631 കി.മീ റേഞ്ചുള്ള ഇവിയും ഹിറ്റ്! ഹ്യുണ്ടായി ഇന്ത്യക്ക് വെച്ചടി വെച്ചടി കയറ്റം
ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം സുപ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഈ കലണ്ടര്‍ വര്‍ഷം ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ല് പിന്നിടാനാണ് കൊറിയന്‍ കമ്പനിയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി പുത്തന്‍ ലോഞ്ചുകള്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലായിരുന്നു ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയത്. അന്നുമുതല്‍ ഇന്നുവരെ ഇവിയുടെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സ്മാര്‍ട്ട് കെയര്‍ ക്ലിനിക് കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാം പ്രഖ്യാപിക്കുന്നതിനിടയിലാണ് കമ്പനി സിഒഒയായ തരുണ്‍ ഗാര്‍ഗ് ഇക്കാര്യം അറിയിച്ചത്.

2023 ജൂലൈയില്‍ ഫ്‌ലാഗ്ഷിപ്പ് ഇവി 500 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് കമ്പനി പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. 44.95 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തിച്ചത്. പിന്നാലെ കാറിന്റെ വില കമ്പനി കൂട്ടി. ഇപ്പോള്‍ 45.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
അയോണിക് 5 ഇവി രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണ് ചെയ്യുന്നത്. കോന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ ഹ്യുണ്ടായി അയോണിക് 5 ഇവിയിലൂടെ ആഡംബര വിഭാഗത്തിലേക്കും കാര്‍ നിര്‍മ്മാതാവ് കാലെടുത്ത് വെച്ചു. ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5. കിയ EV6 ഇവിയും ഇതേ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിക്കുന്നത്.

കിയയില്‍ നിന്നുള്ള കസിന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അയോണിക് 5 ഇവിക്ക് കൂടുതല്‍ മത്സരാധിഷ്ഠിത വിലയാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. ഇത് വില്‍പ്പന കുതിച്ചുയരാന്‍ സഹായിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. ഡാര്‍ക്ക് പെബിള്‍ ഗ്രേ തീമിലുള്ള ഡാഷിനൊപ്പം വളരെ മിനിമലിസ്റ്റിക് ക്യാബിനാണ് അയോണിക് 5-ല്‍ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്. ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റ് സജ്ജീകരണത്തിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍ കാണാം.
ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ബോസില്‍ നിന്നുള്ള പ്രീമിയം 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റവുമായി ജോടിയാക്കിയ, ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണക്കുന്ന റെസ്‌പോണ്‍സീവ് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റാണ്. ഇവിക്കുള്ള ഓണ്‍ബോര്‍ഡ് നാവിഗേഷനും ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് പിന്തുണയ്ക്കുന്നു. 60-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സജ്ജീകരണവും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കാണാം.

റിമോട്ട് ഡോര്‍ ലോക്ക്/ അണ്‍ലോക്ക്, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനോടോ ആമസോണിന്റെ അലക്സായോടോ കമാന്‍ഡ് ചെയ്യാന്‍ ഉടമകളെ അനുവദിക്കുന്ന ഹോം 2 കാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ഡ് ടെയില്‍ഗേറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍-2-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ലഭിക്കുന്നു.
ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എഞ്ചിന്‍ പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെവല്‍-2 ADAS എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നത്. അയോണിക് 5 സിംഗിള്‍ ടോപ് സ്‌പെക് RWD പതിപ്പില്‍ മാത്രമാണ് ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുക. റിയര്‍ ആക്‌സില്‍ മൗണ്ടഡ് PMS മോട്ടോറാണ് അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ കരുത്ത്. 215 bhp പവറും 350 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ് ഈ മോട്ടോര്‍.

മണിക്കൂറില്‍ 185 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ (ARAI) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 72.6 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 350 kW DC ചാര്‍ജര്‍ വഴി 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അടുത്തിടെ അയോണിക് 5 N ആഗോളതലത്തില്‍ ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ജനപ്രിയമാകുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പ് കൊറിയന്‍ കമ്പനി ഇന്ത്യയിലെത്തിക്കുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications