മാരുതി ഫ്രോങ്ക്‌സിന് ചെക്ക് വെക്കാന്‍ ഹ്യുണ്ടായി കൊണ്ടുവരുമോ അവനെ?
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി സ്‌പോര്‍ട് യൂടിലിറ്റി സെഗ്‌മെന്റിലെ (SUV) 'കൊറിയന്‍' ആധിപത്യം അവസാനിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയും ജിംനി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയും അവതരിപ്പിച്ച് അവര്‍ നയം വ്യക്തമാക്കിയതാണ്. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ മാരുതിക്ക് തൊട്ടുപിന്നിലുള്ള ഹ്യുണ്ടായിയാണ് ഇപ്പോള്‍ എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്നത്.
എന്നാല്‍ ഹ്യുണ്ടായി ഇന്ത്യയില്‍ പച്ചപിടിച്ച് തുടങ്ങിയത് ഹാച്ച്ബാക്കുകളില്‍ നിന്നായിരുന്നു. രണ്ട് ബോഡിസ്‌റ്റൈലുകളും കൂടി കൂട്ടിയിണക്കി ഒരു ക്രോസ്ഓവര്‍ ഇടക്കാലത്ത് ഹ്യുണ്ടായി കൊണ്ടുവന്നിരുന്നു. അതായിരുന്നു ഹ്യുണ്ടായി i20 ആക്ടീവ്. വലിയ തരക്കേടില്ലാത്ത കാറായിരുന്നിട്ടും പുതുതലമുറയുടെ വരവോടെ i20 ആക്ടീവിനെ ഹ്യുണ്ടായി തിരികെ വിളിച്ചു. എന്നാല്‍ ഇപ്പോള്‍ ഫ്രോങ്ക്‌സ് വിപണിയില്‍ എത്തുകയും ആദ്യ മാസം തന്നെ വില്‍പ്പന ചാര്‍ട്ടില്‍ ടോപ് 10 പട്ടികയില്‍ ഇടംനേടുകയും ചെയ്തു.

ഈ സമയം വാഹനപ്രേമികളുടെ ഉള്ളില്‍ ഉയര്‍ന്ന് വരുന്ന ചോദ്യം ഫ്രോങ്ക്‌സിന് ചെക്ക് വെക്കാന്‍ ഹ്യുണ്ടായി i20 ആക്ടീവ് തിരികെ കൊണ്ടുവരുമോ എന്നതാണ്. നമുക്ക് നോക്കാം. ഹ്യുണ്ടായിയെ സംബന്ധിച്ച് i20 ആക്റ്റീവ് മാന്യമായ വില്‍പ്പന നേടിക്കൊടുത്തിരുന്നു. അക്കാലത്ത് ഫോക്സ്വാഗണ്‍ പോളോ ക്രോസ്, ഫിയറ്റ് അവെഞ്ചുറ, ടൊയോട്ട എത്തിയോസ് ക്രോസ് എന്നീ മോഡലുകളായിരുന്നു ഹ്യുണ്ടായി i20 ആക്ടീവിനൊപ്പം സെഗ്‌മെന്റില്‍ മാറ്റുരച്ചിരുന്നത്.
ജനപ്രിയമായിരുന്നെങ്കില്‍ കൂടി ഈ മോഡലുകള്‍ ഒന്നൊന്നായി വിടവാങ്ങി. മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ പ്രീമിയം ഹാച്ച്ബാക്കായ ബലോനോയുടെ ക്രോസ്ഓവര്‍ പതിപ്പാണ് ഫ്രോങ്ക്‌സ്. അതിനാല്‍ തന്നെ ഈ സെഗ്മെന്റിന് വീണ്ടും ജീവന്‍ വെപ്പിക്കാന്‍ ഫ്രോങ്ക്‌സിന് സാധിക്കുമെന്നാണ് തോന്നുന്നത്. ആ ഒരു സാഹചര്യത്തില്‍ i20 ആക്ടീവ് തിരികെ കൊണ്ടുവരാന്‍ ഹ്യുണ്ടായി ശ്രമിച്ചേക്കും.

ഇനി നമുക്ക് ഹ്യുണ്ടായി i20 ആളെങ്ങനെയായിരുന്നുവെന്ന് നോക്കാം. ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങിയ കോസ്‌മെറ്റിക് മാറ്റങ്ങളായിരുന്നു i20 ആക്റ്റീവില്‍ ഹ്യുണ്ടായി വരുത്തിയത്. ലുക്കിന് കിടപിടിക്കാന്‍ കാറിന് 20 mm ഗ്രൗണ്ട് ക്ലിയറന്‍സും അധികമായി നല്‍കി.
പവര്‍ട്രെയിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ ഇത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരുന്നു അവ. ഫ്രോങ്ക്‌സിന്റെ എതിരാളിയായി ഹ്യുണ്ടായി i20 ആക്ടീവ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് എളുപ്പം മറുപടി പറയാന്‍ സാധിക്കില്ല. എന്നാല്‍ ഈ മോഡലിനെ തിരികെ കൊണ്ടുവന്നാല്‍ കൊറിയന്‍ വാഹന ഭീമന്‍മാര്‍ക്ക് നേട്ടങ്ങള്‍ അനവധിയാണ്.

നിലവിലെ i20 ഒരു ലോ സ്ലംഗ് പ്രൊഫൈലില്‍ അല്‍പ്പം കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആയതിനാല്‍ ക്രോസ്ഓവര്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബമ്പറില്‍ മാറ്റം വരുത്തുന്നതോടൊപ്പം ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടേണ്ടി വരും. നിലവില്‍ 170 mm ആണ് പ്രീമിയം ഹാച്ചിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇതല്ലാതെ മോഡലില്‍ മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. ഏതായാലും ഫ്രോങ്ക്‌സിന്റെ എതിരാളിയായി ഹ്യുണ്ടായി പഴയ പോരാളിയെ കൊണ്ടുവരുമോ എന്ന് വൈകാതെ അറിയാം.
ജിംനിക്കൊപ്പം ജനുവരിയില്‍ 2023 ഓട്ടോ എക്സ്പോയിലായിരുന്നു ഫ്രോങ്ക്‌സിന്റെ അരങ്ങേറ്റം. രണ്ട് മാസങ്ങള്‍ കഴിഞ്ഞ് ഏപ്രിലില്‍ മോഡലിന്റെ വില പ്രഖ്യാപനവും നടന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളിലായാണ് വാഹനം വാങ്ങാനാവുക. 7.46 ലക്ഷം മുതല്‍ ടോപ്പ് സ്‌പെക്ക് മോഡലിന് 13.14 ലക്ഷം രൂപ വരെയാണ് എക്‌സഷോറൂം വില പോകുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 100 bhp പവറും 148 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 90 bhp പരമാവധി പവറും 113 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനുമാണ് കരുത്ത് പകരുന്നത്. ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.
നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ (HUD), 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് മോഡല്‍ എത്തുന്നത്.


Click it and Unblock the Notifications