എക്‌സ്റ്ററിന് ഇനി 'എക്‌സ്ട്രാ' മുടക്കണം; ഓഫര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് എട്ടിന്റെ പണി
സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചരിത്ര നേട്ടമായിരുന്നു ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് കുറിച്ചത്. 71641 കാറുകള്‍ വിറ്റഴിച്ച് കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. അടുത്തിടെ വിപണിയില്‍ എത്തിയ എക്സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ വരവ് ഹ്യുണ്ടായിക്ക് കരുത്തേകിയെന്ന് നിസ്സംശയം പറയാം.
ബേസ് വേരിയന്റിലടക്കം സജ്ജമാക്കിയ ഫീച്ചറുകളുലെ നീണ്ട നിരയും പെട്രോള്‍, സിഎന്‍ജി എന്നിവയടക്കമുള്ള എഞ്ചിന്‍ ഓപ്ഷനുകളുടെ സാന്നിധ്യവുമെല്ലാം എക്സ്റ്ററിന് തുണയായി. ആരെയും ആകര്‍ഷിക്കുന്ന ഡിസൈനിംഗിനൊപ്പം വില നിര്‍ണയത്തില്‍ കൂടി ഹ്യുണ്ടായി ഞെട്ടിച്ചതോടെ എക്‌സ്റ്ററിന് ജനപ്രിയനാകാന്‍ അധികം സമയം വേണ്ടി വന്നില്ല. ജൂലൈയിലാണ് ഹ്യുണ്ടായി സെഗ്മെന്റ് രാജാവായ ടാറ്റ പഞ്ചിനെ തളക്കാനായി എക്സ്റ്റര്‍ പുറത്തിറക്കിയത്.

വിലയിലും ഞെട്ടിച്ചായിരുന്നു വരവ്. 6 ലക്ഷം രൂപയായിരുന്നു എക്സ്റ്ററിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഉത്സവ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ എക്‌സ്്റ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയേകിക്കൊണ്ട് ഹ്യുണ്ടായി ആദ്യമായി എക്സ്റ്ററിന്റെ വില വര്‍ധിപ്പിച്ചു. 16000 രൂപ വരെയാണ് കാറിന്റെ വില കൂട്ടിയിരിക്കുന്നത്. EX MT, SX (O) കണക്ട് AMT എന്നിവ ഒഴികെയുള്ള എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകള്‍ക്കും വില വര്‍ധനവ് ബാധകമാണ്.
ഏറ്റവും ഉയര്‍ന്ന് വില വര്‍ധനവ് ലഭിക്കുന്നത് SX(O) കണക്ട് MT ഡ്യുവല്‍-ടോണ്‍ വേരിയന്റിനാണ്. മൈക്രോ എസ്‌യുവിയുടെ ഈ വേരിയന്റ് സ്വന്തമാക്കാന്‍ ഇനി 16,000 അധികം മുടക്കണം. ടോപ്പ്-സ്‌പെക്ക് SX (O) കണക്ട് AMT ഡ്യുവല്‍-ടോണ്‍ വേരിയന്റിനാണ് ഏറ്റവും കുറച്ച് മാത്രം വില കൂടിയത്. 5,000 രൂപയാണ് എക്സ്റ്റര്‍ ടോപ് സ്‌പെക് വേരിയന്റിന് വില വര്‍ധിച്ചത്. മറ്റെല്ലാ വേരിയന്റുകള്‍ക്കും 10,400 രൂപ വരെ കൂടിയിട്ടുണ്ട്.

ടാറ്റ പഞ്ച്, സിട്രണ്‍ C3 എന്നിവയ്ക്ക് എതിരാളികളായ എക്സ്റ്റര്‍ EX, EX(O), S, SX, SX(O), SX(O) കണക്റ്റ് എന്നിങ്ങനെ 6 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. അറ്റ്‌ലസ് വൈറ്റ്, കോസ്മിക് ബ്ലൂ, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ടൈറ്റന്‍ ഗ്രേ, അബിസ് ബ്ലാക്ക്, കോസ്മിക് ബ്ലൂ വിത്ത് അബിസ് ബ്ലാക്ക്, റേഞ്ചര്‍ കാക്കി വിത്ത് അബിസ് ബ്ലാക്ക് എന്നിങ്ങനെ ഒമ്പത് കളര്‍ ഓപ്ഷനുകളിലാണ് എക്സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്.
83 bhp കരുത്തില്‍ 114 Nm ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്ററിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള 5-സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വരുന്നത്. 5-സ്പീഡ് മാനുവലുമായി മാത്രം ജോടിയാക്കിയ ഒരു സിഎന്‍ജി ഓപ്ഷനും എക്സ്റ്ററിന് ലഭിക്കുന്നു.
എക്‌സ്റ്ററിന്റെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് 18.25 മുതല്‍ 20.17 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം കിലോഗ്രാമിന് 27.10 കിലോമീറ്ററാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത. സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ കാറുകളില്‍ ഒന്ന് കൂടിയാണ് ഹ്യുണ്ടായി എക്സ്റ്റര്‍.
ഇലക്ട്രിക് സണ്‍റൂഫ്, 8 ഇഞ്ച് ഫ്ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഡ്യുവല്‍ ക്യാമറയുള്ള ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാം ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍-ബില്‍റ്റ് നാവിഗേഷന്‍, വോയ്‌സ്-ആക്റ്റിവേറ്റഡ് കമാന്‍ഡുകള്‍, ഓവര്‍-ദി-എയര്‍ (OTA) അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് എക്‌സ്റ്ററില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ എക്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ്ബെല്‍റ്റ്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 50,000 ബുക്കിംഗുകള്‍ ആയിരുന്നു എക്‌സ്റ്റര്‍ വാരിക്കൂട്ടിയത്. ഇപ്പോള്‍ മൈക്രോ എസ്‌യുവിക്കുള്ള ബുക്കിംഗ് 75,000 യൂണിറ്റ് കടന്ന് കുതിക്കുകയാണ്. ഓര്‍ഡറുകള്‍ എളുപ്പം തീര്‍പ്പാക്കാനായി നിര്‍മാണം 30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. വില അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും അത് മോഡലിന്റെ വില്‍പ്പനയെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഹ്യുണ്ടായി.


Click it and Unblock the Notifications