ഹൈബ്രിഡ് കാറുകള്‍ക്ക് വില കുറയും! ആവേശം പകര്‍ന്ന് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം
ഇലക്ട്രിക്, ബദല്‍ ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിനൊപ്പം വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സബ്സിഡിയും നികുതിയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നായ ചണ്ഡീഗഡ്, ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇളവ് പ്രഖ്യാപിച്ചു.
ഈ വര്‍ഷം ആദ്യം ചണ്ഡീഗഡ് ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കിയിരുന്നു. ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഹൈബ്രിഡ് വാഹനങ്ങളെയും നികുതിയിളവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കും അടുത്ത അഞ്ച് വര്‍ഷത്തേക്ക് റോഡ് നികുതി ഒഴിവാക്കുമെന്ന് ചണ്ഡീഗഡ് ഗതാഗത വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതിനാല്‍ സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 78,000 രൂപ വരെ കുറച്ച് വാങ്ങാന്‍ സാധിച്ചേക്കും.

2023 മാര്‍ച്ച് 18 മുതല്‍ 2028 മാര്‍ച്ച് 17 വരെ വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. 18 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ചണ്ഡീഗഡിലെ ഹൈബ്രിഡ് വാഹനങ്ങളുടെ വില. 18 ലക്ഷം രൂപയുടെ വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് ഏകദേശം 78,000 രൂപയായിരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) സെക്രട്ടറി നിതിന്‍ മെഹന്‍ പറഞ്ഞു.
നഗരത്തെ ഒരു 'മോഡല്‍ ഇവി സിറ്റി' ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ഭരണ പ്രദേശത്തെ അഡ്മിനിസ്‌ട്രേഷന്‍ ഈ ലക്ഷ്യത്തിനായി കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ചിരുന്നു. ഇവി നയപ്രകാരം വിവിധ വിഭാഗങ്ങളിലായി 42,000 വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുന്നു. 3,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

2022 സെപ്റ്റംബര്‍ 20-നും 2027 സെപ്റ്റംബര്‍ 19-നുമിടയില്‍ 32,000 ഇ-സൈക്കിളുകള്‍, 3,000 ഇലക്ട്രിക് കാറുകള്‍, 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഇവി നയം അവസാനിക്കുന്ന കാലയളവിനുള്ളില്‍ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 70 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് ചണ്ഡീഗഡ് ഭരണകൂടം ലക്ഷ്യമിടുന്നത്. 2017-2022 കാലയളവില്‍ ചണ്ഡീഗഡില്‍ മൊത്തം 3,000 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
അതില്‍ 420 ഇലക്ട്രിക് കാറുകളും 2,036 ഹൈബ്രിഡ് വാഹനങ്ങളും 1,233 ഇലക്ട്രിക് ബൈക്കുകളും ഉള്‍പ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങളും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ഒരുപിടി സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിക്കഴിഞ്ഞു. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഹോണ്ട സിറ്റി ഹൈബ്രിഡ് eHEV എന്നിവയാണ് നിലവില്‍ വിപണിയിലുള്ള സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍.

ഇവ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. മാരുതി സുസുക്കി ഇന്‍വിക്റ്റോ, ടൊയോട്ട കാമ്രി എന്നീ മോഡലുകള്‍ വൈകാതെ പുറത്തിറങ്ങാന്‍ പോകുന്നുമുണ്ട്. ടൊയോട്ടയുടെ തന്നെ ആഢംബര ബ്രാന്‍ഡായ ലെക്സസും ഒരുപിടി സ്ട്രോംഗ് ഹെബ്രിഡ് എസ്യുവികളും സെഡാനുകളും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
ഈ ഹൈബ്രിഡ് വാഹനങ്ങള്‍ അടിസ്ഥാനപരമായി പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ബദലാണ്. ബാറ്ററി പാക്കിനൊപ്പം ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു ICE എഞ്ചിനും ഇത് ഉപയോഗിക്കുന്നു. ഈ പവര്‍ട്രെയിന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക വഴി മെച്ചപ്പെട്ട മൈലേജ് ലഭിക്കുന്നു. ഇതിന് പുറമെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാനും സഹായിക്കുന്നു.
ഇലക്ട്രിക് വാഹന വിപ്ലവത്തിന് ഇന്ത്യയില്‍ നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇവികള്‍ ജനകീയമാകുന്നതിന് മുമ്പുള്ള ഏറ്റവും പ്രായോഗികമായുള്ള ചവിട്ടുപടികളില്‍ ഒന്നാണ് ഹൈബ്രിഡ് വാഹനങ്ങള്‍. ഇന്ത്യയിലെ പല നിര്‍മാതാക്കളും നേരിട്ട് ഫുള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് പോകുന്നതിന് പകരം ഹൈബ്രിഡ് റൂട്ടില്‍ സഞ്ചരിക്കുന്നത് ഇതിന്റെ തെളിവാണ്.


Click it and Unblock the Notifications








