ഈ വിലയ്ക്ക് കിട്ടാവുന്നതിലേറെ ഇതിലുണ്ട്; ഹ്യുണ്ടായി എക്‌സ്റ്ററിനെ അടുത്തറിയാം
ടാറ്റ പഞ്ചിനെ പഞ്ചറാക്കാനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍ തിങ്കളാഴ്ച (10 ജൂലൈ 2023) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. മോഹ വിലയില്‍ എത്തുന്ന കാര്‍ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ്. കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാവുന്ന വിലയിലുള്ള എസ്‌യുവിയായി മാറിയ എക്‌സ്റ്ററിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ഡിസൈന്‍: പുതിയ ഹ്യുണ്ടായി കാറുകളെ പോലെ ബ്രാന്‍ഡിന്റെ പാരാമെട്രിക് ഡിസൈന്‍ ഭാഷയിലാണ് എക്‌സ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മോഡേണ്‍ ലുക്കിംഗ് ബോക്‌സി ഡിസൈനിലാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ഡിസൈന്‍. ഉയര്‍ന്ന ഫ്രണ്ടും മള്‍ട്ടി സെക്ഷന്‍ ബമ്പറും വലിയ സ്‌കിഡ് പ്ലേറ്റും എസ്‌യുവിക്ക് ബോള്‍ഡ് ലുക്ക് നല്‍കുന്നു.

'H' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലിന് കീഴില്‍ സമചതുരാകൃതിയിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ വരുന്നു. അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ആര്‍ച്ചുകള്‍ ക്ലാഡിംഗുകളോട് കൂടിയ ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കുന്നു. ഇന്റര്‍കണക്ടിംഗ് ബാറുകള്‍ക്കൊപ്പം 'H' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളും കുഞ്ഞന്‍ എസ്‌യുവിയുടെ പിറക് വശത്ത് കാണാന്‍ സാധിക്കും.
വേരിയന്റും വിലയും: EX, S, SX, SX(O), SX(O) കണക്റ്റ് എന്നിങ്ങനെ 5 ട്രിമ്മുകളിലാണ് എക്സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. 'EX' 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലഭ്യമാകുക. 'S' 'വേരിയന്റിന് 7.27 ലക്ഷവും 'SX' വേരിയന്റിന് 7.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. SX(O) വേരിയന്റിന് 8.64 ലക്ഷവും SX(O) കണക്റ്റിന് 9.32 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കണം. സിഎന്‍ജി പതിപ്പിന് 8.24 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.

ഫീച്ചറുകള്‍: എക്സ്റ്ററിന്റെ ക്യാബിന്‍ ഹ്യുണ്ടായി ഓറയ്ക്കും ഗ്രാന്‍ഡ് i10 നിയോസിനും സമാനമാണെങ്കിലും പുതിയ ഒത്തിരി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 4.2 ഇഞ്ച് MID-യും 12 കസ്റ്റമൈസ് ചെയ്യാവുന്ന ഭാഷകളുമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മൈക്രോ എസ്‌യുവിക്ക് ലഭിക്കുന്നു. ഡാഷ്ബോര്‍ഡിലെ ഹണി കോമ്പ് പാറ്റേണും സര്‍ക്കുലാര്‍ എയര്‍കോണ്‍ വെന്റുകളുമുള്ള ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍.
ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ് മൗണ്ടഡ് ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റും എക്സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫുട്വെല്‍ ലൈറ്റിംഗ്, മെറ്റല്‍ പെഡലുകള്‍, പവര്‍ ഔട്ട്ലെറ്റുള്ള റിയര്‍ എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്റര്‍, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയ ചില സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ഓഫറിലുണ്ട്.

സേഫ്റ്റി ഫീച്ചറുകള്‍: ആറ് എയര്‍ബാഗുകള്‍, ESC, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, EBD ഉള്ള ABS, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് എക്സ്റ്റിലെ സേഫ്റ്റി ഫീച്ചറുകള്‍. SX, SX(O), SX(O) കണക്റ്റ് വേരിയന്റുകളില്‍ ഇവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. എന്നാല്‍ ബേസ് E, S ട്രിമ്മുകളില്‍ ഓപ്ഷണല്‍ എക്സ്ട്രാകളായും ലഭിക്കും.
എഞ്ചിന്‍: ഓറയിലും വെന്യുവിലും സേവനമനുഷ്ഠിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 82 bhp പവറും 114 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. എക്‌സ്റ്ററിന്റെ സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമായിരിക്കും ലഭിക്കുക. സിഎന്‍ജി പതിപ്പ് 68 bhp പവറും 95.2 Nm ടോര്‍ക്കുമാണ് നല്‍കുക.

മൈലേജ്: എക്‌സ്റ്ററിന്റെ ഇന്ധനക്ഷമത കണക്കുകളും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. എക്‌സ്റ്ററിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. AMT വേരിയന്റില്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 19.2 കിലോമീറ്റര്‍ ഓടാമെന്നാണ് പറയുന്നത്. പെട്രോള്‍ വേരിയന്റുകള്‍ തൃപ്തികരമായ മൈലേജ് നല്‍കുമ്പോള്‍ തന്നെ സിഎന്‍ജി വേരിയന്റുകളുടെ ഇന്ധനക്ഷമതയും കിടുവാണ്. എക്‌സ്റ്ററിന്റെ സിഎന്‍ജി പതിപ്പ് കിലോമീറ്ററിന് 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയാകും നല്‍കുക.
ആറ് സോളിഡ് നിറങ്ങളും മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും മൂന്ന് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും ഹ്യുണ്ടായി എക്സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. റേഞ്ചര്‍ കാക്കി, കോസ്മിക് ബ്ലൂ ഷേഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബ്ലാക്ക് റൂഫ്, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, കോസ്മിക് ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് എക്സ്റ്റര്‍ എസ്‌യുവിയിലെ എക്സ്റ്റീരിയര്‍ നിറങ്ങള്‍.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ടാണ് ഹ്യുണ്ടായി എക്‌സ്റ്ററിനെ ഇറക്കി വിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായ കാറിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ എക്സ്റ്ററിനായി 11,000-ലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. കുറഞ്ഞ വിലയില്‍ മൈലേജും സേഫ്റ്റിയും ഒരുമിച്ച് വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ അതില്‍ മയങ്ങി വീഴുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








