ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറെല്ലാം ഓരേ പൊളി! സ്‌പൈ ചിത്രം കണ്ട് മാരുതിക്കും കിയക്കും നെഞ്ചിടിപ്പ്
ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്ത മാസം അരങ്ങേറാനൊരുങ്ങുകയാണ്. വണ്ടി പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ക്രെറ്റയുടെ പരീക്ഷണയോട്ടം ദ്രുതഗതിയില്‍ നടക്കുകയാണ്. ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലേക്ക് വെളിച്ചം വീശുന്നു. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
2024 ജനുവരി 16-നാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അവതരിപ്പിക്കുക. 2020-ല്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷമുള്ള ക്രെറ്റയുടെ ആദ്യത്തെ പ്രധാന ഫെയ്സ്ലിഫ്റ്റാണിത്. ക്യാമറയില്‍ പതിഞ്ഞ ടെസ്റ്റ് മ്യൂള്‍ അതിന്റെ പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ സ്‌ക്രീനുകളും ഇന്‍സ്ട്രുമെന്റേഷന്‍ വിശദാംശങ്ങളും കാണിച്ചുതരുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് അപ്ഡേറ്റഡ് സ്‌ക്രീനുകളും ഫീച്ചറുകളും ഉള്ള ഒരു പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട് ലഭിക്കുമെന്ന് ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പുതുതലമുറ വെര്‍ണയില്‍ നല്‍കിയതിന് സമാനമായ പുതിയ സ്റ്റിയറിംഗ് വീല്‍ സെറ്റപ്പും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുമെന്ന സൂചനകളും സ്‌പൈ ചിത്രങ്ങള്‍ നല്‍കുന്നു. അല്‍കസര്‍ എസ്‌യുവിയില്‍ കാണപ്പെടുന്നതിന് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 2024 ക്രെറ്റക്ക് ലഭിച്ചേക്കും.
പുത്തന്‍ ഫീച്ചറുകള്‍ സജ്ജീകരിച്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യും. ക്രെറ്റ എസ്‌യുവിയുടെ അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇന്റീരിയര്‍ ഓള്‍ ബ്ലാക്ക് തീമിലായിരിക്കും പൂര്‍ത്തിയാക്കുക. മാത്രമല്ല ഡ്യുവല്‍ ടോണ്‍ സീറ്റുകളം പിന്‍ സീറ്റിലെ യാത്രക്കാര്‍ക്കും ഹെഡ്റെസ്റ്റുകള്‍ ലഭിച്ചേക്കാം.

360-ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത HVAC കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍. കാറിന്റെ സേഫ്റ്റി ഫീച്ചറുകളിലും വമ്പന്‍ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്സ്ലിഫ്റ്റിലെ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാചലിലെ ഷിംലയില്‍ വെച്ച് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കാറിന്റെ എക്‌സ്റ്റീരിയര്‍ വശങ്ങളായിരുന്നു അന്ന് പ്രധാനമായും കാണാന്‍ പറ്റിയത്. ഹ്യുണ്ടായിയുടെ ഗ്ലോബര്‍ എസ്‌യുവിയായ പാലിസോഡിന് സമാനമായ എക്‌സ്റ്റീരിയര്‍ ഡിസൈനിലായിരിക്കും പുതിയ ക്രെറ്റ വരിക. ഫ്രണ്ടില്‍ പാരാമെട്രിക് ഗ്രില്ലിനൊപ്പം ലംബമായ എല്‍ഇഡി ലൈറ്റ് സജ്ജീകരണം നല്‍കും.

പിന്‍ഭാഗത്ത് കണക്ടഡ് എല്‍ഇഡി ലൈറ്റ് യൂണിറ്റ് ലഭിക്കും. ക്രെറ്റയില്‍ ഇത് പുതിയതാണ്. സെല്‍റ്റോസ്, ഹാരിയര്‍ എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ കിയയും ടാറ്റയും കണക്ടഡ് എല്‍ഇഡി യൂണിറ്റ് പരീക്ഷിച്ചിരുന്നു. പുതുക്കിയ ലൈറ്റ് സജ്ജീകരണത്തിന് പുറമേ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കും. ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹ്യുണ്ടായി നിലനിര്‍ത്താനാണ് സാധ്യത.
1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 114 bhp പവറും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിന്‍ 114 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് ഹ്യുണ്ടായി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഹ്യുണ്ടായി വെര്‍ണയിലും കിയ സെറ്റോസിലും സേവനമനുഷ്ഠിക്കുന്ന ഈ മോട്ടോര്‍ 158 bhp കരുത്തില്‍ 253 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഒരു സിവിടി ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് ക്ലച്ച്ലെസ് മാനുവല്‍ എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരിക.
നിലവില്‍ 10.87 ലക്ഷം മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ വില. പുതിയ ക്രെറ്റക്ക് ഏകദേശം 11 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. സെഗ്മെന്റില്‍ കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ, ടൊയോട്ട ഹൈറൈഡര്‍, സിട്രണ്‍ C3 എയര്‍ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയുമായാണ് മത്സരം.
Source: HT Auto


Click it and Unblock the Notifications








