'തലൈവര് നിരന്തരം'... ആരൊക്കെ വന്നാലും എസ്‌യുവി സെഗ്‌മെന്റിലെ രാജാവ് ക്രെറ്റ തന്നെ
വിപുലമായ സവിശേഷതകളും മികച്ച പെര്‍ഫോമന്‍സുമുള്ള ബഹുമുഖ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ മിഡ്‌സൈസ് എസ്‌യുവി (Midsize SUV) വിഭാഗത്തിന്റെ ജനപ്രീതി ഉയരുകയാണ്. അടുത്ത കാലത്തായി കൂടുതല്‍ നിര്‍മാതാക്കള്‍ സെഗ്‌മെന്റില്‍ സാന്നിധ്യം അറിയിച്ചതിനൊപ്പം നിലവിലുള്ള മോഡലുകള്‍ കിടിലന്‍ അപ്‌ഡേറ്റുകളുമായി വന്നതും സെഗ്‌ന്റെിലെ മത്സരം കൊഴുപ്പിച്ചിരിക്കുകയാണ്.
കിടമത്സരത്തില്‍ മുന്‍പന്തിയില്‍ തന്നെ തുടരാനായി വളര്‍ന്ന് വരുന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റാനും, നൂതന സാങ്കേതികവിദ്യകള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകള്‍, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ നല്‍കുന്നതില്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പുത്തന്‍ എതിരാളികള്‍ ഇപ്പറഞ്ഞ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ച വാഹനങ്ങളുമായി എത്തിയിട്ടും ഇന്ത്യക്കാര്‍ക്കിപ്പോഴും പ്രിയം ഹ്യുണ്ടായി ക്രെറ്റ തന്നെയാണ്.

വമ്പന്‍ ഹൈപ്പില്‍ എത്തിയ ഹോണ്ട എലിവേറ്റിന്റെ വരവും ക്രെറ്റയുടെ ജനപ്രിയതക്ക് മുമ്പില്‍ നിഷ്പ്രഭമായിപ്പോകുന്ന കാഴ്ചയാണ് സെയില്‍സ് റിപ്പോര്‍ട്ട് വരുമ്പോള്‍ കാണുന്നത്. 2023 സെപ്റ്റംബറിലെ വില്‍പ്പനയിലും ഹ്യുണ്ടായി ക്രെറ്റ ഇപ്പോഴും ഇന്ത്യയിലെ എസ്‌യുവി പ്രേമികളുടെ പ്രിയങ്കരനായി തുടരുന്നു. പോയ മാസം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവ് മിഡ്‌സൈസ് എസ്‌യുവിയുടെ ഏകദേശം 12,800 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ഓഗസ്റ്റ് മാസം വിറ്റ 13,832 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 8.06 ശതമാനം ഇടിവുണ്ട്. എങ്കിലും 20 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഏക മിഡ്‌സൈ് എസ്യുവിയാണ് ക്രെറ്റയെന്ന് എടുത്ത് പറയണം. മഹീന്ദ്ര സ്‌കോര്‍പ്പിയോ ക്ലാസിക്-മഹീന്ദ്ര സ്‌കോര്‍പിയോ N ജോഡിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് എസ്‌യുവികള്‍ കൂടി ചേര്‍ത്ത് മഹീന്ദ്ര സെപ്റ്റംബറില്‍ 11846 യൂണിറ്റ് വില്‍പ്പ നേടി. മുന്‍മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 20 ശതമാനത്തിനടുത്ത് വര്‍ധിച്ചു.

വളരെ നാളായി വില്‍പ്പന ചാര്‍ട്ടില്‍ ക്രെറ്റക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെല്‍റ്റോസിനെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വീണ്ടും പിന്നിലാക്കിയ മാസമാണ് കഴിഞ്ഞ് പോയത്. സെപ്റ്റംബറില്‍ 11737 യൂണിറ്റ് വില്‍പ്പനയുമായി ഗ്രാന്‍ഡ് വിറ്റാര മൂന്നാം സ്ഥാനത്തെത്തി. അതേസമയം 10558 യൂണിറ്റ് വില്‍പ്പനയുമായി സെല്‍റ്റോസ് നാലം സ്ഥാനത്തായി. ഈ പട്ടികയില്‍ 10,000-യൂണിറ്റ് വില്‍പ്പന നേടിയ പട്ടികയിലെ അവസാന എസ്‌യുവിയാണ് കിയ സെല്‍റ്റോസ്.
17.28 ശതമാനമാണ് സെല്‍റ്റോസിന്റെ നിലവിലെ വിപണി വിഹിതം. ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കിയെങ്കിലും വില്‍പ്പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സെല്‍റ്റോസിനായില്ലെന്നാണ് തോന്നുന്നത്. മികച്ച ബുക്കിംഗ് നേടുന്നതിനാല്‍ ഈ ഉത്സവ സീസണില്‍ സെല്‍റ്റോസ് തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കാം. സെപ്റ്റംബറില്‍ 5,600-ലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് ഹോണ്ട എലിവേറ്റ് വന്‍ വളര്‍ച്ച നേടി. എസ്‌യുവി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയ 2023 ഓഗസ്റ്റ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 101 ശതമാനത്തിലധികമാണ് വളര്‍ച്ച.

സെപ്റ്റംബറില്‍ ടൊയോട്ട ഹൈറൈഡറിന്റെ വില്‍പ്പന 4,000 യൂണിറ്റിന് താഴെ പോയി. കഴിഞ്ഞ മാസം 3804 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാനായത്. ഓഗസ്റ്റ് മാസത്തില്‍ 4121 യൂണിറ്റായിരുന്നു വില്‍പ്പന. സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ജോഡിയുടെ സെപ്റ്റംബറിലെ വില്‍പ്പന 1,500 മുതല്‍ 2,500 യൂണിറ്റുകള്‍ക്കിടയിലാണ്. രണ്ട് എസ്‌യുവികള്‍ക്കും അഞ്ച് ശതമാനത്തില്‍ താഴെയാണ് വിപണി വിഹിതം.
അതേസമയം എംജി ആസ്റ്റര്‍ എസ്‌യുവിക്ക് പോയമാസം 1000 യൂണിറ്റില്‍ താഴെ മാത്രമാണ് വില്‍പ്പന.
വെറും 1.5 ശതമാനത്തിനടുത്ത് മാത്രമാണ് ചൈനീസ് ഇവിയുടെ വിപണി വിഹിതം. ഈ മാസം സെഗ്‌മെന്റ് കൈയടക്കാനായി ഒരു പുത്തന്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിയിരുന്നു. ഫ്രഞ്ച് ബ്രാന്‍ഡായ സിട്രണ്‍ ആണ് C3 എയര്‍ക്രോസ് എന്ന ചുണക്കുട്ടനുമായി ചൂതാട്ടത്തിനിറങ്ങിയതിരിക്കുന്നത്.
ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന പിടിക്കാനായി ആക്രമണാത്മകമായ വിലനിര്‍ണയം നടത്തി സിട്രണ്‍ എതിരാളികളെ ഞെട്ടിച്ചിരുന്നു. 5, 5+2 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളോടെ എത്തുന്ന സിട്രണ്‍ C3 എയര്‍ക്രോസിന് 9.99 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഏതായാലും C3 എയര്‍ക്രോസിന്റെയും ഓരോ മാസവും വില്‍പ്പന ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന എലിവേറ്റും വരും മാസമെങ്കിലും ക്രെറ്റയുടെ വില്‍പ്പനക്ക് ഇടിവ് സമ്മാനിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications