ഈ ഹോണ്ട വാൻ ഉണ്ടെങ്കിൽ വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ വേണ്ട! എങ്ങനയെന്ന് പറഞ്ഞുതരാം...
വെറും രണ്ട് മോഡലുകളുടെ മാത്രം ബലത്തില്‍ ഇന്ത്യയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്ന ഹോണ്ട ഉടന്‍ ഇന്ത്യയിലെ കച്ചോടം പൂട്ടുമെന്ന് അടക്കം പറഞ്ഞവര്‍ നിരവധിയായിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് ഹോണ്ട മുഖമടച്ച് കൊടുത്ത മറുപടിയാണ് എലിവേറ്റ് എസ്‌യുവി. പുത്തന്‍ മിഡ്‌സൈസ് എസ്‌യുവിയുടെ വരവ് വില്‍പ്പനയിലും പ്രതിഫലിക്കുന്നുണ്ട്.
അടുത്ത ഏതാനും വര്‍ഷത്തേക്കുള്ള പദ്ധതിയുമായി കൃത്യമായ റൂട്ടിലാണ് ഹോണ്ട നീങ്ങുന്നത്. അധികം വൈകാതെ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഹോണ്ട പുറത്തിറക്കാന്‍ പോകുകയാണ്. ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലെങ്കിലും ഇവി വിപണിയില്‍ ഇതിനോടകം തന്നെ e എന്നൊരു കുഞ്ഞന്‍ ഹാച്ച്ബാക്കിനെ പുറത്തിറക്കി വിദേശ വിപണികളില്‍ ഹോണ്ട ഇതിനോടകം തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്.

ഇതിനിടെ തങ്ങളുടെ ഇലക്ട്രിക് പ്ലാനിലെ ഒരു സുപ്രധാന മോഡലായ ഹോണ്ട N-വാന്‍ ഇയെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍. നിങ്ങളുടെ വീടിന് ഊര്‍ജം പകരാന്‍ ഈ ഇലക്ട്രിക് വാനിന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല 210 കിലോമീറ്റര്‍ ആണ് ഈ ഇലക്ട്രിക് ട്രക്കിന്റെ ഡ്രൈവ് റേഞ്ച് അവകാശപ്പെടുന്നത്.
പാര്‍ക്ക് ചെയ്യുമ്പോള്‍ പോലും വീട്ടിലെ ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പവര്‍ നല്‍കാനുള്ള ശേഷി ഇവിക്കുണ്ടെന്നതാണ് ശ്രദ്ധേയം. ഹോണ്ട N-വാന്‍ ഇ വാഹനത്തിന്റെ വെഹിക്കിൾ ടു ഹോം ( V2H) കഴിവുകളാണ് ഇതിന് പ്രാപ്തമാക്കുന്നത്. വിവിധ വിപണിയില്‍ ഇതിനോടകം വില്‍പ്പനക്കെത്തിക്കുന്ന പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന N-വാനിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തന്‍ മോഡല്‍ പണി കഴിപ്പിക്കുന്നത്. N-വാനിനെ അടിസ്ഥാനപ്പെടുത്തി ഒരു പുതിയ ലൈറ്റ് കൊമേഴ്ഷ്യല്‍ ഇവി വികസിപ്പിക്കുന്നതായി കഴിഞ്ഞ ഡിസംബറില്‍ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

വാനിന്റെ ഇലക്ട്രിക് പതിപ്പ് ഐസിഇ മോഡലുമായി കാഴ്ചയില്‍ സമാനമായി കാണപ്പെടുമെങ്കിലും പവര്‍ട്രെയിന്‍ വ്യത്യാസപ്പെടുന്നു. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും ഇവിയുടെ ബമ്പര്‍ നിര്‍മിക്കുക. അകത്തളത്തിലെ സ്‌പെയ്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോണ്ട പുതിയ ഇവിയുടെ ബാറ്ററി പായ്ക്ക് ഫ്‌ലോര്‍ബെഡിനടിയില്‍ ഘടിപ്പിക്കാന്‍ ശ്രദ്ധിക്കും. കൂടാതെ ഡ്രൈവര്‍ സീറ്റ് ഒഴികെയുള്ള എല്ലാ സീറ്റുകളും 180 ഡിഗ്രിയില്‍ മടക്കി സൂക്ഷിക്കാം.
ഇതുവഴി കൂടുതല്‍ ചരക്കുകള്‍ക്ക് ഇടം നല്‍കാന്‍ സാധിക്കും. ചരക്കുകള്‍ എളുപ്പം കയറ്റാനും ഇറക്കാനുമുള്ള എളുപ്പത്തിനായി ഹോണ്ട വാഹനത്തിന്റെ പാസഞ്ചര്‍ സൈഡില്‍ കണ്ടുവരുന്ന സെന്റര്‍ പില്ലര്‍ ഒഴിവാക്കും. ഗാര്‍ഹിക ഉപകരണങ്ങള്‍ പവര്‍ ചെയ്യുന്നതിന് ഹോണ്ട ഇലക്ട്രിക് വാനിന് 1,500 വാട്ട് പവര്‍ ഔട്ട്പുട്ട് ഉണ്ടായിരിക്കും. ഇത് ഉപയോഗിക്കാനായി ഉപകരണങ്ങളും ഹോം അപ്ലയന്‍സസും എക്‌സ്‌റ്റേണല്‍ പോര്‍ട്ടിലേക്ക് പ്ലഗ് ഇന്‍ ചെയ്താല്‍ മതി.

വാഹന ഉടമയുടെ വീട്ടില്‍ വൈദ്യുതി മുടക്കമോ മറ്റ് പരമ്പരാഗത വൈദ്യുതി സ്രോതസ്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഇത് വളരെയേറെ ഉപകാരപ്രദമായി മാറും. ഇലക്ട്രിക് വാഹനത്തിന്റെ വില പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും. നിലവില്‍ ബാറ്ററി ഘടകങ്ങളും മറ്റും വിപുലമായ പരിശോധനക്ക് വിധേയമാക്കുകയാണ്. ഈ മാസം നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് പതിപ്പ് പ്രദര്‍ശിപ്പിക്കും.
ഒക്‌ടോബര്‍ 28 മുതലാണ് ജപ്പാന്‍ മൊബിലിറ്റി ഷോ ആരംഭിക്കുന്നത്. 1 ദശലക്ഷം യെന്‍ അല്ലെങ്കില്‍ 7000 ഡോളര്‍ ആണ് ഈ വാഹനത്തിന് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ ഇത് ഏകദേശം 5.58 ലക്ഷം രൂപ വരും. അടുത്തതായി പ്രോലോഗ് എന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തെ വൈദ്യുതീകരിക്കാനും ഹോണ്ടക്ക് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം ആദ്യം ഡെലിവറി തുടങ്ങാനിരിക്കുന്ന പ്രോലോഗിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ഉടന്‍ ആരംഭിക്കും.
ഫ്രണ്ട്-വീല്‍ ഡ്രൈവ് അല്ലെങ്കില്‍ ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷന്‍ സെറ്റപ്പില്‍ വരുന്ന ഏകദേശം 500 കിലോമീറ്ററിന് അടുത്ത് റേഞ്ച് ഉണ്ടായിരിക്കുമെന്നതാണ് ഏവരേയും ആകര്‍ഷിക്കുന്നത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണമായതിനാല്‍ തന്നെ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവിക്ക് 288 bhp പവറില്‍ 451 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാകുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.
ബേസ് മോഡലില്‍ വരെ 11.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നീ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാകും ഇവി പുറത്തിറക്കുക. ഇന്ത്യയില്‍ എത്തിയാല്‍ ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി, BYD അറ്റോ 3 പോലുള്ള മോഡലുകള്‍ക്ക് ഇത് എതിരാളിയാകും.


Click it and Unblock the Notifications








