Hyundai Verna വില്‍പ്പനയില്‍ കത്തിജ്വലിച്ച് വെര്‍ണ; വെണ്ണീരായി സിറ്റിയും കൂട്ടരും
എസ്‌യുവികള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് സെഡാന്‍ സെഗ്‌മെന്റാണ്. കഴിഞ്ഞ മാസം ഒരുപിടി പുത്തന്‍ ലോഞ്ചുകള്‍ ഉണ്ടായിട്ടും സെഡാന്‍ വില്‍പ്പന പച്ചതൊട്ടുവെന്ന് പറയാന്‍ സാധിക്കില്ല. മൊത്തം സെഡാന്‍ സെഗ്‌മെന്റില്‍ വില്‍പ്പനയില്‍ ഇടിവാണ്. 2022 മാര്‍ച്ചില്‍ മൊത്തം 39,183 സെഡാനുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മൊത്തം 34291 സെഡാനുകളാണ് വിറ്റുപോയത്.
കഴിഞ്ഞ മാസം മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ രണ്ട് വമ്പന്‍ ലോഞ്ചുകളുണ്ടായിരുന്നു. അതില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയത് നാലം തലമുറ ഹ്യുണ്ടായി വെര്‍ണയുടെ വരവായിരുന്നു. ലോഞ്ച് ചെയ്ത ആദ്യ മാസം തന്നെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പിടിച്ച് വെര്‍ണ നയം വ്യക്തമാക്കിക്കഴിഞ്ഞു. 2023 മാര്‍ച്ചില്‍ 3755 യൂണിറ്റ് വെര്‍ണയാണ് വിറ്റുപോയത്. 2693 യൂണിറ്റുകളുമായി ഹോണ്ട സിറ്റിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ചെറിയ ഡിസൈന്‍ ട്വീക്കുകളും കുറച്ച് പുതിയ ഫീച്ചറുകളും ഫുള്‍-ഹൈബ്രിഡ് പതിപ്പിനായി ഒരു പുതിയ മിഡ്-സ്‌പെക് വേരിയന്റും ഉള്‍പ്പെടെയുള്ള മാറ്റങ്ങളുമായി വെര്‍ണയുടെ വരവിന് മുമ്പ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിച്ച് ഒരുങ്ങിയിരുന്നു. എന്നാല്‍ വെര്‍ണയുടെ പ്രഭാവത്തിന് മുന്നില്‍ സിറ്റി ഒളിമങ്ങി. ഫോക്‌സ്‌വാഗൺ വെര്‍ട്ടിസും സ്‌കോഡ സ്ലാവിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. 2023 മാര്‍ച്ചില്‍ 1,792 യൂണിറ്റ് വെര്‍ട്ടിസ് വിറ്റുപോയപ്പോള്‍ സ്ലാവിയയുടെ 1,574 യൂണിറ്റുകള്‍ വില്‍പ്പന നടത്തി.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ രണ്ട് സെഡാനുകളും ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരുകാലത്ത് സെഗ്‌മെന്റിലെ രാജാക്കന്‍മാരായിരുന്ന മാരുതി സുസുക്കി സിയാസ് അഞ്ചാം സ്ഥാനത്താണിപ്പോള്‍. വലിപ്പത്തിന്റെയും പ്രീമിയം ഫീച്ചറുകളുടെയും കാര്യത്തില്‍ പുതിയ എതിരാളികള്‍ സിയാസിനെ മൂലക്കിരുത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സിയാസിന്റെ 300 യൂണിറ്റുകള്‍ മാത്രമാണ് മാരുതിക്ക് വില്‍ക്കാനായത്.

പുത്തന്‍ എതിരാളികളോട് പിടിച്ച് നില്‍ക്കാന്‍ തട്ടിക്കൂട്ട് അപ്‌ഡേഷനുകള്‍ മാത്രം പോരെന്ന് മാരുതി ഇനിയെങ്കിലും മനസ്സിലാക്കണമെന്നാണ് വിദഗ്ധ സംസാരം. പുതിയ ഹ്യുണ്ടായി വെര്‍ണയെ കുറിച്ച് സംസാരിച്ചാല്‍ ആരെയും ആകര്‍ഷിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായാണ് സെഡാന്‍ അവതരിച്ചത്. ടര്‍ബോ, നോണ്‍-ടര്‍ബോ വേരിയന്റുകള്‍ക്കിടയില്‍ ഡിസൈനില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. വെര്‍ണയുടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ വേരിയന്റുകളില്‍ ചുവന്ന ബ്രേക്ക് കാലിപ്പറുകളോട് കൂടിയ ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കാറിന്റെ മുന്‍ഭാഗത്ത് പുതിയ പാരാമെട്രിക് ഗ്രില്ലും രണ്ട് ഹെഡ്ലാമ്പുകളേയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുമുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്റുകളുടെ ടെയില്‍ ലാമ്പുകളില്‍ കണക്റ്റഡ് ലൈറ്റ്ബാറും വാഗ്ദാനം ചെയ്യുന്നു. വെര്‍ണയുടെ അകത്തളത്തിലേക്ക് കയറിയാലും ടര്‍ബോ-നോണ്‍ ടര്‍ബോ വേരിയന്റുകളെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ കാണാം. എസി വെന്റുകളില്‍ ചുവപ്പ് ഹൈലൈറ്റുകളുള്ള ഓള്‍-ബ്ലാക്ക് കളര്‍ സ്‌കീമുമായാണ് ടര്‍ബോചാജ്ഡ് വേരിയന്റുകള്‍ വരുന്നത്.

അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ വേരിയന്റുകളില്‍ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക്, ബീജ് ഡാഷ്ബോര്‍ഡും സീറ്റുകളും സജ്ജീകരച്ചിരിക്കുന്നു. സെഗ്മെന്റിലെ ആദ്യമായി സ്പോര്‍ട്ടി ടൂ സ്പോക്ക് സ്റ്റിയറിംഗ് വീല്‍ സജ്ജീകരിച്ചിരിക്കുന്നതും വെര്‍ണയിലാണെന്ന പ്രത്യേകതയുമുണ്ട്. നാലാം തലമുറ വെര്‍ണ അകത്തും പുറത്തും സമൂലമായ മാറ്റങ്ങളുമായാണ് എത്തുന്നത്. ഫീച്ചര്‍ റിച്ചാണ് ഈ സെഡാന്‍.
ഹീറ്റഡ് സീറ്റുകള്‍, ഓട്ടോ എസി, ഓഡിയോ എന്നിവയ്ക്കായുള്ള ഡ്യുവല്‍ ഫംഗ്ഷനിംഗ് പാനലും പോലുള്ള കുറച്ച് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളോട് കൂടിയ ആധുനിക ക്യാബിനും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വന്നതോടെ വെര്‍ണ ഡീസല്‍ ഹ്യുണ്ടായി പിന്‍വലിച്ചു. ഇപ്പോള്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാങ്ങാന്‍ സാധിക്കുക. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ NA പെട്രോള്‍ എഞ്ചിന് 115 bhp പവറും 144 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.
ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ CV ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയിക്കുന്നു. 160 bhp പവറും 253 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ഓപഷനുകളില്‍ വാങ്ങാം. 10.90 ലക്ഷം മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് വെര്‍ണയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.


Click it and Unblock the Notifications