3 കാറുകള്‍ കൂടി വെബ്‌സൈറ്റില്‍ നിന്ന് നീക്കി ഹോണ്ട; ആ 'വലിയ വീട്ടില്‍' ഒറ്റക്കായി സിറ്റിയും അമേസും
ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇതിനോടകം തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വ്യക്തമായി വേരൂന്നിയ ഒരു കാര്‍ ബ്രാന്‍ഡാണ് ഹോണ്ട. ജാപ്പനീസ് കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള നിരവധി ജനപ്രിയ കാറുകള്‍ ഇന്നും ഇന്ത്യന്‍ നിരത്തുകള്‍ക്ക് അലങ്കാരമാണ്. എന്നാല്‍ സമീപകാലത്തായി അത്ര സുഖകരമല്ല ഹോണ്ട കാര്‍സിന്റെ അവസ്ഥ.
കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഹോണ്ട കാര്‍സിന് കഷ്ടകാലമാണ്. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കൊപ്പം പഴക്കംചെന്ന ഉല്‍പ്പന്നങ്ങളും കൂടി ആയതോടെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഹോണ്ട പെടാപ്പാട് പെടുകയാണ്. ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന പ്രതാപം നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്നതിന്റെ നേര്‍ക്കാഴ്ചയാകുകയാണ് സമീപകാലത്തെ പല ഉദാഹരണങ്ങളും. ഇപ്പോള്‍ ഹോണ്ട കാര്‍സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ജാസ്, WR-V, നാലാം തലമുറ സിറ്റി എന്നിവ ഒഴിവാക്കി.

ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവ നിര്‍ത്തലാക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഈ മൂന്ന് മോഡലുകള്‍ കൂടി അപ്രത്യക്ഷമാകുന്നതോടെ ഹോണ്ട ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അമേസ്, അഞ്ചാം തലമുറ സിറ്റി എന്നീ മോഡലുകള്‍ മാത്രമാണ് വില്‍ക്കുന്നത്. കോവിഡിന് ശേഷം ഇന്ത്യന്‍ കാര്‍ വിപണി പുത്തന്‍ ഉന്‍മേഷത്തിലാണ്. മഹാമാരി തീര്‍ത്ത നഷ്ടങ്ങള്‍ റെക്കോഡ് വില്‍പ്പനയുടെ ബലത്തില്‍ നിര്‍മാതാക്കള്‍ തീര്‍ത്തുവരികയാണ്.
പല വിദേശ കാര്‍ നിര്‍മ്മാതാക്കളും ഇന്ത്യയില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പന നേടിയ വര്‍ഷമാണ് കടന്ന് പോയത്. എന്നാല്‍ മറുവശത്ത് ഹോണ്ടയുടെ കാര്യം വിപരീതമാണ്. ഏതാനും നാള്‍ മുമ്പ് വരെ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ ഹോണ്ടയുടെ മുന്‍നിര മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ഹോണ്ട ഇന്ത്യയില്‍ നിന്ന് മികച്ച വില്‍പ്പനയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ മാന്യമായ വില്‍പ്പന നേടാന്‍ കമ്പനി കഷ്ട്ടപ്പെടുകയാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫലം കൊയ്യുന്നതിനായി രാജ്യത്തെ ഉപഭോക്താക്കളുടെ അഭിരുചികള്‍ മനസ്സിലാക്കി അതിനൊത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മറ്റ് കമ്പനികള്‍. അതേസമയം ഇക്കാര്യത്തില്‍ ഹോണ്ട ഒന്നും ചെയ്യുന്നില്ല. ഇന്ത്യന്‍ വിപണി ലക്ഷ്യം കണ്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് പോയിട്ട് ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ തന്നെ ഹോണ്ടക്ക് സാധിക്കുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നു.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒമ്പത് കാറുകളാണ് ഹോണ്ട നിര്‍ത്തലാക്കിയത്. ഒരു രാജ്യന്തര കാര്‍ നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ വളരെ ഉയര്‍ന്നതാണ്. ഒരു ബ്രാന്‍ഡ് വിപണിയില്‍ നിന്ന് ഒരുപിടി മോഡലുകള്‍ പിന്‍വലിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അവര്‍ ശരിയായ പാതയിലല്ലെന്നാണ് കരുതേണ്ടത്. ഹോണ്ട കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പിന്‍വലിച്ച മോഡലുകള്‍ ഏതെല്ലാമെന്ന് നോക്കിയാല്‍ 2017-ല്‍ അവര്‍ ബ്രിയോയും മൊബിലിയോയും നിര്‍ത്തലാക്കി.

പിന്നീട് 2020-ല്‍ അക്കോര്‍ഡ്, സിവിക്, CR-V, BR-V, ജാസ് ഡീസല്‍ എന്നിവ നിര്‍ത്തലാക്കി. ഇപ്പോള്‍ WR-V, ജാസ്, നാലാം തലമുറ സിറ്റി എന്നിവ കൂടി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. കാറുകള്‍ പിന്‍വലിച്ചെങ്കിലും ഹോണ്ടയുടെ മനസ്സില്‍ ചില പദ്ധതികള്‍ ഉണ്ടെന്നാണ് തോന്നുന്നത്. സിറ്റിയുടേയും അമേസിന്റെയും ബലത്തില്‍ ഇതുവരെ പിടിച്ചു നിന്ന ഹോണ്ട സുപ്രധാന തീരുമാനങ്ങളുമായി ഈ വര്‍ഷം കളംനിറയുമെന്നാണ് തോന്നുന്നത്.
ഹോണ്ടക്ക് നിലവില്‍ പ്രാതിനിധ്യമില്ലാത്ത സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) സെഗ്‌മെന്റില്‍ അവര്‍ പുതിയ പോരാളിയെ ഇറക്കാന്‍ പോകുകയാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവ അരങ്ങ്‌വാഴുന്ന കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഹോണ്ട പുത്തന്‍ മോഡലിനെ ഉടന്‍ അവതരിപ്പിക്കും. വരുന്ന ജൂണില്‍ ഹോണ്ടയുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തും. ഇതിന്റെ അനൗദ്യോഗിക ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്.
പുതിയ ഹോണ്ട എസ്‌യുവിയെ 'ദി എലിവേറ്റ്' എന്ന് വിളിക്കുമെന്നാണ് സൂചന. നിലവില്‍ പുതിയ ഹോണ്ട എസ്‌യുവിയുടെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ മോഡലിന്റെ നിര്‍മാണം. ഇന്ത്യയില്‍ രാജസ്ഥാനിലെ തപുകര ആസ്ഥാനമായുള്ള ഹോണ്ട പ്ലാന്റിലാകും പുതിയ എസ്‌യുവി നിര്‍മ്മിക്കുക. 2023 ഏപ്രില്‍ മുതല്‍ ഉത്പാദന ശേഷി പ്രതിദിനം 540 യൂണിറ്റില്‍ നിന്ന് 660 യൂണിറ്റായി ഉയര്‍ത്താനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ എസ്‌യുവി വിദേശ വിപണികളിലുള്ള CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്‌റ്റൈലിംഗോടെയാവും എത്തുക. ജനുവരിയിലെ ജാപ്പനീസ് ബ്രാന്‍ഡ് പുറത്തുവിട്ട എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മോഡലിന്റെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിലെ ഒട്ടുമിക്ക് ഫീച്ചറുകളും ഇതില്‍ സജ്ജീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
2023 സിറ്റി സെഡാനില്‍ അവതരിപ്പിച്ച ADAS സേഫ്റ്റി ഫീച്ചറും എസ്‌യുവിക്ക് സുരക്ഷയേകും. എഞ്ചിനും സിറ്റിയില്‍ നിന്ന് കടംകൊള്ളുമെന്നാണ് സൂചന. 1.5 ലിറ്റര്‍ iVTEC പെട്രോളും ഹൈബ്രിഡ് ടെക്കുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനുമായിരിക്കും ഹോണ്ടയുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകുക.
12 ലക്ഷം രൂപ മുതല്‍ 19 ലക്ഷം രൂപ രരെയാകും പുതിയ ഹോണ്ട എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഹോണ്ടയുടെ ഭാവി അവര്‍ പുറത്തിറക്കാന്‍ പോകുന്ന ഭാവി ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചിരിക്കും. വരാനിരിക്കുന്ന ഈ പുതിയ എസ്‌യുവി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. അതല്ലെങ്കില്‍ ഹോണ്ട തങ്ങളുടെ തന്ത്രങ്ങള്‍ മൊത്തത്തില്‍ പൊളിച്ചടുക്കി മാറ്റിപ്പണിയേണ്ടി വരും.


Click it and Unblock the Notifications