ഹോണ്ടയിൽ നിന്ന് ഇനിയൊരു സെഡാൻ ഇല്ല; പുത്തൻ തീരുമാനങ്ങൾ വെളിപ്പെടുത്തി ജാപ്പനീസ് ഭീമൻ
ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട മോട്ടോർ കാർസ് അടുത്തിടെ വളരെ ബോൾഡായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള തന്ത്രപരമായ മാറ്റത്തിൽ, ഹോണ്ട മോട്ടോർ കമ്പനി സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അതാതയ് എസ്‌യുവികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
ബ്രാൻഡ് ഇനിമുതൽ എസ്‌യുവികൾ മാത്രമേ രാജ്യത്ത് പുറത്തിറക്കുകയുള്ളൂ എന്നും ഇന്ത്യയിൽ പുതിയ സെഡാനുകളൊന്നും എത്തിക്കില്ലെന്നും ഹോണ്ട മോട്ടോർ കാർസിന്റെ സിഇഒ അറിയിച്ചു. ഇതുകൂടാതെ, കമ്പനി ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വരും വർഷങ്ങളിൽ ഇന്ത്യയിൽ ഏകദേശം അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌യുവികളിലും ഇലക്ട്രിക് വാഹനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കം 2030 -ഓടെ ഇന്ത്യൻ വിപണിയിൽ മൊത്തം അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ തന്ത്രവുമായി ഒത്തുപോകും എന്ന് കമ്പനി പറയുന്നു. രാജ്യത്ത് അതിവേഗം പുരോഗമിക്കുന്ന ഇവി സെഗ്മ്നറിൽ നേട്ടങ്ങൾ കൊയ്യാൻ ഇത് അനുവദിക്കും.
2030 -ഓടെ, എലിവേറ്റ് അധിഷ്‌ഠിത ഇവിയും മറ്റ് എസ്‌യുവികളുമായി അഞ്ച് മോഡലുകൾ കൂടി അവതരിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുന്നു എന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റ് തകുയ സുമുറ പറഞ്ഞു. വിപണിയിലുള്ള മറ്റ് മോഡലുകളുമായും, മറ്റ് കമ്പനികളുമായും മത്സരിക്കാനും വിജയിക്കാനും തങ്ങൾക്ക് കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ എസ്‌യുവികളിൽ ഒന്ന് ബ്രാൻഡിന്റെ പുതുതായി പുറത്തിറക്കിയതും വളരെയധികം ജനപ്രിയവുമായ സബ്-കോംപാക്ട് എസ്‌യുവിയായ എലിവേറ്റിന്റെ ഓൾ-ഇലക്‌ട്രിക് ആവർത്തനമായിരിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചു. ഇവ കൂടാതെ മറ്റ് നാല് എസ്‌യുവികളും വരും ഭാവിയിൽ വിപണിയിൽ എത്തും. നിലവിൽ, വരാനിരിക്കുന്ന ഈ എസ്‌യുവികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പങ്കുവെച്ചിട്ടില്ല.
കമ്പനിയുടെ ഇവി പ്ലാനിംഗിന്റെ ഒരു പ്രധാന വിപണി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം, ഹോണ്ട മോട്ടോർ കമ്പനിയുടെ പ്രസിഡന്റും സിഇഒയും റെപ്രസെന്റേറ്റീവ് ഡയറക്ടറുമായ തോഷിഹിരോ മിബെ എടുത്തുപറഞ്ഞു. ഹോണ്ടയുടെ പ്രതിബദ്ധത കേവലം വാഹന ലോഞ്ചുകൾക്കപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടെ കൂടുന്ന എല്ലാ പങ്കാളികൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് കമ്പനി സജീവമായി കൂട്ടുകെട്ടുകൾ തേടുകയാണെന്ന് മിബ് കൂട്ടിച്ചേർത്തു.

താങ്ങാനാവുന്ന ഇലക്‌ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനായി ഹോണ്ട മുമ്പ് ജനറൽ മോട്ടോർസുമായി (GM) സഹകരിച്ചിരുന്നു എങ്കിലും, ഈ സഖ്യം പ്രവർത്തനക്ഷമതയിൽ വെല്ലുവിളികൾ നേരിടുകയും തൽഫലമായി പിരിച്ചുവിടുകയും ചെയ്തു. എന്നിരുന്നാലും, പരസ്പര ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഭാവി പങ്കാളിത്തങ്ങൾക്കായി കമ്പനി ഇപ്പോഴും കാര്യമായി തിരയുകയാണ്.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനായി, 2040 -ഓടെ ആഗോളതലത്തിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായി ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വ്യക്തമാക്കി. ഈ നാഴികക്കല്ല് കൈവരിക്കാൻ, ഹോണ്ട ഒന്നിലധികം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കമ്പനി കൂട്ടിച്ചേർത്തു. 2030, 2035 എന്നിവയ്‌ക്കായി സജ്ജീകരിച്ച നിർദ്ദിഷ്ട ലക്ഷ്യങ്ങളോടെയുള്ള മൾട്ടി സ്റ്റെപ്പ് സമീപനം, ഒടുവിൽ 2040 -ൽ ലക്ഷ്യത്തിലെത്തും എന്നാണ് കമ്പനിയുടെ വിശ്വാസം.
ഇതിനുപുറമെ, ഹോണ്ടയുടെ ഇലക്ട്രിക് പദ്ധതികളുടെ സുപ്രധാന കേന്ദ്രമായി ഇന്ത്യൻ വിപണി നിലകൊള്ളുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. കാറുകൾ മാത്രമല്ല ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ഇവികൾ അഡോപ്റ്റ് ചെയ്യുന്നതിൽ രാജ്യം അതിവേഗം പുരോഗതി കൈവരിക്കുന്നതായി പ്രസ്താവിക്കുന്നു. താമസിയാതെ തന്നെ പുതിയ പദ്ധതികൾ ഹോണ്ട ഇവിടെ നടപ്പിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications