ഇനി എൻ്റെ ശ്രദ്ധ പ്രീമിയത്തിൽ മാത്രം; 260 കോടിയുടെ നവീകരണവുമായി ഹോണ്ട
ഹോണ്ട എന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് അൽപ്പം കൂടി വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി ഇടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. അതായത് പ്രീമിയം കാറുകളിലാണ് ഹോണ്ട ഇനി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്.
അതിൻ്റെ ഭാഗമായി എല്ലാ വർഷവും കുറഞ്ഞത് ഒരു മോഡലെങ്കിലും അവതരിപ്പിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഹോണ്ട സിറ്റിയുടെ പുതുക്കിയ മോഡൽ കമ്പനി അവതരിപ്പിച്ചത്. ഇനിമുതൽ 10 ലക്ഷം രൂപ തൊട്ട് മുകളിലേക്കുളള പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.അത് മാത്രമല്ല രാജ്യത്ത് തങ്ങളുടെ ഡീസൽ മോഡൽ നിർത്താനും കമ്പനിക്ക് പദ്ധതിയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കാരണം ഹോണ്ടയ്ക്ക് വാഹന വിൽപ്പനയുടെ 40 ശതമാനത്തിലധികം വരുന്നത് 10 ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന മോഡലുകളിൽ നിന്നാണ്. അത് കൊണ്ട് തന്നെ അതിൽ കൂടുതലായി ശ്രദ്ധിച്ചാൽ കമ്പനിക്ക് അൽപ്പം കൂടി വിൽപ്പന നേടാൻ സാധിക്കുമെന്നാണ് പറയുന്നത്. വിൽപ്പനയുടെ 60 ശതമാനത്തിലധികം വരുന്നത് അമേസ്, ഹോണ്ട സിറ്റി എന്ന മോഡലുകളിൽ നിന്നാണ്. പ്രീമിയം മോഡലുകളിൽ കൂടുതലായി ശ്രദ്ധി കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി ആഗോള വിപണിയിലുളള മോഡലുകൾ കൂടെ ഇറക്കുമതി ചെയ്യുന്നതിനെ പറ്റിയും കമ്പനി ആലോചിക്കുന്നുണ്ട്.
ഇതിൻ്റെ എല്ലാം തുടക്കം എന്ന നിലയിലാണ് 260 കോടി രൂപ മുടക്കി ഇന്ത്യയിലുടനീളമുളള ഷോറൂമുകളുടെ നവീകരണ പ്രവർത്തനം ഹോണ്ട ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ 100 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ പാസഞ്ചർ വാഹന വിഭാഗത്തിൽ 2019 സാമ്പത്തിക വർഷത്തിൽ 5.44 ശതമാനത്തിൽ നിന്നിരുന്ന വിപണി വിഹിതം 2022 ൽ 2.79 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കമ്പനി 23,000 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിട്ടുളളത്. അത് പോലെ തന്നെ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് വർധിക്കുമെന്ന് പ്രതീക്ഷിയിലാണ് കമ്പനി.

ഹോണ്ടയുടെ ടിപ്പിക്കൽ ഫാഷനിൽ നിന്ന് നോക്കിയാൽ, സിറ്റി ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ വളരെ സൂക്ഷ്മമാണ് എന്ന് വേണം പറയാൻ. വളരെ കുറഞ്ഞ മാറ്റങ്ങളോടെ ഡിസൈൻ വ്യത്യാസങ്ങൾ ഒരുക്കുന്നതിൽ അറിയപ്പെടുന്ന ബ്രാൻഡാണ് ഹോണ്ട. മിക്ക ഘടകങ്ങളും സമാനമായി നിലനിർത്തിക്കൊണ്ട്, ഹോണ്ട പുതിയ സിറ്റിക്ക് വളരെ അഗ്രസ്സീവായ വില നിശ്ചയിച്ചു. ഈ സെഗ്മെന്റിലേക്ക് ഫീച്ചറുകളും പുതിയ സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നതിൽ ജാപ്പനീസ് നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ഹോണ്ട കൊണ്ടുവന്ന പ്രധാന മാറ്റം അതിന്റെ ഫ്രണ്ട് ബമ്പറിലാണ്. ഇതുകൂടാതെ, ഫ്രണ്ട്, റിയർ ബമ്പറുകളിൽ ചില ഫോക്സ് കാർബൺ ഫൈബർ ബിറ്റുകളും നിർമ്മാതാക്കൾ ഉപയോഗിക്കുന്നു. അത് മാത്രമല്ല ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താത്ത സിറ്റി RS -ന്റെ ചില വൈബുകൾ ഇത്തരത്തിൽ നമുക്ക് 2023 മോഡലിൽ കാണാൻ സാധിക്കുന്നു. മുൻവശത്ത്, ബമ്പറിനെ അല്പം സ്‌പോർട്ടിയർ ആക്കുന്നതിനായി റീ-പ്രൊഫൈൽ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റ് ഷട്ട് ലൈനിന് താഴെയുള്ള തിക്ക് ക്രോം അല്പം ചെറുതാണ്, ഇത് സിറ്റിയുടെ ഫ്രണ്ട് ഫാസിയയ്ക്ക് ധാരാളം സ്പോർട്ടി സ്വഭാവം നൽകുന്നുമുണ്ട്.

തുടക്കത്തിൽ തന്നെ ഫീച്ചർ ലോഡഡായ സെഡാൻ ആയിരുന്നത് കൊണ്ട് തന്നെയാണ് ഹോണ്ട സിറ്റി എന്ന മോഡൽ ഏറെ ജനപ്രിയമായത്. ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, പാഡഡ് ഡോർ പാഡുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രിക്കലി ഓപ്പറേറ്റഡ്, ഫോൾഡബിൾ ORVMs, 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും സെഡാൻ വാഗ്ദാനം ചെയ്യുന്നു.
ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സാങ്കേതികവിദ്യയുടെ സെൻസിംഗ് സ്യൂട്ടും ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹോണ്ട ചേർത്തിട്ടുണ്ട്. റഡാർ അധിഷ്ഠിത ADAS സ്യൂട്ടോടുകൂടിയ വരാനിരിക്കുന്ന ഹ്യുണ്ടായി വെർണയിൽ നിന്ന് വ്യത്യസ്തമായി, ഹോണ്ടയുടെ ക്യാമറ യൂണിറ്റ് അതിന്റെ IRVM -ന് താഴെയാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് എന്നീ ഫീച്ചറുകളും പുത്തൻ ഹോണ്ട സിറ്റിയിൽ കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications