എസ്‌യുവി സെഗ്മെന്റിനായി കച്ചകെട്ടി ഹോണ്ട; എലിവേറ്റിന്റെ മാനുവൽ, CVT വേരിയന്റുകൾ ഇങ്ങനെ
കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം, എലിവേറ്റിനെ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. അപ്പ്റൈറ്റ് ഓൾഡ്-സ്‌കൂൾ എസ്‌യുവി രൂപകല്പനയുള്ള ശക്തവും ബോൾഡുമായ റോഡ് സാന്നിധ്യമാണ് എലിവേറ്റിന്റെ പ്രധാന കരുത്ത്. സമീപ വർഷങ്ങളിൽ വെച്ച് ഹോണ്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ ലോഞ്ച് ആണ് ഈ പുത്തൻ എസ്‌യുവി എന്ന് പറയാം.
കമ്പനിയുടെ ഇന്ത്യൻ പ്രയാണത്തിൽ ഒരു വഴിത്തിരിവായി ഇത് അടയാളപ്പെടുത്തിയേക്കാം. ഇപ്പോൾ, മാനുവൽ, CVT ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഹോണ്ട ഇന്ത്യൻ വിപണിയിൽ എലിവേറ്റിനെ ഹോമോലോഗ് ചെയ്തിട്ടുണ്ട്. രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും 1,498 സിസി ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. ഹോണ്ട സിറ്റിയിൽ വരുന്ന അതേ യൂണിറ്റ് തന്നെയാണിത്.

ടൈപ്പ് അപ്രൂവൽ ഡോക്യുമെന്റുകളിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ, വാഹനം OBD II കംപ്ലയിന്റുമാണ്. എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന വേരിയ്നറുകളും ഇതേ രേഖയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കോംപാക്ട് എസ്‌യുവി സ്പെയ്സിൽ, നിലവിൽ ഹ്യുണ്ടായി ക്രെറ്റയാണ് മുൻപന്തിയിൽ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയാണ് മറ്റ് പ്രധാന മോഡലുകൾ.
സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന 220 mm ഗ്രൗണ്ട് ക്ലിയറൻസിനൊപ്പം ബോക്‌സിസ്റ്റ് ഡിസൈനും ഹോണ്ട എലിവേറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഇനി ഹോമോലോഗേഷൻ ഡോക്യുമെന്റുകളെക്കുറിച്ച് പറയുമ്പോൾ, എലവേറ്റിനൊപ്പം ഹോണ്ട അടിസ്ഥാനപരമായി നാല് വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ട്രിം ലെവലുകൾ V, SV, VX, ZX എന്നിവയാണ്.

ഈ നാല് ട്രിം ലെവലുകൾക്കൊപ്പം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. എന്നാൽ CVT ഗിയർബോക്‌സിന്റെ കാര്യം വരുമ്പോൾ, ചില കാരണങ്ങളാൽ SV വേരിയന്റിനെ നിർമ്മാതാക്കൾ ഒഴിവാക്കിയിരിക്കുന്നതായി നമുക്ക് കാണാം.
1.5 ലിറ്റർ NA ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 89 kW (120 bhp) പവർ പുറപ്പെടുവിക്കുന്നു. 4,300 rpm -ൽ 145 Nm ആണ് ഇതിൽ വരുന്ന torque ഔട്ട്പുട്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, CVT ഗിയർബോക്സ് ഓപ്ഷനുകളും വാഹനത്തിൽ വരും. ഇത് ബിഎസ് VI P2 എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നു, കൂടാതെ OBD II ഡയഗ്നോസ്റ്റിക്സ് ടൂളുകളും നിർമ്മാതാക്കൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

എലിവേറ്റ് എസ്‌യുവിയ്ക്ക് 4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm വീൽബേസും ലഭിക്കുന്നുണ്ട്. ട്രിം ലെവലുകളിലുടനീളമുള്ള എല്ലാ വേരിയന്റുകളിലും, CVT വേരിയന്റുകളിൽ 1,700 കിലോഗ്രാം, മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളിൽ 1,650 കിലോഗ്രാം എന്നിങ്ങനെ ഗ്രോസ് വെഹിക്കിൾ വെയിറ്റ് ഹോണ്ട നിലനിർത്തുന്നുണ്ട്.
ഫീച്ചർ പായ്ക്ക്ഡ് അല്ലാത്ത, എന്നാൽ മറ്റ് ആട്രിബ്യൂട്ടുകളിൽ അത് ഉൾക്കൊള്ളുന്ന നോ-നോൺസെൻസ് കോംപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്യാനാണ് ഹോണ്ട ശ്രമിക്കുന്നത്. കമാൻഡിംഗ് റോഡ് സാന്നിധ്യം, ബോക്‌സി & അപ്പ്റൈറ്റ് ഡിസൈൻ സവിശേഷത അതിന്റെ സെഗ്‌മെന്റിലെ മറ്റ് ക്രോസ്ഓവർ ടൈപ്പ് മോഡലുകളിൽ നിന്ന് വേറിട്ടു നിർത്തുന്നു. അകത്തളത്തിലേക്ക് കടന്നാൽ, നമുക്ക് ഭംഗിയുള്ളതും നന്നായി ക്രമീകരിച്ചിരിക്കുന്നതുമായ ഒരു ഇന്റീരിയർ കാണാനാവും.

ഈ സെഗ്മെന്റിലെ മിക്ക മോഡലുകളും നിലവിൽ വാഗ്ദാനം ചെയ്യുന്ന ഒരു പനോരമിക് സൺറൂഫ് ഇതിൽ ഇല്ല. എന്നാൽ ഹോണ്ടയ്ക്ക് വളരെ കോംപറ്റീറ്റീവായ ഒരു വില ഇതിന് നൽകാം. ഹോണ്ടയുടെ ക്യാമറ അധിഷ്‌ഠിത ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട് പാക്ക് എലിവേറ്റിന് ലഭിക്കും.
ഈ സിസ്റ്റം മിഡ് സ്പെക്ക് വേരിയന്റുകൾ മുതൽ ജാപ്പനീസ് നിർമ്മാതാക്കൾ ഓഫർ ചെയ്യും. സമീപകാല സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ഈ പാറ്റേണും കാണാനാവും. 2023 സെപ്തംബർ മുതൽ എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കും, ഭാവിയിൽ എലിവേറ്റിന്റെ ഫുൾ ഇലക്‌ട്രിക് വേർഷനും ഹോണ്ട വിപണിയിൽ എത്തിക്കും.


Click it and Unblock the Notifications