എസ്‌യുവി വേണോ എസ്‌യുവി... 2022 മോഡല്‍ കാറുകള്‍ക്ക് 2.5 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്
കാറുകളില്‍ ഇപ്പോര്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്കാണ് നല്ല സമയം. പണ്ട് ഹാച്ച്ബാക്കും സെഡാനും തേടി നടന്നവരെല്ലാം ഇന്ന് എസ്‌യുവികള്‍ക്ക് പിറകെയാണ്. നിങ്ങള്‍ ഒരു എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആണാണെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. എസ്‌യുവികളും സെഡാനുകളും ചില വാഹന നിര്‍മാതാക്കള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ വില്‍ക്കുകയാണ്.
എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ 2022 മോഡല്‍ ഇയര്‍ വാഹനങ്ങളാണ് ഇപ്പോള്‍ 2.5 ലക്ഷം രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. മോഡല്‍ ഇയര്‍ ഒരു വിഷയമല്ല ഡിസ്‌കൗണ്ട് ഉണ്ടല്ലോ എന്ന് ചിന്തിക്കുന്ന എസ്‌യുവി പ്രിയരാണ് നിങ്ങളെങ്കില്‍ വന്‍ ആനുകൂല്യങ്ങളില്‍ കാര്‍ വീട്ടിലെത്തിക്കാം.
2023 ഫെബ്രുവരി മാസത്തില്‍ നിര്‍മ്മാതാക്കളും ഡീലര്‍മാരും 2022 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ചാകും ഓഫറിന്റെ സാധുത.

കൂടുതല്‍ പണം ലാഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഓഫറുകള്‍ തീര്‍ച്ചയായും നിങ്ങളെ ആകര്‍ഷിക്കും. പക്ഷേ, സ്‌റ്റോക്കിന് അനുസരിച്ചാകും ഓഫര്‍ എന്നതിനാല്‍ പരിപാടികള്‍ അല്‍പ്പം വേഗത്തിലാക്കണമെന്ന് മാത്രം. കഴിഞ്ഞ വര്‍ഷം മെയിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് മെറിഡിയന്‍ ഫുള്‍ എസ്‌യുവി അവതരിപ്പിച്ചത്. ഫുള്‍ സൈസ് എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ എതിരാളിയായാണ് ജീപ്പ് മെറിഡിയന്‍ എത്തിയത്. 2022 മോഡല്‍ ഇയര്‍ ജീപ്പ് മെറിഡിയന്‍ ഇപ്പോള്‍ 2.5 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം.
ഇതിനൊപ്പം തന്നെ ജീപ്പ് മെറിയഡിയന്റെ എതിരാളികളില്‍ ഒന്നായ സിട്രണ്‍ C5 എയര്‍ക്രോസിനും ഇപ്പോള്‍ ഓഫറുകളുണ്ട്. സിട്രണ്‍ C5 എയര്‍ക്രോസിന് 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2021-ല്‍ C5 എയര്‍ക്രോസിലൂടെയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയില്‍ കാലുകുത്തിയത്. പിന്നാലെ 2022-ല്‍ സിട്രണ്‍ എസ്‌യുവിയെ മുഖംമിനുക്കി പുറത്തിറക്കി. ജീപ്പില്‍ നിന്നുള്ള മറ്റൊരു ഓഫറിംഗായ കോമ്പസിന്റെ 2022 മോഡല്‍ വാഹനം ഇപ്പോള്‍ 1.5 ലക്ഷം രൂപ കിഴിവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഡീസല്‍ വേരിയന്റിനാണ് 1.5 ലക്ഷം രൂപ കിഴിവ്. അതേസമയം പെട്രോള്‍ വേരിയന്റ് ലക്ഷം രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. അതോടൊപ്പം ജനപ്രിയ മോഡലുകളായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെയും സ്‌കോഡ കുഷാഖിന്റെയും തിരഞ്ഞെടുത്ത 2022 മോഡല്‍ ഇയര്‍ വേരിയന്റുകളില്‍ ഡീലര്‍മാരില്‍ നിന്ന് 1.25 ലക്ഷം രൂപ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. ടാറ്റ ഹാരിയര്‍, സഫാരി 2022 പതിപ്പുകള്‍ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 1 ലക്ഷം ആനുകൂല്യം നല്‍കുന്നു. എന്നാല്‍ സ്റ്റോക്ക് ലഭ്യത വളരെ പരിമിതമാണെന്നോര്‍ക്കണം.
കഴിഞ്ഞ മാസം ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിയ 2023 ഓട്ടോ എക്സ്പോയില്‍ മിഡ്‌സൈസ് എസ്‌യുവി ഇരട്ടകളുടെ റെഡ് ഡാര്‍ക്ക് എഡിഷനുകള്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ADAS സേഫ്റ്റി ഫീച്ചര്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കം നിറയെ അപ്ഡേറ്റുകളോടെ ഈ പതിപ്പ് ടാറ്റ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഹിറ്റ് മോഡലാണ് മാഗ്‌നൈറ്റ്. നിസാന്‍ മാഗ്‌നൈറ്റിന്റെ 2022 മോഡല്‍ ഇപ്പോള്‍ 82000 രൂപ ഡിസ്‌കൗണ്ടില്‍ വീട്ടിലെത്തിക്കാന്‍ അവസരമുണ്ട്.

നാലാം തലമുറ X-ട്രെയില്‍ ആണ് നിസാനില്‍ നിന്ന് അടുത്തതായി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന കാര്‍. ജപ്പാനീസ് വാഹന ഭീമന്‍മാരായ ഹോണ്ട സിറ്റി, WR-V എന്നീ മോഡലുകള്‍ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഈ മോഡലുകളുടെ 2022 പതിപ്പുകള്‍ 70,000 രൂപ കിഴിവില്‍ ഇപ്പോള്‍ വാങ്ങാം. ഡീലര്‍മാര്‍ 2022 മഹീന്ദ്ര XUV300 W8 (O) മോഡലിന് 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ റെനോ ട്രൈബറിനും കൈഗറിനും 62,000 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നു.
ഫോക്സ്വാഗണ്‍ വിര്‍ടസിന്റെയും സ്‌കോഡ സ്ലാവിയയുടെ തെരഞ്ഞെടുത്ത ട്രിമ്മുകളിലെ 2022 പതിപ്പുകള്‍ക്ക് 60,000 രൂപ വരെയാണ് ഓഫര്‍. 2023 പിറന്നതിന് ശേഷം മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. വില കൂടിയത് കാരണം ഇഷ്ടപ്പെട്ട എസ്‌യുവിയോ സെഡാനോ വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ഓഫറുകളാണ് ഇപ്പോഴുള്ളത്. മോഡല്‍ ഇയര്‍ നോക്കാതെ വാഹനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരാണെങ്കില്‍ വേഗം ഡീലര്‍മാരെ സമീപിക്കുക.
സ്‌റ്റോക്കിനും നഗരങ്ങള്‍ക്കും അനുസരിച്ച് ഓഫറില്‍ മാറ്റമുണ്ടാകുമെന്നതിനാല്‍ ഓഫറുകളെ കുറിച്ച് ആധികാരികമായി അറിയാന്‍ അടുത്തുള്ള കാര്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications