള സെഗ്‌മെന്റില്‍ ഹോണ്ട കാലുവെക്കാന്‍ ഒരുങ്ങുന്നത് ചുമ്മാതങ്ങ് പോകാനല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ എസ്‌യുവിയുടെ വരവിനായി വാഹന ലോകം കാത്തിരിക്കുകയാണ്.
പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി എസ്‌യുവിയുടെ ടീസര്‍ കഴിഞ്ഞ ദിവസം ജാപ്പനീസ് കമ്പനി പുറത്തുവിട്ടിരുന്നു. അടുത്ത മാസം ആറാം തീയതിയാണ് കാര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഹോണ്ട എലിവേറ്റ് എസ്‌യുവിക്കായുള്ള ഓഫ്ലൈന്‍ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മൈലേജ് കണക്കുകളുടെ കാര്യത്തില്‍ ഹോണ്ട എലിവേറ്റ് എസ്‌യുവി ഞെട്ടിക്കാന്‍ സാധ്യതയുണ്ട്.

അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്ഫോമിലാണ് എലിവേറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. കമ്പനിയുടെ ഇക്കോ ഗ്ലോബല്‍ ഡിസൈന്‍ ലാഗ്വേജ് അനുസരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൂടാതെ HR-V, CR-V എന്നീ ഹോണ്ട എസ്യുവികളില്‍ നിന്ന് സ്‌റ്റൈലിംഗ് കടംകൊള്ളും. ഹോണ്ട എസ്‌യുവിയുടെ മെക്കാനിക്കല്‍ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പുതിയ ഹോണ്ട എസ്‌യുവി പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും ഓഫര്‍ ചെയ്യുകയെന്നാണ് അറിയാന്‍ കഴിയുന്നത്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഡീസല്‍ എഞ്ചിന് ഇപ്പോഴും മികച്ച ഡിമാന്‍ഡാണ്. ഹ്യുണ്ടായി ക്രെറ്റയുടെ വില്‍പ്പന അതിന് അടിവരയിടുന്നു. എങ്കിലും ഹോണ്ട എലിവേറ്റ് ഡീസല്‍ ഓപ്ഷനില്‍ ലഭ്യമാകാന്‍ സാധ്യതയില്ല. ഹോണ്ട സിറ്റിയുടെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഈ എസ്‌യുവിക്ക് കരുത്ത് പകരുക.

എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായിരിക്കും ലഭ്യമാകുക. സിറ്റി ഹൈബ്രിഡിന്റെ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും ഹോണ്ട എലിവേറ്റ് എസ്‌യുവിയില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ട്വിന്‍ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഈ പവര്‍ട്രെയിന്‍ 126 bhp പവറും 253 Nm ടോര്‍ക്കും വികസിപ്പിക്കും.
ലിറ്ററിന് 27.13 കിലോമീറ്റര്‍ വരെയാണ് സിറ്റി ഹൈബ്രിഡിന്റെ മൈലേജ്. സമാനമായ കണക്കുകളോ അല്ലെങ്കില്‍ ലിറ്ററിന് 25 കിലോമീറ്ററിന് മുകളിലോ ഇന്ധനക്ഷമത (Honda Elevate Mileage) പ്രതീക്ഷിക്കാം. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ C3 എയര്‍ക്രോസ്, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നീ വമ്പന്‍മാര്‍ക്കെതിരെയാകും ഹോണ്ട എലിവേറ്റിന്റെ പോരാട്ടം.

മേല്‍പ്പറഞ്ഞ മിഡ്‌സൈസ് എസ്‌യുവികളില്‍ ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും മാത്രമാണ് ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നത്. 116 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് സജ്ജീകരണമാണ് ഈ രണ്ട് എസ്‌യുവികളിലുമുള്ളത്. ഇന്ന് വിപണിയിലുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന എസ്‌യുവികളാണ് ഇവ. ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെയാണ് ഇരു എസ്‌യുവികളും വാഗ്ദാനം ചെയ്യുന്നത്.
അതായത് ഹൈബ്രിഡ് ഹൃദയവുമായി എലിവേറ്റ് വന്നാല്‍ മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഇരു എസ്‌യുവികള്‍ക്കും അത് വലിയ വെല്ലുവിളിയാകും. സ്‌ട്രോങ്ങ്-ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടാതെ സെഗ്മെന്റില്‍ എംജി ആസ്റ്ററില്‍ മാത്രം ലഭ്യമാകുന്ന ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഫീച്ചറും എലിവേറ്റ് എഎസ്‌യുവിയില്‍ ഉണ്ടായിരിക്കും. സിറ്റിക്ക് സമാനമായി, എലിവേറ്റിന്റെ മിക്ക വകഭേദങ്ങളിലും ADAS സാങ്കേതികവിദ്യ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലോ സ്പീഡ് ഫോളോ ഫംഗ്ഷന്‍, ലെയ്ന്‍ കീപ്പ്/ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍, ഓട്ടോമാറ്റിക് ഹൈ ബീം എന്നിവ നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളില്‍ ഉള്‍പ്പെടും. ഒരു പുതിയ ഇന്റീരിയറോടെയാണ് പുതിയ ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി എത്തുക.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രീമിയം ഓഡിയോ സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എലിവേറ്റ് എസ്‌യവിക്ക് ഒറ്റ പാളി സണ്‍റൂഫ് മാത്രമായിരിക്കും ലഭിക്കുകയെന്ന് ടീസര്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഹ്യുണ്ടായി ക്രെറ്റ ട്രെന്‍ഡാക്കിയ പനോരമിക് സണ്‍റൂഫ് എസ്‌യുവിക്ക് ലഭിക്കില്ല. ഏകദേശം 10 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് ഹോണ്ട എലിവേറ്റിന്റെ വില പ്രതീക്ഷിക്കുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് തുടക്കത്തില്‍ തന്നെ പുറത്തിറക്കിയേക്കില്ല. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ഹൈബ്രിഡ് എലിവേറ്റും ഹോണ്ട വിപണിയില്‍ എത്തിക്കും.


Click it and Unblock the Notifications








