ലോക കാര്‍ പുരസ്‌കാര വേദിയിലും ഇവി ആധിപത്യം; അവാര്‍ഡുകള്‍ വാരിക്കൂട്ടി ഹ്യുണ്ടായിയുടെ ഈ കാര്‍
ആഗോള തലത്തില്‍ സിനിമ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ കണക്കാക്കപ്പെടുന്നത് ഓസ്‌കാര്‍ അവാര്‍ഡാണ്. കാറുകളുടെ ഓസ്‌കാര്‍ പുരസ്‌കാരമെന്നാണ് വേള്‍ഡ് കാര്‍ അവാര്‍ഡ്‌സ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും മികച്ച കാര്‍ അടക്കം 6 വിഭാഗങ്ങളിലായുള്ള വിജയികളെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷനല്‍ ഓട്ടോ ഷോയില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ 2023 പുരസ്‌കാരമടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഹ്യുണ്ടായി അയോണിക് 6 മിന്നിത്തിളങ്ങി. ഇതിനൊപ്പം ഇലക്ട്രിക് കാറിനും കാര്‍ ഡിസൈനിനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി നേടിയാണ് അയോണിക് 6 ട്രിപ്പിളടിച്ചത്. 32 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ 100 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളാണ് വിധികര്‍ത്താക്കളായത്. ഇവരാണ് ലോകത്തിലെ ഏറ്റവും മികച്ച കാറുകളുടെയും പട്ടിക തയാറാക്കിയത്.

ഇതില്‍ നിന്ന് ആദ്യം 10 കാറുകളുടെ ചുരുക്കപ്പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് ശേഷം കഴിഞ്ഞ മാസം തെരഞ്ഞെടുത്ത 3 ഫൈനലിസ്റ്റുകളില്‍ നിന്നാണ് അന്തിമ വിജയിയെ തീരുമാനിച്ചത്. കാര്‍ ഡിസൈന്‍, അര്‍ബന്‍ കാര്‍, ഇലക്ട്രിക് കാര്‍, പെര്‍ഫോമന്‍സ് കാര്‍, ലക്ഷ്വറി കാര്‍, ഈ വര്‍ഷത്തെ മികച്ച കാര്‍ എന്നിങ്ങനെ 6 വിഭാഗങ്ങളിലായാണ് വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
2022-ല്‍ ലോഞ്ചായ കാറുകളില്‍ മൂന്ന് ഫൈനലിസ്റ്റുകളോട് പടവെട്ടിയാണ് അയോണിക് 6 ലോക കാറായത്. ഇത് രണ്ടാം തവണയാണ് വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ ഹ്യുണ്ടായി മൂന്ന് പുരസ്‌കാരങ്ങള്‍ നേടുന്നത്. കഴിഞ്ഞ വര്‍ഷം അയോണിക് 5 ഇതേ വിഭാഗങ്ങളില്‍ പുരസ്‌കാരത്തിനര്‍ഹമായിരുന്നു. 6 വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നേടിയ കാറുകളും ആരൊക്കെ ആയിരുന്നു ഫൈനലിസ്റ്റുകളെന്നും നമുക്ക് നോക്കാം.
ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഡിസൈിനുള്ള അവാര്‍ഡിനായി ആകെ 3 കാറുകള്‍ ഫൈനലിലെത്തി. ഹ്യുണ്ടായി അയോണിക് 6 ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ലൂസിഡ് എയര്‍ മൂന്നാമതെത്തി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇലക്ട്രിക് കാറിനുള്ള പുരസ്‌കാരവും അയോണിക് 6 തന്നെ റാഞ്ചി.
21 കാറുകളുടെ എന്‍ട്രി ലിസ്റ്റില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 3 കാറുകള്‍ ഫൈനലില്‍ കയറി. ബിഎംഡബ്ല്യു i7, ലൂസിഡ് എയര്‍ എന്നിവയെ പിന്തള്ളിയാണ് മികച്ച ഇലക്ട്രിക് കാറിനുള്ള പുരസ്‌കാരം അയോണിക് 6 നേടിയത്. കിയ EV6 ആണ് 2023 വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍. ലോകത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാറുകള്‍ക്കായി ആകെ 8 കാറുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു.

അതില്‍ നിന്ന് 3 കാറുകള്‍ ഫൈനലിലേക്ക് തിരഞ്ഞെടുത്തു. ഒടുവില്‍ നിസാന്‍ Z, ടൊയോട്ട GR കൊറോള എന്നിവയെ പിറകിലാക്കി കിയ EV6 പുരസ്‌കാരം പിടിച്ചെടുക്കുകയായിരുന്നു. മികച്ച ആഡംബര കാറിനുള്ള പുരസ്‌കാരത്തിനായി 15 കാറുകളാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് കാറുകള്‍ ഫൈനലില്‍ എത്തി. ബിഎംഡബ്ല്യു 7 സീരീസ്/i7, ജെനസിസ് G90 മോഡലുകളെ പിന്തള്ളി ലൂസിഡ് എയര്‍ വേള്‍ഡ് ലക്ഷ്വറി കാര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു.
നഗരപ്രദേശങ്ങളില്‍ ഓടിക്കുന്ന മികച്ച കാറുകള്‍ക്കാണ് വേള്‍ഡ് അര്‍ബന്‍ കാര്‍ പുരസ്‌കാരം നല്‍കുന്നത്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ സിട്രണ്‍ C3 ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടി. ORA ഫങ്കി ക്യാറ്റ് രണ്ടാം സ്ഥാനവുംK ഫോക്സ്വാഗണ്‍ ടൈഗോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോക കാര്‍ പുരസ്‌കാരത്തിനായി 30 കാറുകളുടെ എന്‍ട്രി ലിസ്റ്റില്‍ നിന്നാണ് 3 ഫൈനലിസ്റ്റുകളെ ജൂറി തെരഞ്ഞെടുത്തത്. ബിഎംഡബ്ല്യു X1/iX1 രണ്ടാം സ്ഥാനത്തും കിയ നിരോ മൂന്നാം സ്ഥാനത്തും എത്തി.

ലോക കാര്‍ പുരസ്‌കാരത്തിന് ഒരു മോഡല്‍ പരിഗണിക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് 10,000 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കപ്പെടണം. അവയുടെ പ്രാഥമിക വിപണികളില്‍ ആഡംബര കാറിനേക്കാള്‍ താഴെ ആയിരിക്കണം വില. 2022 ജനുവരി 1 മുതല്‍ 2023 മാര്‍ച്ച് 30നും ഇടയില്‍ രണ്ട് ഭൂഖണ്ഡങ്ങളിലായി ചൈന, യൂറോപ്പ്, ഇന്ത്യ, ജപ്പാന്‍, കൊറിയ, ലാറ്റിന്‍ അമേരിക്ക, യുഎസ്എ എന്നിങ്ങനെ കുറഞ്ഞത് രണ്ട് പ്രധാന വിപണികളിലെങ്കിലും വില്‍പന ഉണ്ടായിരിക്കുകയും വേണം.
ഹ്യുണ്ടായിയുടെ സമര്‍പ്പിത ഓള്‍-ഇലക്ട്രിക് ലൈനപ്പ് ബ്രാന്‍ഡായ അയോണിക്കിലെ രണ്ടാമത്തെ മോഡലാണ് അയോണിക് 6. ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കി ഒരുക്കിയ ഈ ഇവി 800-V അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നു. വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഇവിക്ക് കഴിയും.
ഹ്യുണ്ടായി അയോണിക് 6 WLTP സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 614 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. വിശാലമായ ഇന്റീരിയറിനൊപ്പം വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഓവര്‍-ദി-എയര്‍ (OTA) സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളോട് കൂടിയ നൂതന കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്നു. സ്പീഡ് സിങ്ക് ലൈറ്റിംഗ്, ഇവി പെര്‍ഫോമന്‍സ് ട്യൂണ്‍-അപ്പ്, ഇലക്ട്രിക് ആക്റ്റീവ് സൗണ്ട് ഡിസൈന്‍ (ഇ-എഎസ്ഡി) എന്നിവ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.


Click it and Unblock the Notifications








