28 കി.മീ മൈലേജുള്ള എസ്‌യുവിക്കായി ഉന്തുംതള്ളും; എല്ലാവര്‍ക്കും വണ്ടി കൊടുക്കാന്‍ കമ്പനി ചെയ്യുന്നത് ഇക്കാര്യം
സമീപകാലത്ത് ഇന്ത്യന്‍ കാര്‍ വിപണയില്‍ ഏറ്റവും വലിയ ഓളമുണ്ടാക്കിയ ഹ്യുണ്ടായി കാര്‍ ഏതെന്ന് ചോദിച്ചാല്‍ എക്‌സ്റ്റര്‍ (Hyundai Exter) മൈക്രോ എസ്‌യുവി എന്നാണ് ഉത്തരം. ജൂലൈയില്‍ വിപണിയില്‍ എത്തിയ എക്‌സ്റ്ററിന് ലഭിക്കുന്ന മികച്ച സ്വീകരണത്തിന്റെ മികവില്‍ 2023 സെപ്റ്റംബറില്‍ കമ്പനി ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേടിയിരുന്നു.
സെപ്റ്ററംബറില്‍ 8647 യൂണിറ്റായിരുന്നു എക്‌സ്റ്റര്‍ നേടിയെടുത്ത വില്‍പ്പന. ആകര്‍ഷകമായ രൂപകല്‍പ്പനയും താങ്ങാനാവുന്ന വിലയും കൈനിറയെ ഫീച്ചറുകളും മികച്ച സേഫ്റ്റിയുമൊരുക്കുന്ന കാര്‍ അതിവേഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമായത്. ഏവര്‍ക്കും സുപരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് എക്‌സ്റ്ററിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 83 bhp കരുത്തും 114 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. പെട്രോള്‍ പതിപ്പിനൊപ്പം എക്സ്റ്റര്‍ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. എക്‌സ്റ്ററിന്റെ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ പരമാവധി 69 bhp പവറും 95.2 Nm ടോര്‍ക്കും ആയിരിക്കും നല്‍കുക. എക്‌സ്റ്റര്‍ സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ കൂടിയാണ് എക്‌സ്റ്റര്‍. എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. മറ്റ് സിഎന്‍ജി കാറുകള്‍ പോലെ എക്‌സ്റ്റര്‍ സിഎന്‍ജിയും മൈലേജിന്റെ കാര്യത്തില്‍ പുലിയാണ്. കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ ആണ് എക്‌സ്റ്റര്‍ സിഎന്‍ജിക്ക് ഹ്യുണ്ടായി പറയുന്ന ഇന്ധനക്ഷമത.

സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് കാറില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്ന സവിശേഷ ഫീച്ചറുകളില്‍ ചിലത്. കണക്റ്റഡ് കാര്‍ ടെകിനൊപ്പം 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി എന്‍ട്രി ലെവല്‍ എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്.
മാത്രമല്ല സെഗ്‌മെന്റ് പിടിച്ചടക്കാനായി എത്തിയ എക്‌സ്റ്ററിന് ആകര്‍ഷകമായ പ്രാരംഭ വിലയായിരുന്നു ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ചത്. വെറും 5.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഹ്യുണ്ടായ് എക്സ്റ്റര്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത എക്‌സ്റ്റര്‍ വേരിയന്റുകള്‍ക്ക് ഹ്യുണ്ടായി വില വര്‍ധിപ്പിച്ചിരുന്നു. 16,000 രൂപ വരെയാണ് വര്‍ധനവ്.

വില ചെറുതായിട്ട് കൂടുന്നുണ്ടെങ്കിലും മുടക്കുന്ന ക്യാഷിനൊത്ത മൊതലാണ് എക്‌സ്റ്ററെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് എക്‌സ്റ്ററിന്റെ ഡിമാന്‍ഡ് കുത്തനെ കൂടുന്നത്. വെറും മൂന്ന് മാസത്തിനുള്ളില്‍ 75,000-ലധികം ബുക്കിംഗുകളാണ് ഹ്യുണ്ടായി എക്സ്റ്റര്‍ വാരിക്കൂട്ടിയത്. കമ്പനിയെ പോലും അതിശയിപ്പിക്കുന്ന ബുക്കിംഗ് നിമിത്തം കാറിന്റെ കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഹ്യുണ്ടായി എക്സ്റ്ററിന് 9 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്.
എന്നാല്‍ ഉപഭോക്താക്കളെ അധികം കാത്തിരുത്തി മുഷിപ്പിക്കാന്‍ കമ്പനി ഒരുക്കമല്ല. വിപണിയില്‍ മറ്റ് എതിരാളികള്‍ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞ് പോകുന്നത് ഒഴിവാക്കാനാമായി കമ്പനി പോംവഴി കണ്ടുവെച്ചിട്ടുണ്ട്. എക്സ്റ്റര്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക വഴി ഈ വെല്ലുവിളി മറികടക്കാനാണ് ഹ്യുണ്ടായിയുടെ പ്ലാന്‍. ആരംഭത്തില്‍ ഓരോ മാസവും എക്‌സ്റ്ററിന്റെ 6000 യൂണിറ്റായിരുന്നു കമ്പനി നിര്‍മിച്ച് വന്നിരുന്നത്. ഡിമാന്‍ഡ് കൂടിയതോടെ ഇത് പിന്നീട് 8000 യൂണിറ്റായി ഉയര്‍ത്തി.
ഇത് ഇനിയും ഉയര്‍ത്താനാണ് പോകുന്നത്. ഉല്‍പാദനം കൂടുന്നതോടെ കാത്തിരിപ്പ് കാലയളവ് കുറയുമെന്നതിനാല്‍ എക്‌സ്റ്റര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണ്. എക്‌സ്്റ്ററിന്റെ ഈ കുതിപ്പ് ഏറ്റവും ഗുരുതരമായി ബാധിക്കുക ടാറ്റ പഞ്ചിനെയാണ്. എക്‌സ്റ്ററിന്റെ പടയോട്ടം തടയാന്‍ ടാറ്റ എന്താകും കരുതിവെച്ചതെന്ന് അറിയില്ല. ഈ രണ്ട് മൈക്രോ എസ്‌യുവികളുടെയും ഇലക്ട്രിക് പതിപ്പുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ പഞ്ച് ഇവി ആയിരിക്കും ആദ്യം അരങ്ങേറുക.


Click it and Unblock the Notifications








