83 ലക്ഷം കാറുകള്‍ കക്കാന്‍ എളുപ്പം; ഹ്യുണ്ടായിക്കും കിയക്കും വൈറല്‍ വീഡിയോയിലൂടെ കിട്ടിയ മുട്ടന്‍ പണി
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോസ് പല വ്യക്തികളുടെയും തലവര തന്നെ മാറ്റാറുണ്ട്. എന്നാല്‍ ലോകത്തിലെ രണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെയും കിയയുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ് ടിക്‌ടോക്കില്‍ വൈറലായ ചില വീഡിയോകള്‍.
പ്രശ്‌നപരിഹാരത്തിനായി 2015-നും 2019-നും ഇടയില്‍ വിറ്റുപോയ 83 ലക്ഷം കാറുകളില്‍ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുകമ്പനികളും. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വന്‍കിട വാഹന ബ്രാന്‍ഡുകളാണ് ഹ്യുണ്ടായിയും കിയയും. കിയയുടെ സഹോദര കമ്പനിയാണ് കിയ മോട്ടോര്‍സ്. ഇരു ബ്രാന്‍ഡുകളും തമ്മില്‍ ബന്ധമുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ഇരുവരും പരസ്പരം പോരാടുന്നു. എങ്കിലും ആവശ്യമായ സമയങ്ങളില്‍ ഒരുമിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു.

അടുത്ത കാലത്ത് അമേരിക്കയില്‍ ഒരു ടിക്‌ടോക് ചലഞ്ച് വീഡിയോ വൈറലായിരുന്നു. 2015 മുതല്‍ 2019 വരെ വിറ്റ കിയ, ഹ്യുണ്ടായി കാറുകളില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കള്ളന്‍മാര്‍ക്ക് മോഷ്ടിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാറുകള്‍ ഹ്യുണ്ടായിയുടെയും കിയയുടേതുമാണെന്നായിരുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ടായിരുന്നത്. യുഎസ്ബി കോഡും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് എങ്ങനെ കാര്‍ കടത്താം എന്നായിരുന്നു വിശദീകരിക്കുന്നത്. കാറുകളില്‍ ഇമൊബിലൈസര്‍ ഇല്ലാത്തതിനാലാണ് ഇത് സാധ്യമായിരുന്നത്.
പിന്നാലെ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കാറുകള്‍ മോഷണം പോയി. വീഡിയോ കണ്ട് ഞെട്ടിയ പലരും ഇത് ഷെയര്‍ ചെയ്തതോടെ അത് ഇന്റര്‍നെറ്റില്‍ വൈറലായി മാറി. വീഡിയോ വൈറലായതോടെ തകരാറുണ്ടെന്ന് പറഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നിന്ന് കാര്‍ വാങ്ങിയ ഉപഭോക്താക്കളില്‍ പലരും അത് പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ സംഗതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്.

ഇതോടെ അമേരിക്കയിലെ പ്രധാനപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേക വര്‍ഷങ്ങളില്‍ നിര്‍മിച്ച ഹ്യുണ്ടായി, കിയ കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക വരെ ചെയ്തു. ഇതേത്തുടര്‍ന്നാണ് യുഎസിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഈ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഈ കാറുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും താക്കോലില്ലാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചപോകാമെന്നും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിഷയം പുറത്തറിഞ്ഞതോടെ യൂസ്ഡ് കാര്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനികളുടെ കാര്‍ വിലയില്‍ വന്‍ ഇടിവ് നേരിട്ടു. തകരാര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വര്‍ഷങ്ങളില്‍ ഇറങ്ങിയ ഹ്യുണ്ടായി, കിയ കാറുകള്‍ വാങ്ങാന്‍ ആരും ധൈര്യം കാണിച്ച് മുന്നോട്ട് വന്നില്ല. നമ്മള്‍ പണം മുടക്കി കാര്‍ വാങ്ങിയിട്ട് അത് മോഷണം പോയാലോ എന്ന ഭയമായിരുന്നു പലര്‍ക്കും. ഇരു കമ്പനികള്‍ക്കും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിച്ചതുമില്ല.

ഈ കാറുകള്‍ക്ക് ആന്റി-തെഫ്റ്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹ്യൂണ്ടായി പ്രഖ്യാപിച്ചത്. കാറുകള്‍ മോഷണം പോയാലും അവ കണ്ടെത്താന്‍ അവയില്‍ ഘടിപ്പിച്ച ഉപകരണം സഹായിക്കും. എന്നാല്‍ കാര്‍ ഉപഭോക്താക്കളില്‍ പലരും ആന്റി തെഫ്റ്റ് ഉപകരണങ്ങളില്‍ വിശ്വാസം കാണിച്ചില്ല. മാത്രമല്ല പണം കൊടുത്ത കാറിന്റെ സുരക്ഷക്കായി വീണ്ടും നമ്മള്‍ തന്നെ പണം കൊടുക്കണമെന്ന സംഗതി വേണ്ടെന്ന് അവര്‍ തീരുമാനിച്ചു.
ഈ ഉപകരണത്തിന് പണം നല്‍കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് രണ്ട് കമ്പനികള്‍ക്കും പ്രശ്‌നത്തിന്റെ ആഴം മനസ്സിലായത്. ഇതിന്റെ ഭാഗമായിട്ടാണ് അവര്‍ ഒരു ശാശ്വത പരിഹാരം തേടിയത്. കാറിലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയാല്‍ കാര്‍ മോഷണം തടയാം എന്ന പോംവഴി അവര്‍ എത്തി. പ്രശ്നം നേരിടുന്ന കാറുകളില്‍ ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് സൗജന്യമായി നല്‍കാന്‍ ഹ്യുണ്ടായിയും കിയയും തീരുമാനിച്ചു.
38 ലക്ഷം കാറുകള്‍ക്ക് ഹ്യുണ്ടായിയും 45 ലക്ഷം കാറുകള്‍ക്ക് കിയയും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ്. ഈ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ കാറിന്റെ കീ സ്ലോട്ടില്‍ താക്കോല്‍ ഉണ്ടെങ്കില്‍ മാത്രമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. നേരത്തെയുണ്ടായിരുന്നു വയര്‍ലെസ് കീ ഫീച്ചര്‍ ഒഴിവാക്കും. ജൂണ്‍ മാസത്തോടെ കാറുകളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പൂര്‍ത്തിയാക്കാനാണ് ഇരു കമ്പനികളുടെയും ലക്ഷ്യമിടുന്നത്. 2017-2020 കാലയളവില്‍ നിര്‍മ്മിച്ച 10 ലക്ഷം എലാന്‍ട്ര കാറുകള്‍ക്കും 2015-2019 മുതല്‍ നിര്‍മ്മിച്ച സൊണാറ്റ കാറുകള്‍ക്കുമാണ് ഹ്യുണ്ടായി തുടക്കത്തില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുക.
2020-21 മോഡല്‍ ഇയര്‍ വെന്യുവും അപ്ഡേറ്റ് ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കിയയും സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്ത് തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2022-ന് ശേഷം അമേരിക്കയില്‍ കാറുകള്‍ക്ക് സ്റ്റിയറിംഗ് വീല്‍ ലോക്ക് ഫീച്ചര്‍ നിര്‍ബന്ധമാക്കിയതിനാല്‍ പരാതികള്‍ കുറഞ്ഞിരുന്നു. പഴയ കാറുകള്‍ക്കും സ്റ്റിയറില്‍ വീല്‍ ലോക്ക് നല്‍കാനും ഇപ്പോള്‍ സാധിക്കും. 2021 നവംബര്‍ മുതല്‍ എഞ്ചിന്‍ ഇമ്മൊബിലൈസര്‍ ഓപ്ഷന്‍ ഹ്യുണ്ടായി കാറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.


Click it and Unblock the Notifications








