സ്കോഡയുടെ യൂറോപ്പിന് പുറത്തെ നമ്പര്‍ 1 വിപണിയായി ഇന്ത്യ; നന്ദി പറയേണ്ടത് ഈ രണ്ട് മോഡലുകള്‍ക്ക്
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 2002-ന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. സ്‌കോഡ എന്ന ബ്രാന്‍ഡ് ആഡംബരത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായാണ് ഏറെ കാലം ഇന്ത്യയില്‍ നില നിന്നത്. ഫീച്ചറുകള്‍ക്കൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നല്‍കി നിരവധി പോപ്പുലര്‍ കാറുകള്‍ പോയകാലത്ത് സ്‌കോഡ വിപണിയില്‍ ഇറക്കി.
എന്നാല്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകള്‍ പുറത്തിറക്കിയതോടെയാണ് സ്‌കോഡ വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ക്ലച്ചുപിടച്ചത് എന്ന് വേണം കരുതാന്‍. ഈ രണ്ട് പുതിയ ലോഞ്ചുകളും ഹിറ്റായതോടെ കഴിഞ്ഞ വര്‍ഷം സ്‌കോഡയുടെ വില്‍പ്പന റോക്കറ്റ് പോലെ ഉയര്‍ന്നു. 2022-ല്‍ സ്‌കോഡ ഇന്ത്യ 51,865 കാറുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 128 ശതമാനമാണ് വര്‍ധന.

മികച്ച വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒമ്പതാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി സ്‌കോഡ മാറിയിരുന്നു. സ്‌കോഡയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. അര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുന്ന യുകെയെ മറികടന്നാണ് ഇന്ത്യന്‍ വിപണി ഈ സ്ഥാനത്തേക്ക് എത്തിയത്. സ്‌കോഡയുടെ കാറുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന രാജ്യം ജര്‍മനിയാണ്. അവിടെ സ്‌കോഡയുടെ 134,300 യൂണിറ്റുകളാണ് പോയ വര്‍ഷം വിറ്റുപോയത്.
സ്‌കോഡയുടെ സ്വന്തം രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ 71,200 യൂണിറ്റുകള്‍ വിറ്റു. ഇന്ത്യയില്‍ നേടിയ ഈ വമ്പന്‍ വില്‍പ്പന സ്‌കോഡ 2022-ല്‍ കമ്പനിക്കുണ്ടായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് തങ്ങള്‍ക്ക് മോഡലുകള്‍ ഇറക്കാനാകുമെന്നും കൂടിയാണ് അവര്‍ വ്യക്തമാക്കി തരുന്നത്. 2022-ല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്‌കോഡ മോഡല്‍ മറ്റേതുമല്ല ഒക്ടാവിയ ലക്ഷ്വറി സെഡാനാണ്. ഒക്ടാവിയയുടെ 1,41,100 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്.

96,300 യൂണിറ്റ് വില്‍പ്പനയുമായി സ്‌കോഡ കാമിക് രണ്ടാം സ്ഥാനത്തെത്തി. 94,500 യൂണിറ്റ് വില്‍പ്പനയുമായി കോഡിയാക് ആണ് മൂന്നാമത്. ഇന്ത്യയിലെ ഹിറ്റ് മോഡലുകളായ സ്ലാവിയയുടെ 20,900 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റപ്പോള്‍ 26,800 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. ഇന്ത്യയില്‍ സ്‌കോഡ കഴിഞ്ഞ വര്‍ഷം ഡെലിവറികള്‍ ഇരട്ടിയിലധികമാക്കിയാണ് വര്‍ധിപ്പിച്ചത്. ഈ വിജയം അവരുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിന് കൂടുതല്‍ സഹായകമായി.
ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ ഇപ്പോള്‍ വിയറ്റ്‌നാമീസ് വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് പുറത്തുള്ള വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് തുടക്കം കുറിക്കാനായി വിയറ്റ്‌നാം ആണ് തെരഞ്ഞെടുത്തത്. പതിയെ മറ്റ് ആസിയാന്‍ രാജ്യങ്ങളിലേക്കും പാദമുദ്ര പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. വിയറ്റ്‌നാമില്‍ പ്രതിവര്‍ഷം 30000 വാഹനങ്ങള്‍ വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി ലക്ഷമിടുന്നു.

യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് പ്ലാന്‍. മഹാരാഷ്ട്രയിലെ പൂനെയിലെ സ്‌കോഡ ഓട്ടോ പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്ന് CKD (കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍) കാറുകള്‍ അസംബിള്‍ ചെയ്യും. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ CKD റൂട്ട് വഴിയെത്തുന്ന കാറുകള്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ വിയറ്റ്‌നാമില്‍ ഒരുങ്ങും. ഇന്ത്യയില്‍ നിന്ന് കുഷാഖും സ്ലാവിയയും അടക്കമുള്ള മോഡലുകള്‍ CKD റൂട്ട് വഴി വിയറ്റ്‌നാമിലേക്ക് കയറ്റി അയക്കും.
യൂറോപ്യന്‍ യൂനിയനും വിയറ്റ്നാമും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ മുഖേന മിക്ക താരിഫുകളും ഇല്ലാതാക്കുകയും നിയന്ത്രണ തടസങ്ങള്‍ കുറയ്ക്കുകയും 50-ലധികം ഡീലര്‍മാരിലേക്ക് എളുപ്പം വ്യാപിക്കാനും സാധിക്കും. ഈ കരാര്‍ 2030 മുതല്‍ ഡെലിവറികള്‍ 40,000 ആയി ഉയര്‍ത്താനുള്ള സ്‌കോഡയുടെ ലക്ഷ്യം സുഗമമാക്കുമെന്നാണ് കരുതുന്നത്. വിയറ്റ്‌നാമിന് പുറമെ പശ്ചിമേഷ്യന്‍ മേഖലയിലും തങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാനാകുമെന്ന വിശ്വാസം സ്‌കോഡയ്ക്കുണ്ട്.
പുതിയ മാര്‍ക്കറ്റുകളിലേക്കും കസ്റ്റമര്‍ സെഗ്‌മെന്റുകളിലേക്കും േസവനം വ്യാപിപ്പിക്കാനായി പുതിയ സമീപനം സ്വീകരിക്കുകയാണ് കമ്പനി. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി മാര്‍ക്കറ്റില്‍ ശക്തമായ അടിത്തറ സ്ഥാപിക്കാനായി പുത്തന്‍ പ്ലാനുകളോടെയാണ് സ്‌കോഡ ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. ഇത് വന്‍കരയിലെ മറ്റ് മേഖലകളിലേക്ക് കൂടി സാന്നിധ്യം നീട്ടുന്നതിനും കൂടി വാഹന ഭീമന്‍മാര്‍ക്ക് പ്രയോജനം ചെയ്തു. ഇതിന്റെ മികവില്‍ ഏഷ്യ-പസഫിക് മേഖലയിലുടനീളം സുസ്ഥിരമായ വളര്‍ച്ച. കൈവരിക്കുകയാണ് ലക്ഷ്യം.


Click it and Unblock the Notifications








