എലിവേറ്റ് Vs ക്രെറ്റ; എസ്‌യുവി സെഗ്‌മെന്റിന്റെ സിംഹാസനം ആര്‍ക്ക്?
2017-ന് ശേഷം ആദ്യമായി ഹോണ്ട ഒരു പുതിയ വാഹനം അവതരിപ്പിച്ചിരിക്കുകയാണ്. ഹോണ്ടയുടെ പുതിയ മിഡ്‌സൈസ് എസ്‌യുവിയാണ് ഇന്ന് മൂടുപടമഴിച്ചത്. ഹോണ്ട സിറ്റി, അമേസ് എന്നീ സെഡാന്‍ കാറുകള്‍ മാത്രം അണിനിരക്കുന്ന ജാപ്പനീസ് കാര്‍ ഭീമന്റെ പോര്‍ട്‌ഫോളിയോയിലെ മൂന്നാമത്തെ മോഡലാകുകയാണ് എലിവേറ്റ് എസ്‌യുവി.
മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ലീഡര്‍മാരായ ഹ്യുണ്ടായി ക്രെറ്റയുമായിട്ടാണ് എലിവേറ്റ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് എസ്‌യുവികളെയും ചെറുതായൊന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. അടുത്തിടെ മുഖംമിനുക്കി എത്തിയ സിറ്റി സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റ് എസ്‌യുവിയും പൂര്‍ത്തിയാക്കിയിരിക്കുന്നത്. എലിവേറ്റ് എസ്‌യുവിയുടെ വലിപ്പം നോക്കിയാല്‍ ഇതിന് 1790 mm വീതിയും 4312 mm നീളവും 1650 mm ഉയരവുമുണ്ട്.

2650 mm ആണ് മിഡ്‌സൈസ് എസ്‌യുവിയുടെ വീല്‍ബേസ് അളവ്. അതേസമയം 4300 mm നീളവും 1790 mm വീതിയും 1635 mm ഉയരവുമാണ് ക്രെറ്റയുടെ വലിപ്പം. 2610 mm ആണ് ക്രെറ്റയുടെ വീല്‍ബേസ്. കൂടാതെ, എലിവേറ്റിന് 458 ലിറ്റര്‍ ബൂട്ട് സ്‌പേസും 220 mm ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കുന്നു. ക്രെറ്റയ്ക്ക് 190 mm ഗ്രൗണ്ട് ക്ലിയറന്‍സും 433 ലിറ്റര്‍ ബൂട്ട് ശേഷിയുമുണ്ട്. കണക്കുകള്‍ നിരീക്ഷിക്കുമ്പോള്‍ എലിവേറ്റ് ക്രെറ്റയേക്കാള്‍ വലുതാണെന്ന് മനസ്സിലാക്കാം.
ഇനി രണ്ട് കാറുകളുടെയും പവര്‍ട്രെയിന്‍ വശങ്ങള്‍ നമുക്ക് താരതമ്യം ചെയ്യാം.
ഹോണ്ട എലിവേറ്റ് എസ്‌യുവി ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ള. 120 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് DOHC i-VTEC എഞ്ചിനാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ എലിവേറ്റിന്റെ ഹൈബ്രിഡ് വേരിയന്റും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫുള്‍ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് അവതരണ വേളയില്‍ ഹോണ്ട പ്രഖ്യാപിച്ചു. ഹ്യുണ്ടായി ക്രെറ്റയിലേക്ക് വന്നാല്‍ ഇതില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം ലഭ്യമാകും. 1.5 ലിറ്റര്‍ MPi പെട്രോള്‍ എഞ്ചിന്‍ 113.42 bhp പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
രണ്ടാമത്തെ 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിന്‍ 114.41 bhp കരുത്തും 250 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇണയാക്കിയിരിക്കുന്നു. ഒപ്പം 6-സ്പീഡ് ഓട്ടോമാറ്റിക്, IVT എന്നിവയും ഓഫറിലുണ്ട്. ഫീച്ചറുകള്‍ നോക്കുമ്പോള്‍ ഒരു പുതിയ 7 ഇഞ്ച് HD കളര്‍ TFT മീറ്ററായിരിക്കും എലിവേററ് എസ്‌യുവിയില്‍ ഉണ്ടായിരിക്കുക.

സ്പീഡോമീറ്റര്‍ മുതല്‍ ADAS ടെക് ഉള്‍പ്പെടെ അത് നിരവധി വിവരങ്ങള്‍ അത് പ്രദര്‍ശിപ്പിക്കും. കൊളീഷന്‍ മെറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റങ്ങള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവയടങ്ങുന്ന ADAS സവിശേഷതകള്‍ ടോപ് സ്‌പെക് വേരിയന്റുകളിലായിരിക്കും വാഗ്ദാനം ചെയ്യുക.
ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റായിരിക്കും എലിവേറ്റിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ക്കൊപ്പം റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ലഭിക്കുന്നു.
എന്നാല്‍ പനോരമിക് സണ്‍റൂഫിന് പകരം സിംഗിള്‍-പേന്‍ സണ്‍റൂഫ് ആയിരിക്കും എലിവേറ്റില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നതാണ് ഒരു പോരായ്മ. എന്നാല്‍ പനോരമിക് സണ്‍റൂഫിന്റെ സാന്നിധ്യം ക്രെറ്റയെ ഇവിടെ ഒരുപടി മുകളില്‍ നിര്‍ത്തുന്നു. ക്രെറ്റയുടെ ടോപ്പ്-സ്‌പെക്ക് നൈറ്റ് എഡിഷന്‍ മോഡലുകള്‍ക്കും SX, SX(O) വേരിയന്റുകളിലും പനോരമിക് സണ്‍റൂഫ് ഓഫര്‍ ചെയ്യുന്നു. എന്നാല്‍ ക്രെറ്റയില്‍ ADAS സേഫ്റ്റി ലഭിക്കുന്നില്ല.
8-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റിനൊപ്പം വെന്റിലേറ്റഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ക്രെറ്റയില്‍ വരുന്നുണ്ട്. ബേസ്-സ്‌പെക് ക്രെറ്റ വേരിയന്റുകള്‍ക്ക് ചെറിയ 8.0-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കും. അതേസമയം ടോപ്പ്-സ്‌പെക്ക് മോഡലുകള്‍ക്ക് വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് നല്‍കുന്നത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ഒടിഎ മാപ്പ് അപ്ഡേറ്റ് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയിലെ മറ്റ് ശ്രദ്ധേയ ഫീച്ചറുകള്‍.
ഇനി നോക്കാനുള്ളത് വില വിവരങ്ങളാണ്. ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും എലിവേറ്റ് എസ്‌യുവിയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ഉത്സവ സീസണിനോട് അനുബന്ധിച്ച് എസ്‌യുവിയുടെ വില പ്രഖ്യാപനം ഹോണ്ട നടത്തും. ഹ്യുണ്ടായി ക്രെറ്റയിലേക്ക് വന്നാല്‍ E, EX, S, S+, SX എക്‌സിക്യൂട്ടീവ്, SX, SX(O) എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ ക്രെറ്റ വാങ്ങാന്‍ സാധിക്കും.
10.87 ലക്ഷം രൂപയില്‍ തുടങ്ങി 19.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഏക എഞ്ചിന്‍ ഓപ്ഷനില്‍ വരുന്നതിനാല്‍ വിലയുടെ കാര്യത്തില്‍ ഹോണ്ട നീക്കുപോക്കുകള്‍ നടത്തിയാല്‍ സെഗ്‌മെന്റില്‍ തീപാറുന്ന പോരാട്ടത്തിന് എലിവേറ്റ് തിരികൊളുത്തും. കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയാണ് വിപണിയിലെ മറ്റ് എതിരാളികള്‍.


Click it and Unblock the Notifications








