സേഫ്‌റ്റിയിൽ ടാറ്റയെ 'സിക്‌സറിന് പറത്തി' ഹ്യുണ്ടായി; എല്ലാ കാറുകളിലും ഇനി 6 എയര്‍ബാഗുകള്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഒരാള്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ വില, ഡിസൈന്‍, ടെക്‌നാളജി എന്നീ കാര്യങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കി വന്നിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത് വിലയോ മൈലേജോ ഒന്നുമല്ല മറിച്ച് സേഫ്റ്റിക്കും സാങ്കേതികവിദ്യക്കുമാണ് കാര്‍ ഉപഭോക്താക്കള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നാണ്.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) സമീപ കാലങ്ങളില്‍ സേഫ്റ്റിക്ക് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ പാസഞ്ചര്‍ കാറുകള്‍ അതിന്റെ സാക്ഷ്യപത്രവുമാണ്. മെയിഡ് ഇന്‍ ഇന്ത്യ ഹ്യുണ്ടായി വെര്‍ണ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പിന്നാലെ ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹ്യുണ്ടായി.

ആഭ്യന്തര വിപണിയിലെ തങ്ങളുടെ എല്ലാ പാസഞ്ചാര്‍ വാഹനങ്ങളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുമെന്നാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ തിങ്കളാഴ്ച അറിയിച്ചത്. ഇങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളായിരിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു. കാര്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ അതിന്റെ മിക്ക ലൈനപ്പുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, വെന്യു എന്നിവ മാത്രമേ അപ്ഡേറ്റ് ചെയ്യാനുള്ളൂ.
ഈ മോഡലുകള്‍ക്ക് 4 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി വരുന്നു. ഇവയുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍ 6 ലഭ്യമാണ്. ഇനിമുതല്‍ എല്ലാ വേരിയന്റുകളിലുമുള്ള എല്ലാ മോഡലുകള്‍ക്കും 6 എയര്‍ബാഗുകള്‍ ലഭിക്കും. മൊത്തത്തില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ സേഫ്റ്റി ഫോര്‍ ആള്‍ സംരംഭത്തിന് കീഴില്‍ ബ്രാന്‍ഡിന്റെ നിരയിലെ എല്ലാ 13 മോഡലുകള്‍ക്കും ഇപ്പോള്‍ 6 എയര്‍ബാഗുകളും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറും വേരിയന്റുകളിലുടനീളം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറായി ലഭിക്കും.

10 ഹ്യുണ്ടായി കാറുകള്‍ക്ക് ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. കൂടാതെ ഏഴ് കാറുകള്‍ക്ക് ഇപ്പോള്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ലഭിക്കും. ഇന്ത്യയിലെ യുവതലമുറ സാങ്കേതിക ജ്ഞാനമുള്ളവരാണെന്നതിനാല്‍ എല്ലാ സുരക്ഷാ ഫീച്ചറുകളും സാങ്കേതികവിദ്യയും വേണമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഹ്യുണ്ടായി രാജ്യത്ത് അടുത്തിടെ പുറത്തിറക്കിയ ചില മുന്‍നിര മോഡലുകളില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
സേഫ്റ്റിയുടെ കാര്യത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ 60 ശതമാനത്തിനും അടുത്ത വര്‍ഷം ആദ്യം തന്നെ ADAS നല്‍കുമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഗ്രാന്‍ഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍ എന്നീ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ന്യൂജെന്‍ സേഫ്റ്റി ഫീച്ചര്‍ സജ്ജമാകും.
അടുത്ത വര്‍ഷത്തിനുശേഷം അതിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും ADAS ഉപയോഗിച്ച് സജ്ജമാക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. പുതിയ തലമുറ വെര്‍ണ, ട്യൂസോണ്‍, അയോണിക് 5 എന്നിവയിലാണ് ഹ്യൂണ്ടായി നിലവില്‍ ADAS വാഗ്ദാനം ചെയ്യുന്നത്. വരാനിരിക്കുന്ന ക്രെറ്റ ഫെയ്സ്ലിഫ്റ്റും അപ്ഡേറ്റഡ് അല്‍കാസറും അടുത്ത വര്‍ഷം തന്നെ ADAS ഉള്‍ക്കൊള്ളിച്ചായിരിക്കും എത്തുക. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ സജ്ജീകരിച്ചേക്കുക.
ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്‌നിലെ അന്തിമ ഫലങ്ങളിലൊന്നിലാണ് ഹ്യുണ്ടായി വെര്‍ണ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയത്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) സ്റ്റാന്‍ഡേര്‍ഡായി വരുന്ന സെഡാനാണ് ഇടിക്കൂട്ടില്‍ പരീക്ഷിച്ചത്. ക്രാഷ് ടെസ്റ്റിംഗ് ആരംഭിക്കുന്നതിനായി 3 മോഡലുകള്‍ ഭാരത് NCAP-ലേക്ക് സ്വമേധയാ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ മോഡലുകള്‍ ഉടന്‍ പിന്തുടരുമെന്നും ഹ്യുണ്ടായി പ്രഖ്യാപിച്ചു. ഏതൊക്കെ മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യയുടെ തദ്ദേശീയ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നതെന്ന് അല്‍പം കൂടി കാത്തിരുന്നാല്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ.


Click it and Unblock the Notifications








