പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതോടെ ജീപ്പ് വിവരമറിഞ്ഞു; ആ എഞ്ചിന്‍ ഓപ്ഷന്‍ കോമ്പസില്‍ തിരികെയെത്തുന്നു
അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് നിലവില്‍ നാല് മോഡലുകളാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഉയര്‍ന്ന വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം ജീപ്പിന്റെ ഇന്ത്യയിലെ വിപണി വിഹിതം 0.5 ശതമാനത്തില്‍ താഴെ മാത്രമാണ്. പ്രദേശികമായി നിര്‍മിച്ച മെറിഡിയന്‍ പുറത്തിറക്കിയതിനൊപ്പം ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്രാന്‍ഡ് ചെറോക്കി വിപണിയില്‍ എത്തിച്ച് ജീപ്പ് ഇന്ത്യയിലെ സാന്നിധ്യം വിപുലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു.
ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമാണ് കോമ്പസ്. ഈ വര്‍ഷം മെയില്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പില്‍ വരുത്തിയതോടെ ഇന്ത്യയിലെ കോമ്പസ് ലൈനപ്പില്‍ നിന്ന് പെട്രോള്‍ എഞ്ചിന്‍ ജീപ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പെട്രോള്‍ എഞ്ചിന്‍ ജീപ്പ് കോമ്പസില്‍ തിരികെയെത്താന്‍ പോകുകയാണ്. ജീപ്പ് ഇന്ത്യയിലെ നേതൃമാറ്റമാണ് ഇതിന് വഴിവെക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജീപ്പ് പെട്രോള്‍ വിപണിയില്‍ എത്തിക്കാനാണ് പ്ലാനുകള്‍. പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കുന്നത് മുമ്പ് വരെ പ്രതിമാസം 550 മുമ്പ് 650 യൂണിറ്റ് വരെ ജീപ്പ് കോമ്പസുകള്‍ വിറ്റുപോയിരുന്നു. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ പിന്‍വലിച്ചതോടെ വില്‍പ്പന 250 മുതല്‍ 300 യൂണിറ്റായി കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. മോഡലിന്റെ വില്‍പ്പനയുടെ 50 ശതമാനവും പെട്രോള്‍ വേരിയന്റുകളായിരുന്നു സംഭാവന ചെയ്തിരുന്നത്.
അതില്ലാതെ വന്നതോടെ വില്‍പ്പനയില്‍ കൃത്യമായ പ്രതിഫലനങ്ങള്‍ അനുഭവപ്പെടുകയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി. അവയുടെ ടോര്‍ക്ക് സ്വഭാവം കാരണം എസ്‌യുവി സെഗ്‌മെന്റില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് അനിഷേധ്യ സ്ഥാനമുണ്ടെന്ന കാര്യം വിസ്മരിക്കാന്‍ സാധിക്കില്ല. എന്നാല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡീസല്‍ എഞ്ചിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ വാഹന നിര്‍മാതാക്കളെല്ലാം പെട്രോള്‍ എഞ്ചിനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ്. മാരുതി സുസുക്കിയടക്കമുള്ള ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഡീസല്‍ എഞ്ചിനുകളോട് ബൈ പറഞ്ഞു.

രാജ്യതലസ്ഥാന മേഖലയായ ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 10 വര്‍ഷം വരെ മാത്രമേ ഇവിടെ ഡീസല്‍ വാഹനം ഓടിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ കോമ്പസിന്റെ കാര്യമെടുത്താലും ഡല്‍ഹിയില്‍ വില്‍പ്പനയുടെ സിംഹഭാഗവും പെട്രോള്‍ പതിപ്പുകളാണ്. ഇതെല്ലാം ജീപ്പ് കണക്കിലെടുക്കുന്നുണ്ട്. ഡീസല്‍ എഞ്ചിനില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന ജീപ്പ് മെറിഡിയന് കാര്യമായ വില്‍പ്പന നേടിക്കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കണമെന്ന ചിന്തയിലേക്ക് ബ്രാന്‍ഡ് എത്തിയതായി തോന്നുന്നു.
ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള കൃത്യമായ ആസൂത്രണമില്ലായ്മ ഒരു പിഴവാണെന്ന് ജീപ്പ് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജനപ്രിയ കാറില്‍ പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അടിമുടി മാറ്റാനാണ് ജീപ്പ് ഇന്ത്യയുടെ തലവനായി അടുത്തിടെ നിയമിതനായ ആദിത്യ ജയരാജ് ലക്ഷ്യമിടുന്നത്. നിര്‍ത്തലാക്കിയ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പുതിയ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ജീപ്പ് കോമ്പസില്‍ കൊണ്ടുവരാനാണ് സാധ്യത.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും എമിഷന്‍ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പുതിയ എഞ്ചിന്‍ കാലിബ്രേറ്റ് ചെയ്യാനും ഹോമോലോഗ് ചെയ്യാനും ഒന്നര വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ജീപ്പ് പെട്രോള്‍ 2025-ന് മുമ്പ് എത്തുമെന്ന പ്രതീക്ഷ വേണ്ട. നിലവിലുള്ള മോഡലിലാണോ അതോ 2026-ല്‍ അരങ്ങേറാന്‍ ഒരുങ്ങുന്ന അടുത്ത തലമുറ കോമ്പസിലാകുമോ ഈ പുത്തന്‍ എഞ്ചിന്‍ ജീപ്പ് നല്‍കുകയെന്ന കാര്യം വ്യക്തമല്ല.
ഈ പുതിയ 4 സിലിണ്ടര്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 2018-ല്‍ ജീപ്പ് റെനഗേഡിനൊപ്പം അരങ്ങേറിയിരുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി വരുമ്പോള്‍ 130 bhp പവറാണ് നല്‍കുന്നത്. 6 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ 150 bhp പവറാണ് നല്‍കുക. രണ്ടും ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനിലാണ് ലഭിക്കുന്നത്.
മിഡ്‌ലൈഫ് സൈക്കിള്‍ ഫെയ്സ്ലിഫ്റ്റിന്റെ വരവോടെ 2020-ല്‍ തന്നെ കോമ്പസ് വില്‍ക്കുന്ന മറ്റെല്ലാ വിപണികളും കൂടുതല്‍ കാര്യക്ഷമമായ ഈ ടര്‍ബോ പെട്രോള്‍ എഞ്ചിനിലേക്ക് മാറിയിരുന്നു. വിദേശ വിപണികളില്‍ ഈ എഞ്ചിന്‍ ലഭിക്കുന്നതിനാല്‍ ജീപ്പ് മെറിഡിയനിലും ഇത് വൈകാതെ കാണാനാകും. പുതിയ എഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍ കയറ്റുമതിക്കും കരുത്താകും. ഏതായാലും ജീപ്പ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്നതാണ് ഈ വാര്‍ത്ത. പെട്രോള്‍ എഞ്ചിന്റെ മടങ്ങി വരവോടെ വില്‍പ്പന വീണ്ടും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷ ബ്രാന്‍ഡിനുണ്ട്.


Click it and Unblock the Notifications








