പഞ്ച് പഞ്ചറാകുമോ? എക്‌സ്റ്ററിന്റെ ആദ്യ മാസത്തെ വില്‍പ്പന കണ്ട് കണ്ണുതള്ളി ടാറ്റ
ഈ അടുത്ത കാലത്ത് ഇന്ത്യന്‍ വാഹന വിപണിയെ പിടിച്ച് കുലുക്കിയ ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹ്യുണ്ടായി എക്‌സ്റ്ററിന്‍േറത്. ചുരുങ്ങിയ നാള്‍ കൊണ്ട് ജനപ്രിയനായി മാറിയ എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളിലും കൊടുങ്കാറ്റാണ്. ദക്ഷിണ കൊറിയന്‍ വാഹന ഭീമനായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഓഫറായ എക്സ്റ്ററിന്റെ 7000 യൂണിറ്റുകളാണ് ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളില്‍ വിറ്റഴിക്കപ്പെട്ടത്.
എക്‌സ്റ്ററിന്റെ ഈ വമ്പന്‍ മുന്നേറ്റത്തില്‍ നെഞ്ചിടിക്കുന്നത് എതിരാളിയായ ടാറ്റ പഞ്ചിനാണ്. എക്‌സ്റ്ററിന്റെ വരവിന്റെ സമയത്ത് ഏവരും വാഴ്ത്തിയപോലെ പഞ്ചിനെ ശരിക്കും എക്‌സ്റ്റര്‍ പഞ്ചറക്കാുമോ എന്ന് കണ്ടറിയാന്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കേണ്ടി വരും. ജൂലൈ പത്തിനായിരുന്നു ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എക്‌സ്റ്റര്‍ വിപണിയില്‍ എത്തിയത്.

ഇതുവരെ ടാറ്റ പഞ്ച് ഒറ്റക്ക് ഭരിച്ചിരുന്ന സെഗ്‌മെന്റിലേക്ക് ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളാല്‍ സമ്പന്നമായ അകത്തളവും വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് മാസ്സ് എന്‍ട്രി നടത്തിയത്. മികച്ച മൈലേജും സേഫ്റ്റിയും താങ്ങാവുന്ന വിലയും കൂടി ആയതോടെ 'മച്ചാനെ അത് പോരെ അളിയാ...' എന്ന് പറഞ്ഞ ഈ കൊറിയന്‍ മുത്തിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
വെറും ഒരു മാസത്തിനുള്ളില്‍ 7000 യൂണിറ്റ് വില്‍പ്പനയുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്താന്‍ എക്‌സ്റ്ററിനായിരുന്നു. ഇത് കാറിന്റെ വിജയം കൂടുതല്‍ ശ്രദ്ധേയമാകുന്നു. മെയില്‍ കാര്‍ അവതരിപ്പിച്ചത് മുതല്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മെയ് മുതല്‍ കാറിന് 16,000-ത്തിലേറെ ബുക്കിംഗുകള്‍ ലഭിച്ചത് കമ്പനിയെ അതിശയിപ്പിച്ചു.

1,800 എന്ന പ്രതിദിന ബുക്കിംഗ് നിരക്ക് ഉള്ളതിനാല്‍ എക്സ്റ്ററിന്റെ ഔദ്യോഗിക ലോഞ്ചിനു മുമ്പ് തന്നെ കാറ് കൈയ്യില്‍ കിട്ടാന്‍ കുറച്ച് ദിവസം കാത്തിരിക്കണമെന്ന് ഉറപ്പായിരുന്നു. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന മോഡല്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിലുടനീളം ഏഴ് വകഭേദങ്ങളില്‍ ലഭിക്കും.
EX, EX (0) S, S (0), SX, SX (0), SX (0) കണക്റ്റ് എന്നിങ്ങനെ 7 വേരിയന്റുകളില്‍ ലഭ്യമായ എക്സ്റ്ററിനെ കാത്തിരിപ്പ് കാലയളവ് എതിരാളികളെ വരെ ഞെട്ടിച്ചു. എക്സ്റ്ററിന്റെ EX, EX(O) വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മറ്റ് വേരിയന്റുകള്‍ക്ക് 5 മുതല്‍ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.
മികച്ച മൈലേജാണ് എക്‌സ്റ്ററിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നല്‍കുന്ന എക്സ്റ്റര്‍ സിഎന്‍ജിക്ക് 9.32 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നല്‍കുമെന്നാണ് പറയുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഓറ സെഡാന്‍ എന്നിവയില്‍ സേവനം ചെയ്യുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന് തുടിപ്പേകുന്നത്.
ഈ മോട്ടോര്‍ പരമാവധി 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ കണക്കുകള്‍ 68 bhp പവറും 95.2 Nm ടോര്‍ക്കും ആയി കുറയുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്സുകളാണ് ലഭിക്കുക.

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് ആക്ടിവേറ്റഡ് കമാന്‍ഡുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ടു-വേ ഡാഷ്‌ക്യാം, ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകള്‍ എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്ററിലെ സുപ്രധാന സവിശേഷതകള്‍.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും കേമനാണ് എക്‌സ്റ്റര്‍. എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.


Click it and Unblock the Notifications








