400+ കി.മീ റേഞ്ചും മാരുതിയെ വെല്ലുന്ന വിലയും! ഹ്യുണ്ടായി ക്രെറ്റ ഇവി അടുത്ത വർഷമെത്തും?
പുതുവര്‍ഷം പുതു പ്രതീക്ഷകളോടെയാണ് വാഹന നിര്‍മാതാക്കളും ഒപ്പം ഉപഭോക്താക്കളും വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ഹ്യുണ്ടായി ഈ വര്‍ഷം രണ്ട് പുത്തന്‍ മോഡലുകളായിരുന്നു വിപണിയില്‍ ഇറക്കിയിരുന്നത്. അയോണിക് 5 ഇവിയും എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയും. രണ്ട് കാറുകളും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 2024 കലണ്ടര്‍ വര്‍ഷവും അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകളിലാണ്. ഒരുപിടി പുത്തന്‍ ലോഞ്ചുകളാണ് ഹ്യുണ്ടായി പ്ലാന്‍ ചെയ്തിരിക്കുന്നത്. എസ്‌യുവി പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരി 16-ന് അരങ്ങേറാനിരിക്കുകയാണ്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ പിന്തുടര്‍ന്ന് അപ്ഡേറ്റഡ് അല്‍കസാറും ട്യൂസോണ്‍ എസ്‌യുവിയും ഇങ്ങെത്തും. ഐസിഇ വാഹനങ്ങള്‍ മാത്രമാണ് പൈപ്പ്‌ലൈനിലെന്ന് കരുതിയാല്‍ തെറ്റി.

ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റ് പിടിച്ചടുക്കാന്‍ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അയോണിക് 5 ഇവിയെ കൂടാതെ കോന എന്ന ഇലക്ട്രിക് എസ്‌യുവിയും ഹ്യുണ്ടായി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും അല്‍പ്പം പ്രീമിയമാണെന്നതാണ് പ്രശ്‌നം. എന്നാല്‍ കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായ ക്രെറ്റ ഇലക്ട്രിക് ഇവി സ്‌പെയ്‌സില്‍ ഹ്യുണ്ടായിക്ക് ഒരു ഗെയിംചേഞ്ചറായി മാറിയേക്കും.
ഇലക്ട്രിക് എസ്‌യുവി മറച്ചിരിക്കുന്ന രീതിയിലും അല്ലാതെയും പരീക്ഷണയോട്ടം നടത്തുന്നത് ഒന്നിലേറെ തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന eVX കണ്‍സെപ്റ്റ് അധിഷ്ഠിത ഇലക്ട്രിക് എസ്‌യുവിവിയുമായിട്ടായിരിക്കും ഈ ഇവി നേരിട്ട് കൊമ്പകോര്‍ക്കുക. മാത്രമല്ല ടാറ്റ കര്‍വ് ഇവിയുടെ വെല്ലുവിളിയും നേരിടേണ്ടി വരും. ഐസിഇ ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവി നിര്‍ദിഷ്ട ഡിസൈനിലായിരിക്കും അതിന്റെ ഇലക്ട്രിക് പതിപ്പ് വരിക.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഇതിന്റെ നിര്‍മാണം. സ്പ്ലിറ്റ് പാറ്റേണോടുകൂടിയ ഹെഡ്ലാമ്പുകള്‍, 'H' ആകൃതിയിലുള്ള എല്‍ഇഡി ഡെറ്റൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍), എക്സ്റ്ററിന് സമാനമായ പുതുക്കിയ ടെയില്‍ഗേറ്റ് എന്നിവയാണ് മുഖംമിനുക്കിയെത്തുന്ന ക്രെറ്റയില്‍ പ്രതീക്ഷിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കണ്ടെത്തിയ ഹ്യുണ്ടായി ക്രെറ്റ ഇവി പ്രോട്ടോടൈപ്പ്, നിലവിലുള്ള മോഡലില്‍ നിന്ന് കാര്യമായ വ്യതിയാനങ്ങള്‍ പ്രകടമാക്കിയിരുന്നു.
ഇത് മുന്‍വശത്ത് പുതിയ ഡിസൈന്‍ ഘടകങ്ങള്‍ അവതരിപ്പിക്കുന്നു, ഒപ്പം ഒരു ഫാക്‌സ് എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുമായി വരുന്നു. C- ആകൃതിയിലുള്ള എല്‍ഇഡി DRL-കള്‍ നിലവിലുള്ള യൂണിറ്റുകളേക്കാള്‍ വലുതാണ് എന്ന് കാണാനാവും. ക്രെറ്റ ഇവിയുടെ ഇന്റീരിയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ രണ്ട് മോഡലുകളും ഫീച്ചര്‍ ലിസ്റ്റ് പങ്കിടാന്‍ സാധ്യതയേറെയാണ്.

ഇവിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ എല്‍ജി കെമില്‍ നിന്നുള്ള 45 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഹ്യുണ്ടായി ക്രറ്റ ഇവിക്ക് പവര്‍ നല്‍കുക. ഗ്ലോബല്‍-സ്‌പെക്ക് കോന ഇവിയില്‍ നിന്നായിരിക്കും ഇലക്ട്രിക് മോട്ടോര്‍ കടംകൊള്ളുക. 138 മാക്‌സ് പവറും 255 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫ്രണ്ട് ആക്‌സിലില്‍ സ്ഥാനം പിടിക്കുന്ന ഈ മോട്ടോര്‍. ക്രെറ്റ ഇവിക്ക് 400 കിലോമീറ്ററില്‍ കൂടുതലാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്.
അതേസമയം ക്രെറ്റ ഇവിയുടെ എതിരാളിയായ മാരുതി സുസുക്കി eVX രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 kWh, 60 kWh ബാറ്ററി ഓപ്ഷനുകളില്‍ മാരുതിയുടെ കന്നി ഇലക്ട്രിക് കാര്‍ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യത്തേതിന് 400 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവും. അതേസമയം രണ്ടാമത്തേതിന് കണ്‍സെപ്റ്റ് പതിപ്പില്‍ പറഞ്ഞതു പോലെ 550 കിലോമീറ്റര്‍ റേഞ്ച് ഉണ്ടായിരിക്കാം. ഇതേ കാറിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഇവിയും ഇതിനുശേഷം പുറത്തിറങ്ങും.
രണ്ട് ഇലക്ട്രിക് എസ്‌യുവികളും സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലായിരിക്കും നിര്‍മിക്കുക. 50.3 kWh ബാറ്ററി ഉപയോഗിക്കുന്ന എംജി ZS ഇവിയേക്കാളും ക്രെറ്റ ഇവിയുടെ ബാറ്ററി സൈസ് ചെറുതാണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. വരാന്‍ പോകുന്ന ക്രെറ്റ ഇവിക്ക് ഏകദേശം 20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏതായാലും പുത്തന്‍ ഇവിയെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. അതിനായി നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








