6 വര്‍ഷമായിട്ടും ഒരു മാറ്റവുമില്ല! ഹ്യുണ്ടായി ഇവിക്ക് ഈ റേറ്റിംഗ് തന്നെ അധികം
ക്രാഷ് ടെസ്റ്റ് റേററിംഗ് നോക്കി കാര്‍ വാങ്ങുന്ന പ്രവണത അടുത്ത കാലത്തായി ഉപഭോക്താക്കള്‍ക്കിടയില്‍ കൂടി വരുന്നുണ്ട്. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP കാറുകളുടെ ക്രാഷ് ടെസ്റ്റിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്തകാലത്തായി ലോകത്തിെല ഒട്ടുമിക്ക ടെസ്റ്റിംഗ് ഏജന്‍സികളും അവരുടെ ക്രാഷ് ടെസ്റ്റ് പ്രോട്ടോകോളുകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ മഹീന്ദ്ര സ്‌കോര്‍പ്പിയോ N ഓസ്ട്രേലിയന്‍ NCAP-ല്‍ 0 സ്റ്റാര്‍ മാത്രം സ്‌കോര്‍ ചെയ്തത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എസ്‌യുവിയുടെ ഓസ്‌ട്രേലിയ സ്‌പെക്കില്‍ ADAS ഇല്ലെന്ന കാരണം കൊണ്ടാണ് ക്രാഷ് ടെസ്റ്റില്‍ പരാജയ്മായി മാറിയത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഒരു ഇലക്ട്രിക് കാറിന്റെ യൂറോ NCAP ക്രാഷ് ടെസ്റ്റ ഫലം പുറത്തുവന്നിരിക്കുകയാണ്.

ഹ്യുണ്ടായി കോന ഇവിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.യൂറോNCAP അവസാനം ക്രാഷ് ടെസ്റ്റ് നടത്തിയ കാറുകളുടെ പട്ടികയില്‍ 11ാം സ്ഥാനം മാത്രമാണ് ഹ്യുണ്ടായി കോന ഇവിക്ക് നേടാനായത്. രണ്ടാം തലമുറ കോന ഇവിക്ക് പുതിയ ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നേടാനായത്. ഭാഗ്യം കൊണ്ട് മാത്രമാണ് കോനക്ക് 3 സ്റ്റാര്‍ റേറ്റിംഗ് ആകാതെ പോയതെന്നാണ് ടെസ്റ്റിംഗ് ഏജന്‍സി പറഞ്ഞത്.
യൂറോപ്പില്‍ നടത്തിയ യൂറോ NCAP ടെസ്റ്റില്‍ ഹോണ്ട ZR-V, വിന്‍ഫാസ്റ്റ VF8 തുടങ്ങിയ ജനപ്രിയ കാറുകള്‍ക്കും കുറഞ്ഞ സ്‌കോര്‍ മാത്രമാണ് നേടാനായത്. ബിഎംഡബ്ല്യു 5 സീരീസ്, BYD സീല്‍ U, BTD ടാംഗ്, കിയ EV9, മെര്‍സിഡീസ് EQE എസ്‌യുവി, ഫോക്‌സ്‌വാഗണ്‍ ID.7, സ്മാര്‍ട് #3 എന്നീ മോഡലുകളാണ് ഈ വര്‍ഷം യൂറോ NCAP-ല്‍ 5 സ്റ്റാര്‍ സ്‌കോര്‍ ചെയ്തത്.

വെന്യു കോംപാക്ട് എസ്‌യുവി മാത്രമാണ് യൂറോ NCAP-ല്‍ 5 സ്റ്റാര്‍ നേടിയ ഏക ഹ്യുണ്ടായി കാര്‍. ഇതാദ്യമായല്ല ഹ്യുണ്ടായി കോന യൂറോപ്പിലെ ഇടിക്കൂട്ടില്‍ പരീക്ഷിക്കുന്നത്. 2017ല്‍ ആദ്യ തലമുറ ഇവി പരീക്ഷിച്ചപ്പോള്‍ ഇലക്ട്രിക് എസ്‌യുവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് നേടിയെടുത്തത്. അന്ന് മുതിര്‍ന്നവരുടെ സുരക്ഷയില്‍ 87 ശതമാനവും കുട്ടികളുടെ യാത്രക്കാരുടെ സുരക്ഷയില്‍ 85 ശതമാനവും കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 62 ശതമാനവും നേടി.
ഇതിനൊപ്പം സേഫ്റ്റി അസിസ്റ്റ് സിസ്റ്റത്തില്‍ 60 ശതമാനവും കോന ഇവി സ്‌കോര്‍ ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രണ്ടാം തലമുറ കോനയ്ക്കും 5 സ്റ്റാര്‍ ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 5 സ്റ്റാര്‍ മാത്രമല്ല മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണയില്‍ 2017-ല്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിച്ച് രണ്ടാം തലമുറ ഹ്യുണ്ടായി കോനയ്ക്ക് യൂറോ NCAP-ല്‍ 4 സ്റ്റാര്‍ മാത്രമാണ് നേടാനായത്. ക്രാഷ് ടെസ്റ്റില്‍ സ്‌കോര്‍ കുറഞ്ഞ കോനയുടെ സേഫ്റ്റിയെ ഏജന്‍സി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. രണ്ടാം തലമുറ കോന ഇവി മുതിര്‍ന്നവരുടെ സുരക്ഷയില്‍ 80 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 83 ശതമാനവുമാണ് സ്‌കോര്‍ ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് നേടിയ സ്‌കോറിനേക്കാള്‍ കുറവാണിത്.
കാല്‍നട യാത്രക്കാരുടെ സംരക്ഷണയില്‍ നേരിയ മെച്ചമുണ്ട്. ഈ വിഭാഗത്തില്‍ സുരക്ഷ 62 ശതമാനത്തില്‍ നിന്ന് 64 ശതമാനമായി ഉയര്‍ന്നു. സേഫ്റ്റി അസിസ്റ്റ് ഫീച്ചറുകളില്‍ ലഭിച്ച കുറഞ്ഞ സ്‌കോറാണ് കോന സെക്കന്‍ഡ് ജെനറേഷന് 5 സ്റ്റാര്‍ റേറ്റിംഗ് കിട്ടാതെ പോകാനുണ്ടായ കാരണമെന്നാണ് യൂറോ NCAP വിശദീകരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിക്ക് AEB (ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്) ഇല്ലായിരുന്നു. ഇത് സേഫ്റ്റി ടെസ്റ്റുകളില്‍ തൃപ്തകരമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നതിന് കാരണമായി.

ഒരു ജംഗ്ഷന്‍ മുറിച്ചുകടന്ന് ഒരു കാറിന് സമീപമെത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് യൂറോ NCAP വ്യക്തമാക്കി. 4 സ്റ്റാര്‍ റേറ്റിംഗാണ് കിട്ടിയതെങ്കിലും കോനയുടെ സേഫ്റ്റി കുറച്ചുകാണാന്‍ കഴിയില്ല. മൊത്തത്തില്‍ ക്രാഷ് പ്രൊട്ടക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കാറുകള്‍ക്കാണ് 4 സ്റ്റാര്‍ ലഭിക്കുന്നത്. രണ്ടാം തലമുറ കോനയുടെ വലിപ്പം കൂടിയത് ഉപഭോക്താക്കള്‍ക്ക് നല്ലതാണെന്നാണ് യൂറോ NCAP പറയുന്നത്. എന്നാല്‍ എസ്‌യുവിയുടെ എതിരാളികള്‍ക്ക് ഇതിലും മികച്ച സേഫ്റ്റി റേറ്റിംഗ് ലഭിച്ചാല്‍ ഈ വാദങ്ങളൊന്നും വിലപ്പോവില്ല.


Click it and Unblock the Notifications








