Hyundai Exter പഞ്ചിന്റെ എതിരാളിക്ക് പേരായി; ടെററാകാന്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍
ടാറ്റയുടെ ബെസ്റ്റ് സെല്ലര്‍ ചെറു എസ്‌യുവിയായ ടാറ്റ പഞ്ചിനെ പൊളിക്കാന്‍ ഹ്യുണ്ടായി ഒരു ബ്രഹ്‌മാസ്ത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആഗോള വിപണിയിലെ കാസ്പറിനെ അടിസ്ഥാനമാക്കിയുള്ള ഈ ചെറു എസ്‌യുവി 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ കാറുമായി ബന്ധപ്പെട്ട ഒരു സുപ്രധാന അപ്‌ഡേറ്റ് വന്നിട്ടുണ്ട്.
പഞ്ചിനെ പഞ്ചറാക്കാന്‍ എത്തുന്ന കാറിന് ഹ്യുണ്ടായി പേരിട്ടു. ഹ്യുണ്ടായി 'എക്‌സ്റ്റര്‍' എന്നാണ് ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്ന ചെറു എസ്‌യുവി അറിയപ്പെടുക. പുതിയ ഹ്യുണ്ടായി എക്സ്റ്ററിന്റെ ഉല്‍പ്പാദനം ഈ വര്‍ഷം ജൂലൈയോടെ ആരംഭിക്കും. ഇത് അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. ഇതോടെ കാര്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് സൂചന.

ഇന്ത്യന്‍ വിപണി പിടിച്ചടക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹ്യുണ്ടായി എക്സ്റ്റര്‍ മൈക്രോ എസ്‌യുവി കൊണ്ടുവരുന്നത്. എന്‍ട്രി ലെവല്‍ എസ്‌യുവി ആയതിനാല്‍ ഇത് കമ്പനിയുടെ വിപണി വിഹിതത്തില്‍ വലിയ ഉയര്‍ച്ച കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, വെന്യു, അല്‍കസാര്‍, കോന ഇലക്ട്രിക്, ടക്‌സണ്‍, അയോണിക് 5 എന്നീ വമ്പന്‍മാരടങ്ങുന്ന ഹ്യുണ്ടായിയുടെ എസ്‌യുവി ലൈനപ്പിലേക്കാണ് എക്‌സ്റ്റര്‍ അഡ്മിഷന്‍ എടുക്കാന്‍ പോകുന്നത്.
ജെനറേഷന്‍ Z വിഭാഗത്തില്‍ പെടുന്ന ഉപഭോക്താക്കളെയാണ് ഈ മോഡല്‍ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ സാന്‍ട്രോ ഒഴിച്ചിട്ടുപോയ ഇടം എക്‌സ്റ്ററിലൂടെ തിരിച്ചുപിടിക്കുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. എക്‌സ്റ്റര്‍ എസ്‌യുവിയെ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീസറുകളില്‍ നിന്ന് കാറിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിനെ കുറിച്ച് ചെറിയ സൂചനകള്‍ ലഭിക്കുന്നുണ്ട്. ഈ കാര്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതും ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.

ഫ്ലാറ്റ് ബോണറ്റും ടെയില്‍ഗേറ്റുമുള്ള ഒരു എസ്‌യുവിയായിരിക്കും ഇതെന്നാണ് ചിത്രങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുക. വലിപ്പം പരിഗണിക്കുമ്പോള്‍ നഗരയാത്രകള്‍ക്ക് അനുയോജ്യമായ ഒരു കാറായിരിക്കും ഇത്. ഇത് വരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ക്രെറ്റ, വെന്യു, അല്‍കാസര്‍ എന്നിവയ്ക്ക് സമാനമായ സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം എക്‌സ്റ്ററിനും ഹ്യുണ്ടായി നല്‍കും. വെന്യുവിന് സമാനമായ രീതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ മുകളിലും സ്‌ക്വയര്‍ ഹെഡ്‌ലാമ്പുകള്‍ താഴെയുമായി വരുന്ന രീതിയിലായിരിക്കാം സജ്ജീകരണം.
ഡിആര്‍എല്ലുകളില്‍ 'H' പാറ്റേണ്‍ ഉണ്ടാകും. പരീക്ഷണയോട്ടം നടത്തുന്നതിനിടെ വരാന്‍ പോകുന്ന സാന്റ ഫേ എസ്‌യുവിയിലും ഇതേ സംഗതി ശ്രദ്ധയില്‍ പെട്ടിരുന്നു. എക്സ്റ്ററിന്റെ പിന്‍വശത്ത് ഒരു കോണാകൃതിയിലുള്ളതുമായ ടെയില്‍ ലാമ്പ് ആണ് പ്രതീക്ഷിക്കുന്നത്. ഇതിനോട് ഒരു എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്തിരിക്കും. വശങ്ങളില്‍ മൊഞ്ച് കൂട്ടാനായി വീല്‍ ആര്‍ച്ചുകള്‍ക്കും ഡോറുകള്‍ക്ക് താഴെയും ക്ലാഡിംഗുകള്‍ നല്‍കും.
ഫ്രണ്ട് വീല്‍ ഡ്രൈവ് (FWD) ആണെങ്കില്‍ കൂടി കാറിന് മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ ഗ്രാന്‍ഡ് i10 നിയോസിനെ എക്‌സ്റ്റര്‍ കവച്ച്‌വെക്കും. പവര്‍ട്രെയിനിലേക്ക് വന്നാല്‍ വെന്യു, ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നിവയിലെ അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും എക്സ്റ്ററിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 82 bhp പവറും 114 Nm ടോര്‍ക്കും വികസിപ്പിക്കും. 5 സ്പീഡ് മാനുവല്‍ AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും ഉണ്ടായിരിക്കുക.
NA എഞ്ചിനിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കാനും സാധ്യതയുണ്ട്. എങ്കിലും കുറച്ച് കഴിഞ്ഞായിരിക്കും ഇത് ലഭിക്കുക. എക്‌സ്റ്ററിന്റെ മുഖ്യ എതിരാളിയായി വിലയിരുത്തപ്പെടുന്ന ടാറ്റ പഞ്ച് ടര്‍ബോ എഞ്ചിന്‍ വാഗദാനം ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഹ്യുണ്ടായിയുടെ 1.0 T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എക്‌സ്റ്ററിന് ഒരു പ്ലസ് പോയിന്റായി മാറും. ഡീസല്‍ എഞ്ചിന്റെ അഭാവം നികത്താന്‍ കുറച്ച്കൂടി ശക്തമായ ടര്‍ബോ എഞ്ചിന്‍ കൊണ്ട് സാധിക്കുമെന്നാണ് അവരുടെ വിശ്വാസം.
ഇന്ന് ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ക്ക് പ്രചാരമേറുന്നുണ്ട്. ഹ്യുണ്ടായിയും അവരുടെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എക്‌സ്റ്ററിനെ ഹ്യുണ്ടായി സിഎന്‍ജി കിറ്റ് അണിയിച്ചും വിപണിയിലറക്കിയേക്കും. മൈക്രോ എസ്‌യുവിയുടെ ഓള്‍ ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സംസാരം. ഏതായാലും എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ തീപാറിക്കാന്‍ എക്‌സ്റ്റര്‍ കൂടി എത്തുന്നതോടെ മത്സരം കൊഴുക്കും. എക്‌സ്റ്ററിന്റെ വെല്ലുവിളി ടാറ്റ പഞ്ച് എങ്ങനെ നേരിടുമെന്നും കണ്ടറിയണം.


Click it and Unblock the Notifications








