ഈ വിലകൊണ്ട് എലിവേറ്റ് മുന്നേറുമോ? ക്രെറ്റയും സെൽറ്റോസും അതിന് സമ്മതിക്കുമോ?
ഇന്ത്യൻ വിപണി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയുടെ വില ഹോണ്ട വെളിപ്പെടുത്തിയിരിക്കുകയാണ്. 11 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഹോണ്ട എലിവേറ്റിന് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റിന് 16 ലക്ഷം രൂപ വരെ വില ഉയരുന്നു.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, എംജി ആസ്റ്റർ, എന്നിവയ്‌ക്കൊപ്പം പുതിയ ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി മത്സരിക്കും. എലിവേറ്റ് ഒരു നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മറുവശത്ത്, മറ്റ് പ്രമുഖ എതിരാളികൾ ടർബോ പെട്രോൾ, ഡീസൽ, സ്ട്രോംഗ് ഹൈബ്രിഡ് ടെക് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനത്തിൽ, എലവേറ്റ്, ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര എന്നിവയുടെ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിൻ ഓപ്ഷനുകൾ തമ്മിലുള്ള വിലകൾ അടിസ്ഥാനമാക്കിയുള്ള താരതമ്യം നമുക്ക് നോക്കാം.
സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. ഈ എഞ്ചിന് 121 PS മാക്സ് പവറും 145 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ഏഴ് സ്റ്റെപ്പ് CVT -യും ഉൾപ്പെടുന്നു.

മറുവശത്ത്, സെൽറ്റോസിനും ക്രെറ്റയ്ക്കും 115 PS മാക്സ് പവറും 145 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയുടെ ഗിയർബോക്‌സ് ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും CVT -യും ഉൾപ്പെടുന്നു. അതുപോലെ, ഗ്രാൻഡ് വിറ്റാര 103 PS പവറും 137 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്.
ഈ എഞ്ചിന് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, ഇത് മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നു. വാഹനത്തിന് ആറ് സ്പീഡ് മാനുവലും torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നു. എസ്‌യുവി SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

ബേസ് മോഡൽ SV പതിപ്പിൽ ഒഴികെ, മൂന്ന് വേരിയന്റുകളും മാനുവൽ, CVT ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട എലിവേറ്റ് മാനുവൽ പതിപ്പിന് 11 ലക്ഷം മുതൽ 14.90 ലക്ഷം രൂപ വരെയാണ് വില വരുന്നത്, അതേസമയം CVT പതിപ്പിന് V വേരിയന്റിന് 13.21 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് ഓപ്ഷന് 16 ലക്ഷം രൂപയുമാണ് വില വരുന്നത്.
ഹ്യുണ്ടായി ക്രെറ്റ മാനുവൽ പതിപ്പിന് 10.87 ലക്ഷം മുതൽ 15.17 ലക്ഷം രൂപ വരെയാണ് വില. ഓട്ടോമാറ്റിക് പതിപ്പിന് 16.33 ലക്ഷം മുതൽ 17.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. സെൽറ്റോസ് ബേസ് പെട്രോൾ മാനുവലിന് 10.90 ലക്ഷം രൂപയും ടോപ്പ് എൻഡ് പെട്രോൾ മാനുവലിന്റെ വില 15.20 ലക്ഷം രൂപയുമാണ്. മറുവശത്ത്, ഓട്ടോമാറ്റിക് സെൽറ്റോസ് 16.20 ലക്ഷം രൂപ വിലയുള്ള ഒരൊറ്റ വേരിയന്റിലാണ് വരുന്നത്.
ഗ്രാൻഡ് വിറ്റാര മൈൽഡ്-ഹൈബ്രിഡ് പതിപ്പിന്റെ വില 10.70 ലക്ഷം രൂപ മുതൽ 17.07 ലക്ഷം രൂപ വരെയാണ്. ഓട്ടോമാറ്റിക് പതിപ്പ് 13.60 ലക്ഷം രൂപ മുതൽ 17.07 ലക്ഷം വരെ വിലയ്ക്ക് വരുന്നു. കോംപറ്റീറ്റീവ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയുടെ കാര്യത്തിൽ എലിവേറ്റിന് ന്യായമായ മേൽക്കൈയുണ്ട്. വിൽപ്പനയുടെ കാര്യത്തിൽ ഇത് എത്രത്തോളം സ്വാധീനം ചെലുത്തും എന്നറിയില്ല, എന്തിരുന്നാലും മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ മത്സരം നല്ല രീതിയിൽ മുറുകുമെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








