മധുവിധു കഴിഞ്ഞു! ആമുഖ വിലയില്‍ വില്‍പ്പന നിര്‍ത്തി, ടിയാഗോ ഇവിക്ക് വില കൂട്ടി ടാറ്റ
ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോര്‍സ് ടിയാഗോ ഇലക്ട്രിക് അവതരിപ്പിച്ചത്. 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ കാര്‍ സ്വന്തമാക്കാനാണ് ടാറ്റ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയത്. ടോപ് സ്പെക് വേരിയന്റിന്റെ വില 11.79 ലക്ഷം രൂപ വരെ പോകുന്നു.
ഈ ആമുഖ വില ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ 10,000 യൂണിറ്റില്‍ 2,000 യൂണിറ്റുകള്‍ നിലവിലുള്ള ടാറ്റ ഉപഭോക്താക്കള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ബുക്കിംഗ് ജാലകം തുറന്ന ഉടന്‍ തന്നെ കസ്റ്റമേഴ്‌സിന്റെ ഇടിച്ചുകയറ്റം കാരണം ആമുഖ വിലയില്‍ കാര്‍ 20,000 ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ടാറ്റ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ ആമുഖ വിലയില്‍ ടിയാഗോ ഇവിയുടെ വില്‍പ്പന അവസാനിപ്പിച്ചതായി ടാറ്റ മോട്ടോര്‍സ് അറിയിച്ചു.

ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോള്‍ 20000 രൂപ വരെയാണ് കൂടിയത്. 8.69 ലക്ഷം രൂപയില്‍ (എക്‌സ്‌ഷോറൂം) നിന്ന് വില ആരംഭിക്കുന്നു.'ഇലക്ട്രിക് മൊബിലിറ്റിയെ മുഖ്യധാരയിലേക്കെത്തിക്കുകയും എത്തിപ്പിടിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റുകയും ചെയ്തതിനാല്‍ ടിയാഗോ ഇവി ഒരു സ്‌പെഷ്യല്‍ ഉല്‍പ്പന്നമാണ്. ആദ്യ ദിവസം തന്നെ 10,000 യൂണിറ്റുകള്‍ ബുക്കിംഗ് നേടി ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ബുക്ക് ചെയ്യപ്പെട്ട ഇവി ആയി ഇത് മാറിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 20,000 ബുക്കിംഗുകള്‍ നേടി ഇത് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടിയെടുത്തു' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു.
'ഈ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ട സമയമാണിത്. ഒരു വിട്ടുവീഴ്ചയും കൂടാതെ ഈ ആവേശകരമായ ഉല്‍പ്പന്നം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് തുടരുന്നതിനായി ടിയാഗോ ഇവി ശ്രേണിയുടെ പ്രാരംഭ വില 8.69 ലക്ഷം രൂപയാക്കിയതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ആമുഖ വിലയില്‍ നിന്ന് നാമമാത്രമായ 20,000 രൂപയുടെ വര്‍ധനവ്. പ്രാരംഭ വില 10 ലക്ഷത്തില്‍ താഴെ നിലനിര്‍ത്തി ഉല്‍പ്പന്നം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ഇവി വിപണിയെ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുമെന്ന ഞങ്ങളുടെ വാഗ്ദാനം പാലിക്കുന്നു' വിലവര്‍ധനവിനെ കുറിച്ച് വിവേക് ശ്രീവത്സ പറഞ്ഞു.

XE, XT, XZ+, XZ+ ടെക് LUX എന്നീ നാല് വേരിയന്റുകളിലാണ് ടാറ്റ ടിയാഗോ ഇവി ഓഫര്‍ ചെയ്യുന്നത്. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ്, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി സ്വന്തമാക്കാം. നെക്‌സോണ്‍ ഇവി, നെക്‌സോണ്‍ ഇവി മാക്‌സ്, ടിഗോര്‍ ഇവി എന്നീ ജനപ്രിയ മോഡലുകള്‍ക്ക് ശേഷം ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹന ലൈനപ്പില്‍ ഉള്‍പ്പെടുത്തിയ മോഡലാണ് ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക്.
സെഗ്മെന്റിലെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്കാണ് ടിയാഗോ ഇവി. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്. ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. ടിയാഗോ ഇവി XT, XZ+, XZ+ ടെക് ലക്‌സ് 3.3 kW എസി ചാര്‍ജറിനൊപ്പമാണ് വരുന്നതെങ്കില്‍ ടോപ്പ് സ്പെക്ക് XZ+, XZ+ ടെക് ലക്സിന് 7.2 kW എസി ചാര്‍ജര്‍ ലഭിക്കും. സിറ്റി, സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളോടെയാണ് ടിയാഗോ ഇവി വരുന്നത്. ഓരോ ഡ്രൈവ് മോഡിനും 4 ലെവല്‍ റീജന്‍ ലഭിക്കുന്നു.
ടിയാഗോ ഇവി വെറും 5.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റ ടിയാഗോയുടെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇവിയാണ് ടിയാഗോ ഇലക്ട്രിക് ഹാച്ച്. സിട്രണ്‍ eC3-യുടെ വില പ്രാഖ്യാപിക്കുന്നതോടെ ബജറ്റ് ഇവി സെഗ്‌മെന്റില്‍ പോരാട്ടം കനക്കും. സിട്രണ്‍ C3 ഇലക്ട്രിക് പതിപ്പിന്റെ വില ഉടന്‍ പ്രഖ്യാപിക്കും.


Click it and Unblock the Notifications