ഇവികളിലേക്കല്ല, ഇന്ത്യ മാറേണ്ടത് ഇത്തരം കാറുകളിലേക്ക്; ചര്‍ച്ചയായി മാരുതി ചെയര്‍മാന്റെ പരാമര്‍ശം
ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയാണ്. വൈദ്യുത വാഹനങ്ങളാണ് ഇവയ്ക്കുള്ള ഹരിത ബദലായി സ്വീകരിക്കുന്നത്. നമ്മുടെ രാജ്യവും പുതുക്കെ ഇവികളിക്കേ് ചുവട് മാറുകയാണ്. കേന്ദ്ര സര്‍ക്കാറും ഇതിന് പിന്തുണയുമായി രംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇനിയും ഒരു ഇലക്ട്രിക് മോഡല്‍ പുറത്തിറക്കിയിട്ടില്ല.
2025-ല്‍ മാരുതിയുടെ കന്നി ഇവി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച eVX ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഇത്. ഇതിനിടെ ഇലക്ട്രിക് കാറുകളെ കുറിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നടത്തിയ ഒരു പരാമര്‍ശമാണ് ശ്രദ്ധ നേടുന്നത്.

രാജ്യത്തിന് ഇലക്ട്രിക് കാറുകളല്ല ആവശ്യം മറിച്ച് എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ വൈദ്യുത കാറുകളുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് ഹൈബ്രിഡ് കാറുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (AIMA) സംഘടിപ്പിച്ച 50-ാമത് ദേശീയ മാനേജ്മെന്റ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശങ്ങള്‍.
രാജ്യത്ത് ഉഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനമെങ്കിലും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്നതുവരെ ഇലക്ട്രിക് കാറുകള്‍ ശുദ്ധമാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതുവരെ ഹൈബ്രിഡ് കാറുകള്‍ കൂടുതല്‍ ക്ലീന്‍ ആയിരുക്കുമെന്നും പെട്രോളിനെക്കാള്‍ ശുദ്ധമായ ഇന്ധനമാണ് എന്നതിനാല്‍ സിഎന്‍ജി കാറുകളിലേക്ക് മാറുന്നത് പോലും മികച്ച ഓപ്ഷനാണെന്നും ഭാര്‍ഗവ പറഞ്ഞു.

ഇലക്ട്രിക് കാറുകളിലേക്ക് പോകുന്നതിന് പകരം എഥനോള്‍, ഹൈഡ്രജന്‍, ഫ്യവല്‍ സെല്‍ ഓപ്ഷനുകളിലേക്ക് ഇന്ത്യ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരുതിയുടെ ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള അരങ്ങേറ്റം വൈകാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. വാഗണ്‍ ആറിന്റെ ഇലക്ട്രിക് പതിപ്പ് മാരുതി നിര്‍മ്മിച്ചുവെന്നും എന്നാല്‍ അതിന്റെ വില വളരെ കൂടുതലായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ ലാഭകരമായേക്കാവുന്ന വലിയ ഇലക്ട്രിക് മോഡലുകളുമായി മാരുതി വിപണിയിലെത്തുമെന്നും കമ്പനി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. ഇത് കൂടാതെ മാരുതിയുടെ ഭാവി പദ്ധതികള്‍, ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ഭാവി എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.

2030-ഓടെ ആറ് പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ കൊണ്ടുവരാനാണ് മാരുതിയുടെ പ്ലാന്‍. എന്നാല്‍, ആറ് ഇലക്ട്രിക് മോഡലുകളുണ്ടായാലും മാരുതിയുടെ വില്‍പ്പനയില്‍ ഇലക്ട്രിക് കാറുകളുടെ വിഹിതം 15 ശതമാനം മുതല്‍ 20 ശതമാനം വരെ മാത്രമായിരിക്കുമെന്നും ഭാര്‍ഗവ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ വിഹിതം രണ്ട് ശതമാനം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
കാര്‍ വിപണി മുഴുവന്‍ എസ്‌യുവികളിലേക്ക് മാറുന്നില്ലെങ്കിലും ചെറുകാര്‍ വിപണി ഇപ്പോള്‍ വളരുന്നില്ലെന്നും ഭാര്‍ഗവ പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യന്‍ കാര്‍ വിപണിയുടെ വളര്‍ച്ച പ്രതിവര്‍ഷം 8 ശതമാനത്തിന് പകരം 5 ശതമാനം മാത്രമായതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ദ്ധചാലക ക്ഷാമം കാരണം നിലവില്‍ ഉല്‍പ്പാദന നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ കാറുകള്‍ക്കുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നതില്‍ അദ്ദേഹം ഖേദിക്കുന്നു.
പ്രാദേശിക ഇലക്ട്രോണിക്സ് വിതരണക്കാരുടെ അഭാവമാണ് ഇന്ത്യയുടെ വാഹന ഘടകങ്ങളുടെ വിതരണ ശൃംഖലയിലെ ഒരേയൊരു ദൗര്‍ബല്യമായി ചൂണ്ടിക്കാട്ടുന്നത്. യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ മറ്റ് പ്രധാന വിപണികള്‍ക്ക് സമാനമായ വളര്‍ച്ചാ സാധ്യതയുള്ള മറ്റൊരു വിപണിയും ലോകത്ത് ഇല്ലെന്ന് ഭാര്‍ഗവ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഡീസല്‍ കാര്‍ നിര്‍മ്മാണം നിര്‍ത്താനുള്ള മാരുതിയുടെ തീരുമാനത്തെ കുറിച്ചും അദ്ദേഹം ഉള്ളുതുറന്നു.
ഇന്ത്യന്‍ കാര്‍ വിപണി കഴിഞ്ഞ 15-20 വര്‍ഷമായി വളരെ മത്സരാധിഷ്ഠിതമായിരുന്നുവെന്നും, മാറിക്കൊണ്ടിരിക്കുന്ന കാര്‍ സാങ്കേതികവിദ്യയിലും നിയന്ത്രണങ്ങളിലും ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അവസരം കാണാനാകുന്നതിനാല്‍ അത് കൂടുതല്‍ മത്സരാധിഷ്ഠിതമാകുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും വിശ്വാസ്യതയും വില്‍പ്പനാനന്തര സേവനവും വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ കാര്‍ വിപണിയുടെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ മാരുതി ശ്രമിക്കുമെന്നും ഭാര്‍ഗവ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യയിലേക്കും നിയന്ത്രണങ്ങളിലേക്കും ചെലവേറിയ പരിവര്‍ത്തനം സമ്പദ്വ്യവസ്ഥയില്‍ അപ്രതീക്ഷിത ആഘാതങ്ങള്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ അടുത്ത ദശകത്തില്‍ ഇന്ത്യന്‍ കാര്‍ വ്യവസായത്തിന്റെ വളര്‍ച്ച ഏകദേശം 5 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും ഭാര്‍ഗവക്ക് ആത്മവിശ്വാസമുണ്ട്.ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ആരെയും തടയുന്നില്ലെങ്കിലും കഫേ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍മാണം ചെലവ് അമിതമാക്കുമെന്നാണ് ഭാര്‍ഗവ പറയുന്നത്.
ഭാരത് എന്‍സിഎപി പോലുള്ള പുതിയ സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും ഭാര്‍ഗവ അഭിപ്രായം രേഖപ്പെടുത്തി. പരിശോധനകളില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നത് എളുപ്പമുള്ളിടത്തോളം കാലം ഇന്ത്യന്‍ റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും നിര്‍ബന്ധമായും വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും റോഡപകട മരണങ്ങളില്‍ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications








