ദീപാവലിക്ക് കച്ചോടം പിടിക്കാൻ ഹോണ്ട; എലിവേറ്റിൻ്റെ കിടിലൻ പരസ്യ വീഡിയോ കാണാം
വലിയ മത്സരം നടക്കുന്ന ഒരു സെഗ്മെൻ്റാണ് കോംപാക്ട് എസ്‌യുവികളുടേത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കൂടാതെ നിരവധി ജനപ്രിയ എസ്‌യുവികളോട് മത്സരിക്കാൻ ഹോണ്ട അവതരിപ്പിച്ച മോഡലാണ് എലിവേറ്റ്. ഇതിനകം വിൽപ്പനയിലുള്ള പല മോഡലുകളേയും മറികടക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണിൽ കൂടുതൽ വിൽപ്പനയ്ക്ക് വേണ്ടി ഹോണ്ട എലിവേറ്റിൻ്റെ പുതിയ പരസ്യവീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
ഹോണ്ട എലിവേറ്റിന്റെ പുത്തൻ ടെലിവിഷൻ പരസ്യം ഹോണ്ട കാർസ് ഇന്ത്യ അവരുടെ യൂട്യൂബിലെ ഔദ്യോഗിക ചാനലിൽ പങ്കിട്ടിരിക്കുകയാണ്. ഈ പുതിയ പരസ്യവീഡിയോ എലിവേറ്റിന്റെ എല്ലാ എക്സ്റ്റീരിയർ ഡിസൈൻ വിശദാംശങ്ങളും അതിന്റെ അളവുകൾ, പവർട്രെയിൻ സവിശേഷതകൾ, ഇന്റീരിയർ ഡിസൈൻ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

ഹൈ-ഗ്ലോസ് ബ്ലാക്ക് ഘടകങ്ങളുള്ള സവിശേഷമായ ആൽഫ ബോൾഡ് ഗ്രില്ലാണ് പുതിയ എലിവേറ്റിന്റെ സവിശേഷത. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും യൂണിറ്റിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന DRL-കളും കാണാം. മുൻനിര മോഡലുകളിൽ എൽഇഡി ഫോഗ് ലൈറ്റുകളും ലഭിക്കുന്നുണ്ട്. എലിവേറ്റിന്റെ മൊത്തത്തിലുള്ള മുൻഭാഗം മറ്റ് മിഡ്-സൈസ് എസ്‌യുവികളേക്കാൾ കൂടുതൽ ബോൾഡും ഗംഭീരവുമാണ് എന്ന് വീഡിയോയിലൂടെ എടുത്തു കാണിക്കുന്നു.
സൈഡ് പ്രൊഫൈലിലേക്ക് നോക്കിയാൽ, ഹോണ്ട എലിവേറ്റിൽ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ക്രോം ഡോർ ഹാൻഡിലുകൾ, ക്രോം ബെൽറ്റ്‌ലൈൻ, റൂഫ് റെയിലുകൾ എന്നിവയും ഇതിലുണ്ട്. പിൻഭാഗത്ത്, ഹാലജൻ ഇൻഡിക്കേറ്ററും റിവേഴ്സ് ലൈറ്റുകളുമുള്ള ഡ്യുവൽ ട്രയൽ എൽഇഡി ടെയിൽലൈറ്റുകൾ കാണാം. ഷാർക്ക് ഫിൻ ആൻ്റിന, റിയർ സ്‌പോയിലർ, റിയർ വൈപ്പർ വാഷർ, ഡീഫോഗർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

സേഫ്റ്റി ഫീച്ചറുകളുടെ വലിയൊരു നിരയും വാഹനത്തിലുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മാർഗ നിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം എലിവേറ്റിന്റെ സേഫ്റ്റിക്കായി ഒരുക്കിയിട്ടുണ്ട്. പോരാത്തതിന് ADAS സേഫ്റ്റി ഫീച്ചറിന്റെ അകമ്പടിയും ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്കുണ്ട്.
കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാമാണ് ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നുവിളിക്കുന്ന എലിവേറ്റിന്റെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ (ADAS) ഉൾപ്പെടുന്നത്.

അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.
ഹോണ്ടയിൽ നിന്നുള്ള എലിവേറ്റ് 458 ലിറ്റർ ബൂട്ട് സ്പേസും 40 ലിറ്റർ ഫ്യുവൽ ടാങ്കും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയിൽ നിന്നുള്ള അതേ നാച്ചുറലി ആസ്പിറേറ്റഡ്, DOHC, 1.5 ലിറ്റർ, ഫോർ സിലിണ്ടർ, i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് 6,600 rpm-ൽ പരമാവധി 119.35 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ എത്തുന്ന എലിവേറ്റ് മൈലേജിന്റെ കാര്യത്തിലും പുലിയാണ്. മാനുവൽ പതിപ്പിൽ എലിവേറ്റ് 15.31 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ സിവിടി ഓട്ടോമാറ്റിക്കിൽ 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട എസ്‌യുവിക്ക് നൽകാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 17 ഇഞ്ച് അലോയ് വീലുകളിലോ വാഹനം ലഭ്യമാവും.


Click it and Unblock the Notifications








