'ഹോണ്ടയുടെ യുദ്ധം കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ'; അണിയറയില്‍ ഒരുങ്ങുന്നത് 4 എസ്‌യുവികള്‍
കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന കാര്‍ ബ്രാന്‍ഡാണ് ഹോണ്ട. ഇത്രയും വര്‍ഷം പാരമ്പര്യമുള്ള ബ്രാന്‍ഡ് ഒരുപിടി ജനപ്രിയ മോഡലുകള്‍ നമുക്ക് സമ്മാനിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വില്‍പ്പനയുടെ കാര്യം എടുത്താല്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്താണ് ഹോണ്ടയിപ്പോള്‍. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ കിയ അടക്കം ഹോണ്ടയെ പിന്തള്ളി ചാര്‍ട്ടില്‍ മുകളിക്കേ് കയറിപ്പോയി.
കഴിഞ്ഞ വര്‍ഷം മൊത്തം 95,000 കാറുകള്‍ വിറ്റ ഹോണ്ട ഇന്ത്യയിലെ ടോപ് കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു. 2.51 ശതമാനം മാത്രമാണ് പോയ വര്‍ഷത്തെ വിപണി വിഹിതം. ഇത്രയും മികച്ച സല്‍പ്പേരും ഡീലര്‍ ശൃംഖലയും ഉണ്ടായിട്ടും ഹോണ്ട വിപണിയില്‍ കിതക്കുന്നത് വാഹന പ്രേമികളെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സിറ്റി, അമേസ് എന്നീ സെഡാനുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

എന്നാല്‍ ഒറ്റ ഉല്‍പ്പന്നത്തിലൂടെ വിപണിയെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. അത്യന്തം മത്സരം നിറഞ്ഞ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നം ഇറക്കിയാണ് ഹോണ്ട ഉറച്ച സന്ദേശം നല്‍കിയത്. 10.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി പുറത്തിറക്കിയത്. എന്നാല്‍ മലയാളം സിനിമയായ പഴശ്ശിരാജയിലെ ഡയലോഗ് കടമെടുത്താല്‍ 'ഹോണ്ടയുടെ യുദ്ധം കമ്പനി കാണന്‍ പോകുന്നതേയുള്ളൂ' എന്നാണ് ഇപ്പോള്‍ പറയേണ്ടത്.
2030 അവസാനത്തോട് കൂടി ഘട്ടം ഘട്ടമായി നാല് എസ്‌യുവികള്‍ കൂടി അവതരിപ്പിക്കാനുള്ള വമ്പന്‍ പ്ലാനാണ് ഹോണ്ട ആവിഷ്‌കരിച്ചിട്ടുള്ളത്. എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് ഈ ബോഡിടൈപ്പിലുള്ള വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് ഹോണ്ട തങ്ങളുടെ പദ്ധതികള്‍ മുന്നോട്ട് നീക്കുന്നത്. ഹോണ്ട എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്താന്‍ പോകുന്ന അടുത്ത എസ്‌യുവിയെന്ന് കമ്പനിയില്‍ നിന്നുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

അടുത്ത 3 വര്‍ഷമാണ് കമ്പനി നിശ്ചയിച്ചിട്ടുള്ള ലോഞ്ച് ടൈംലൈന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വില്‍പ്പന നേടാന്‍ എലിവേറ്റ് സഹായിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. അതുവഴി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതിനൊപ്പം നഷ്ടപ്പെട്ടുപോയ സ്ഥാനം പുനഃസ്ഥാപിക്കുന്നതിനും സാധിക്കും. അതിനാല്‍ തന്നെ എലിവേറ്റ് ഇവി വേഗത്തില്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജാപ്പനീസ് ബ്രാന്‍ഡ് വേഗത്തിലാക്കും.
എന്നാല്‍ തങ്ങളുടെ പദ്ധതിയുടെ ഭാഗമായ മറ്റ് മൂന്ന് എസ്‌യുവികളെ കുറിച്ച് ഒരക്ഷരം ഇതുവരെ ഹോണ്ട മിണ്ടാന്‍ തയാറായിട്ടില്ല. നിലവില്‍ സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഹോണ്ട സാന്നിധ്യമറിയിക്കുന്നില്ല. അതിനാല്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നീ വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായി ഒരു കോംപാക്ട് എസ്‌യുവി അണിയറയില്‍ ഒരുങ്ങുന്നുന്നതായി സൂചനയുണ്ട്. നേരത്തെ ഹോണ്ട നിര്‍ത്തലാക്കിയ W-RV-ക്ക് പകരമായിരിക്കും ഇത് വരിക.

നിലവില്‍ വലിയൊരു പങ്ക് വിപണി വിഹിതം കൈയ്യടക്കി വെക്കുന്നതിനാലും ഭാവയില്‍ അത് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാലും എസ്‌യുവികളിലാണ് ഹോണ്ട ശ്രദ്ധ പതിപ്പിക്കുന്നത്. നഗരത്തിലെ ഇപ്പോഴത്തെ സംസാര വിഷയമായ ഹോണ്ട എലിവേറ്റിനെ കുറിച്ച് പറയുമ്പോള്‍ 10.99 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇതിന് ഹോണ്ട എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന മെഗാ ഡെലിവറി ഇവന്റില്‍ 100 കാറുകള്‍ വിതരണം ചെയ്ത് ഹോണ്ട കഴിഞ്ഞ ദിവസം തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇത്. 119 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് CVT ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു. ADAS, 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകള്‍ ഹോണ്ട എലിവേറ്റ് കാറില്‍ നല്‍കിയിട്ടുണ്ട്.
കൂടാതെ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളും ഈ കാറിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ വമ്പന്‍ എതിരാളികള്‍ അരങ്ങ് വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് എലിവേറ്റിന്റെ പോരാട്ടം.


Click it and Unblock the Notifications








