ഫോര്‍ച്യൂണറിനോട് മുട്ടിനില്‍ക്കാനാവുന്നില്ല; ഷോറൂം നിറക്കാന്‍ പുതിയ തന്ത്രവുമായി ജീപ്പ്
കാറിനകത്തുള്ളവര്‍ക്ക് യാതൊരു ദോഷവുമുണ്ടാക്കാതെ ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളും കീഴടക്കുന്നതില്‍ മിടുക്കരാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കാറുകള്‍. 'ടെറെയ്ന്‍ ടാക്ലര്‍' എന്ന് ഇവയെ വിളിക്കാറുണ്ട്. കോംപസുമായി ഇന്ത്യയിലെത്തിയ ജീപ്പ് ശേഷം അവതരിപ്പിച്ച മോഡലാണ് മെറിഡിയന്‍. ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കി ഭരിക്കുന്ന സെഗ്‌മെന്റില്‍ കോംപസിന്റെ 3 വരി പതിപ്പായ മെറിഡിയന്‍ തുടക്കത്തില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയും ചെയ്തു.
എന്നാല്‍ സമീപകാലത്തായി വില്‍പ്പനയില്‍ ഇടിവ് നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജീപ്പ് ഇന്ത്യ മെറിഡിയന്റെ വേരിയന്റ് ലൈനപ്പില്‍ വെട്ടിനിരത്തല്‍ നടത്തിയിരിക്കുകയാണ്. മെറിഡിയന്റെ ചില വേരിയന്റുകള്‍ ജീപ്പ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് തിരഞ്ഞാല്‍ ജീപ്പ് മെറിഡിയന്റെ ലിമിറ്റഡ് ട്രിം കാണാനാകില്ല. എന്നാല്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ X, അപ്ലാന്‍ഡ് ട്രിമ്മുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ട്രിമുകള്‍ അതേപടി തുടരുന്നു.

മെറിഡിയന്‍ ലിമിറ്റഡ് ട്രിം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായിരുന്നു. ലിമിറ്റഡ് വേരിയന്റ് നിര്‍ത്തലാക്കിയതോടെ ജീപ്പ് മെറിഡിയന്‍ ഇനി ലിമിറ്റഡ് (O), ലിമിറ്റഡ് പ്ലസ്, അപ്‌ലാന്‍ഡ്, X എന്നീ വേരിയന്റുകളിലായിരിക്കും ലഭിക്കുക. ജീപ്പ് മെറിഡിയന്‍ ലിമിറ്റഡ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് യഥാക്രമം 30.10 ലക്ഷം, 32 ലക്ഷം രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
ഉയര്‍ന്ന ട്രിമ്മുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലിമിറ്റഡ് ട്രിമ്മില്‍ അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ പരിമിതമായ ഫീച്ചറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വേരിയന്റുകളിലുടനീളം സമാനമായ അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാനായിരിക്കും ഒരുപക്ഷേ ജീപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ജീപ്പ് മെറിഡിയന്‍ വേരിയന്റ് ലിമിറ്റഡ് (O) ആണ്.

ലിമിറ്റഡ് (O) മാനുവല്‍ വേരിയന്റിന് 32.95 ലക്ഷം രൂപയാണ് വില. ഓട്ടോമാറ്റിക് വേരിയന്റ് വേണമെങ്കില്‍ 34.85 ലക്ഷം രൂപ മുടക്കണം. ഇനി മുതല്‍ മാനുവല്‍ ട്രാന്‍സ്മിഷനുള്ള ജീപ്പ് മെറിഡിയന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീപ്പ് മെറിഡിയന്‍ ലിമിറ്റഡ് (O) ആണ് ഏക ഒാപ്ഷന്‍. മാനുവലിനൊപ്പം 4X4 ലഭിക്കുന്നുമില്ല. ജീപ്പ് മെറിഡിയന്‍ ലിമിറ്റഡ് (O) ട്രിമ്മിന് 4X4 വേരിയന്റുണ്ടെങ്കിലും അതിന് ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് ലഭിക്കുന്നത്.
37.5 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറും എംജി ഗ്ലോസ്റ്ററും ഉള്‍ക്കൊള്ളുന്ന ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് ജീപ്പ് മെറിഡിയന്‍ മാറ്റുരക്കുന്നത്. മെറിഡിയനും ഗ്ലോസ്റ്ററും ആഞ്ഞുപിടിച്ചിട്ടും ഫോര്‍ച്യൂണറിന്റെ രോമത്തില്‍ പോലും തൊടാന്‍ പറ്റിയിട്ടില്ല. 2023 ജൂണില്‍ മെറിഡിയന്‍ (282 യൂണിറ്റ്) വില്‍പ്പനയുടെ കാര്യത്തില്‍ ഗ്ലോസ്റ്ററിനെ (263 യൂണിറ്റ്) മറികടന്നു.

എന്നാല്‍ 3086 യൂണിറ്റ് വില്‍പ്പനയുമായി ഫോര്‍ച്യൂണര്‍ ഒരു പ്രകാശവര്‍ഷം മുന്നിലാണ്. 2022 ജൂണില്‍ മാത്രമാണ് ജീപ്പ് മെറിഡിയന്റെ വില്‍പ്പന 1000 യൂണിറ്റ് കടന്നത്. 2022 ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ പ്രതിമാസം 400 യൂണിറ്റിന് മുകളില്‍ വില്‍പ്പന നേടിയെടുക്കാന്‍ എസ്‌യുവിക്കായി. എന്നാല്‍ പിന്നീട് വില്‍പ്പന ഓരോ മാസവും വില്‍പ്പന കുറയുകയായിരുന്നു.
2022 ഒക്‌ടോബറിന് ശേഷം 400 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടിയത് ഇക്കഴിഞ്ഞ മെയില്‍ ആയിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി പ്രതിമാസ വില്‍പ്പന 399 യൂണിറ്റാണ്. ഇതുവരെ മൊത്തം 5,187 യൂണിറ്റ് മെറിഡിയനുകളാണ് ജീപ്പ് ഇന്ത്യ വിറ്റത്. സെഗ്‌മെന്റില്‍ ഫോര്‍ച്യൂണറിന് പിന്നില്‍ രണ്ടാമതാണ് മെറിഡിയന്‍ ഇപ്പോള്‍. എന്നാല്‍ ലൈനപ്പിലെ പരിഷ്‌കാരം വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് അമേരിക്കന്‍ കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








