കൈനിറയെ ബുക്കിംഗിനൊപ്പം നിരവധി അവാര്‍ഡുകളും; താരമായി 6 ലക്ഷം രൂപ മാത്രം വിലയുള്ള ഈ എസ്‌യുവി
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ രാജ്യത്ത് ഏറ്റുവും ഒടുവിലായി വിപണിയില്‍ എത്തിച്ച വിജയകരമായ ഉല്‍പ്പന്നമാണ് എക്‌സ്റ്റര്‍. പുറത്തിറങ്ങി മൂന്ന് മാസങ്ങള്‍ കൊണ്ട് 75000-ത്തിലധികം യൂണിറ്റ് ബുക്കിംഗ് നേടി എക്‌സ്റ്റര്‍ ജൈത്രയാത്ര തുടരുന്നതിനിടെ ഇരട്ടി മധുരമായി ചില പുരസ്‌കാരങ്ങള്‍ കൂടി മൈക്രോ എസ്‌യുവിയെ തേടി എത്തിയിരിക്കുകയാണ്. അത് എന്താണെന്ന് നമുക്ക് നോക്കാം.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍. ടാറ്റ പഞ്ചിന്റെ എതിരാളിയായി രാജ്യത്ത് അവതരിപ്പിച്ച എക്സ്റ്ററിന്റെ മികവില്‍ അടുത്ത കാലത്ത് ഹ്യുണ്ടായി മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പോയ മാസം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന നേടിയതായിരുന്നു അതില്‍ ഒന്ന്.

ഇതിനിടെ ഡിസൈന്‍ ഇന്ത്യയുടെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈന്‍ അവാര്‍ഡ്‌സ് 2023-ല്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഹ്യുണ്ടായി തന്നെ ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കാറിന്റെ നൂതന രൂപകല്‍പ്പനക്കാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഇന്ത്യയിലെ മികച്ച ഡിസൈന്‍ പ്രോജക്റ്റ് അവാര്‍ഡാണ് എക്‌സ്റ്ററിന് ലഭിച്ച പുരസ്‌കാരങ്ങളില്‍ ഒന്ന്. ഇതുകൂടാതെ ഹ്യുണ്ടായിയുടെ അഡ്വാന്‍സ്ഡ് ഡിസൈന്‍ ഇന്ത്യ ടീം 'ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍-ഹൗസ് സ്റ്റുഡിയോ' പുരസ്‌കാരവും സ്വന്തമാക്കി.
ഉപഭോക്താക്കളില്‍ നിന്നും വിപണി വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന ഈ സ്വീകരണത്തില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യക്കാര്‍ക്ക് ഏറ്റവും നൂതനമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹ്യുണ്ടായി പറഞ്ഞു. 5.99 ലക്ഷം രൂപ മുതല്‍ 9.06 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിട്ടായിരുന്നു ഹ്യുണ്ടായി എക്‌സ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ആകര്‍ഷകമായ രൂപകല്‍പ്പനയും താങ്ങാനാവുന്ന വിലയും കൈനിറയെ ഫീച്ചറുകളും മികച്ച സേഫ്റ്റിയുമൊരുക്കുന്ന കാര്‍ അതിവേഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമായത്. എന്നാല്‍ കാറിന്റെ ഡിമാന്‍ഡ് കുതിച്ചയുര്‍ന്നതോടെ കഴിഞ്ഞ ദിവസം കമ്പനി വിലയില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തി. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയില്‍ ഹ്യുണ്ടായി കൈ വെച്ചിട്ടില്ലാത്തതിനാല്‍ 5.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഇത് വില്‍പ്പനയ്ക്കെത്തുന്നത്.
അതേസമയം 16,000 രൂപ വരെ വേരിയറുകളെ അപേക്ഷിച്ച് വില വര്‍ധിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ EX, SX (O) AMG കണക്റ്റ് ഓപ്ഷനുകള്‍ ഒഴികെയുള്ള എല്ലാ വേരിയന്റുകളുടെയും വിലകളില്‍ ഹ്യുണ്ടായി മാറ്റം വരുത്തിയിട്ടുണ്ട്. വില ചെറുതായിട്ട് കൂടുന്നുണ്ടെങ്കിലും മുടക്കുന്ന ക്യാഷിനൊത്ത മൊതലാണ് എക്സ്റ്ററെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് എക്സ്റ്ററിന്റെ ഡിമാന്‍ഡ് കുത്തനെ കൂടുന്നത്.

കമ്പനിയെ പോലും അതിശയിപ്പിക്കുന്ന ബുക്കിംഗ് നിമിത്തം കാറിന്റെ കാത്തിരിപ്പ് കാലയളവും കൂടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹ്യുണ്ടായി എക്സ്റ്ററിന് 9 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. എന്നാല്‍ കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കള്‍ മറ്റ് കാറുകളിലേക്ക് പോകുന്നതും അവരെ മുഷിപ്പിക്കാതിരിക്കാനുമായി ഹ്യുണ്ടായി ചില പോംവഴി കണ്ടുവെച്ചിട്ടുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ പരിഹാരമാര്‍ഗം.
തുടക്കത്തില്‍ ഓരോ മാസവും എക്സ്റ്ററിന്റെ 6000 യൂണിറ്റായിരുന്നു കമ്പനി നിര്‍മിച്ച് വന്നിരുന്നത്. ഡിമാന്‍ഡ് കൂടിയതോടെ ഇത് പിന്നീട് 8000 യൂണിറ്റായി ഉയര്‍ത്തി. ഇത് ഇനിയും ഉയര്‍ത്താന്‍ പോകുകയാണ്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ മൈക്രോ എസ്‌യുവിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 83 bhp കരുത്തും 114 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT ഗിയര്‍ബോക്സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. പെട്രോള്‍ പതിപ്പിനൊപ്പം എക്സ്റ്റര്‍ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. എക്സ്റ്ററിന്റെ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ പരമാവധി 69 bhp പവറും 95.2 Nm ടോര്‍ക്കും നല്‍കുന്നു. എക്സ്റ്റര്‍ സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വരുന്നത്.
കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്റ്റര്‍ കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്. പാര്‍ക്ക് ചെയ്യാന്‍ അധികം സ്ഥലം ആവശ്യമില്ലാത്തതിനാല്‍ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഇഷ്ടമായെന്നാണ് തോന്നുന്നത്. ഇങ്ങനെ പല കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് എക്‌സ്റ്റര്‍ നേടിയെടുക്കുന്നത്. കൈനിറയെ ഫീച്ചറുകളും മികച്ച സുരക്ഷയും ഒപ്പം താങ്ങാവുന്ന വിലയും കൂടിയാകുമ്പോള്‍ പിന്നെ ഒന്നും നോക്കാനില്ലെല്ലോ.


Click it and Unblock the Notifications








