പണം പോട്ടെ പവർ വരട്ടെ; N-ലൈൻ ശ്രേണിയിലേക്ക് ക്രെറ്റയും
ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ക്രെറ്റ. വരു വർഷങ്ങളിൽ അതായത് 2023 വർഷത്തിൻ്റെ അവസാനമോ 2024 വർഷത്തിൻ്റെ ആദ്യമോ പുതിയ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പക്ഷേ പുതിയ ഫെയ്സലിഫ്റ്റ് അവതരിപ്പിക്കുമ്പോൾ ഒരു വെറൈറ്റി കൂടി കമ്പനി കരുതുന്നുണ്ട്.
എസ്‌യുവിയുടെ ഒരു സ്പോർട്ടിയർ N-ലൈൻ പതിപ്പ് ഇറക്കാനാണ് കമ്പനിയുടെ പദ്ധതി. i20 N-ലൈൻ, വെന്യു N-ലൈൻ എന്നീ മോഡലുകളിൽ കണ്ട പോലുളള മാറ്റങ്ങളും പുതിയതായി ചേർത്ത ഫീച്ചേഴ്സും കാണാൻ സാധിക്കും. മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ നൽകി N-ലൈൻ മോഡലിനെ ചെറുതായൊന്ന് വ്യത്യസ്‌തമാക്കാനായിരിക്കും കമ്പനിയുടെ ഉദ്ദേശം.

ക്രെറ്റ എൻ-ലൈനിന്റെ ഇന്റീരിയർ ലേഔട്ട് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്, അതോടൊപ്പം കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, അലുമിനിയം പെഡലുകൾ, ഓൾ-ബ്ലാക്ക് തീം എന്നിവയും ലഭിക്കും. വരാനിരിക്കുന്ന ക്രെറ്റയിലെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭിക്കുന്നു എന്നതാണ്. വെന്യുവിൽ നൽകിയിരുന്ന പാരാമെട്രിക് ഗ്രിൽ തന്നെയാണ് ഇതിലും നൽകുക.
അത് കൊണ്ട് തന്നെ ക്രെറ്റയുടെ ഭംഗി അൽപ്പം കൂടെ വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വ്യത്യസ്‌തമായ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീലും ഗിയർ ലിവറും ഫീച്ചർ ചെയ്യാനാണ് സാധ്യത. വെർണയ്ക്കും അൽകസാറിനും കരുത്ത് പകരുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും പുതിയ ക്രെറ്റയിലും ഉപയോഗിക്കുക. 1.5-ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിനൊപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു.

2025 -ൽ എംജി ZS ഇവിയ്ക്ക് എതിരാളിയായി ക്രെറ്റയുടെ ഒരു ഇലക്ട്രിക് മോഡൽ ഹ്യുണ്ടായിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഹ്യുണ്ടായി അവരുടെ ഇവികളുടെ കാര്യത്തിൽ പ്രീമിയം ഇവികളിൽ നിന്ന് ആരംഭിച്ച് കൂടുതൽ ചെലവ് കുറഞ്ഞ മോഡലുകളിലേക്ക് പതിയെ എത്തുന്ന ഒരു ടോപ്പ്-ഡൗൺ സമീപനം ഹ്യുണ്ടായി സ്വീകരിക്കുന്നതായി തോന്നുന്നു. ഇന്റേണലി SU2i ഇവി എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഡെവലപ്മെന്റ് സ്റ്റേജിലാണ്.
ക്രെറ്റയുടെ ഇവി പതിപ്പ് എത്തുന്നതോടെ, ഭാവിയിൽ ഇന്ത്യയിൽ മറ്റ് ഹ്യുണ്ടായി, കിയ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളും പ്രതീക്ഷിക്കാം. ക്രെറ്റ ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിൽ സെൽറ്റോസ് ഇലക്‌ട്രിക് ദക്ഷിണ കോറിയൻ നിർമ്മാതാക്കൾക്ക് പ്ലാൻ ചെയ്യാം. ഡിമാൻഡും ജനപ്രീതിയും അനുസരിച്ചാവും ഏതെല്ലാം മോഡലുകൾക്ക് ഇലക്ട്രിക് ട്രീറ്റ്‌മെന്റ് ലഭിക്കുമെന്നത് നിർണ്ണയിക്കുന്നത്.

കുഞ്ഞന്‍ എസ്‌യുവി സെഗ്മെന്റിൽ നേരിട്ടൊരു എതിരാളിയില്ലാതെ അരങ്ങുതകർക്കുന്ന ടാറ്റ പഞ്ചിന് ഒരു എതിരാളിയായി ഹ്യുണ്ടായി എക്സ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.വൃത്താകൃതിയിലുള്ള ഫ്രണ്ട് ഫെയ്‌സും ഗ്രില്ലിൽ പാരാമെട്രിക് പാറ്റേണുകളുമുള്ള യുണീക്കായ സിഗ്നേച്ചർ H-എൽഇഡി ഡിആർഎല്ലുകളുമാണ് ഡിസൈൻ സ്കെച്ചിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എസ്‌യുവിയുടെ മുൻഭാഗം വേറിട്ടുനിൽക്കാൻ ക്യാരക്‌ടർ ലൈനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ഇത് ചെറുതായി മസ്കുലർ ഫീൽ നൽകുന്നതിനും സഹായകരമായിട്ടുണ്ട്. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ മനോഹരമാക്കാനും ബ്രാൻഡിനായിട്ടുണ്ട്. ബ്ലാക്ക് ഇൻസെർട്ടുകളുള്ള പ്രമുഖ ഗ്രിൽ സെക്ഷൻ എന്നിവയെല്ലാം സെൻസസ് സ്പോർട്ടിനെസ് സ്റ്റൈലിംഗ് ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.7 ലക്ഷം മുതൽ 11.50 ലക്ഷം വരെയായിരിക്കും വില എന്നാണ ലഭിക്കുന്ന സൂചനകൾ.
വെന്യു, ക്രെറ്റ, അൽകസാർ, കോന ഇലക്ട്രിക്, ട്യൂസോൺ, അയോണിക് 5 എന്നീ എസ്‍യുവികളുടെ നിരയിലേക്ക് വരുന്ന ഏറ്റവും പുതിയ അവതാരത്തിന് നിരവധി പ്രത്യേകതകളും ഉണ്ടാവുമെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് പറഞ്ഞുവെക്കുന്നുണ്ട്. എന്തായാലും പെട്രോൾ എഞ്ചിൻ മാത്രമുള്ള വാഹനമായിരിക്കും വരാനിരിക്കുന്ന എക്സ്റ്റർ എന്നുറപ്പാണ്.
1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനാവും മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക. ഇത് പരമാവധി 84 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഒരു ഓപ്ഷനായി അഞ്ച് സ്പീഡ് എഎംടിയുമായോ എഞ്ചിൻ ജോടിയാക്കും. വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായിക്ക് എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിൻ കൂടി കൊണ്ടുവരാനാവും.


Click it and Unblock the Notifications








