ഈ ഡിസ്കൗണ്ടുകൊണ്ട് ഒരു ക്രെറ്റ വാങ്ങാം! വർഷാവസാനത്തിൽ വമ്പൻ ഓഫറുകളുമായി ജീപ്പ്
വർഷാവസാനം ആയതോടെ പല ഡീലർഷിപ്പുകളിലും ഷോറൂമുകളിലും ഓഫർ പെരുമഴയാണ്. ജീപ്പ് ഇന്ത്യയും തങ്ങളുടെ എസ്‌യുവി ലൈനപ്പിൽ വളരെ ആകർഷകമായ വർഷാവസാന ഓഫറുകൾ വാഗ്ദാനം ചെയ്യുകയാണ്. നിലവിൽ, കമ്പനിയുടെ ഇന്ത്യയിലെ മോഡൽ നിര ആരംഭിക്കുന്നത് പ്രീമിയം കോംപാക്ട് എസ്‌യുവി മോഡൽ കോമ്പസിൽ നിന്നാണ്.
അടുത്തതായി അതിന്റെ എക്സ്റ്റെൻഡഡ് പതിപ്പായ മെറിഡിയനും എത്തുന്നു, ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ എന്നിവയുമായി ഇത് മത്സരിക്കുന്നു. പിന്നെ റാംഗ്ലറും ജീപ്പ് ഇന്ത്യയുടെ മുൻനിര ഗ്രാൻഡ് ചെറോക്കിയുമാണ് വരുന്നത്. ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡർ റാംഗ്ലറിന് കമ്പനി ഒരു തരത്തിലുള്ള കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നില്ല.

ജീപ്പ് വർഷാവസാന കിഴിവുകൾ 11.85 ലക്ഷം രൂപ വരെ എക്സ്റ്റെൻഡ് ചെയ്യുന്നു. പ്രത്യേക ഓഫറുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ എന്നിവയുടെ എല്ലാം കോംബോയാണ് ഈ കിഴിവുകൾ. എല്ലാ വാഹനങ്ങൾക്കും ഒരേ ഇളവ്/ ആനുകൂല്യങ്ങൾ ലഭിക്കില്ല. പ്രസ്തുത കിഴിവുകൾ ഡിസംബർ 31 വരെ സാധുവാണ്. കൃത്യമായ വിവരങ്ങൾക്ക് അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെടാനാണ് ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്.
ജീപ്പ് ഗ്രാൻഡ് ചെറോക്കി: ഇന്ത്യയിലെ കമ്പനിയുടെ മുൻനിര ഓഫറാണിത്, നിലവിൽ ഗ്രാൻഡ് ചെറോക്കിയുടെ അഞ്ചാം തലമുറയാണ് ഇന്ത്യയിൽ എത്തുന്നത്. ബിഎംഡബ്ല്യു X5, മെർസിഡീസ് ബെൻസ് GLE, ഔഡി Q7, ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട്, വോൾവോ XC90 തുടങ്ങിയ ആഡംബര എസ്‌യുവികളുമായി മത്സരിക്കുന്ന 4.9 മീറ്റർ നീളമുള്ള എസ്‌യുവിയാണിത്.

വിലയെ സംബന്ധിച്ചിടത്തോളം, ജീപ്പ് ഗ്രാൻഡ് ചെറോക്കി പുറത്തിറക്കിയത് രൂപ. 77.5 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ്. ടോപ്പ്സ്പെക്ക് മോഡലിന് വില 80.5 ലക്ഷം രൂപ വരെ ഉയരുന്നു. ഇതിനകം തന്നെ വളരെ കോംപറ്റീറ്റീവായ വിലനിർണ്ണയമാണ്, കൂടാതെ ജീപ്പ് ഇതിന് 11.85 ലക്ഷം രൂപ വരെ ഓഫർ ചെയ്യുന്നു.
ആഡംബര എസ്‌യുവി എതിരാളികളെ അപേക്ഷിച്ച് ഇത് കൂടുതൽ വാല്യു ഫോർ മണി ഓപ്ഷനായി മാറുന്നു. ഈ വർഷാവസാന ഓഫറുകൾ കണക്കിലെടുക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ഏകദേശം 70 ലക്ഷം എന്ന ഫലപ്രദമായ ബജറ്റിൽ ഇത് ലഭ്യമാവും. 4WD സജ്ജീകരണത്തോട് കൂടിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാണ് ഇത് വരുന്നത്.
268 bhp മാക്സ് പവറും 400 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ഒരൊറ്റ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിലാണ് ഈ എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. ഇന്ത്യയിലെ ഗ്രാൻഡ് ചെറോക്കിയുടെ മുൻ പതിപ്പുകൾക്ക് SRT മോഡലുകളുള്ള 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ വരെ പവർട്രെയിൻ ഓപ്ഷനുകൾ ലഭിച്ചിട്ടുണ്ട്.
ജീപ്പ് മെറിഡിയൻ: കോമ്പസിന്റെ മൂന്ന് വരി പതിപ്പാണ് മെറിഡിയൻ, ഇത് 4.77 മീറ്റർ നീളമുള്ള ഒരു മോണോകോക്ക് എസ്‌യുവിയാണ്. 33.4 ലക്ഷം രൂപ മുതൽ 39.46 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ജീപ്പ് വർഷാവസാന ഓഫറുകളുടെ ഭാഗമായി, മെറിഡിയന് മൊത്തം 4.85 ലക്ഷം രൂപയുടെ ഓഫറുകൾ ലഭിക്കും.

ഇതിൽ 25,000 രൂപയുടെ ഒരു എക്‌സ്‌ചേഞ്ച് ബോണസും, 30,000, രൂപ വരെ കോർപ്പറേറ്റ് ഓഫറും, 30,000 രൂപ വരെയുള്ള പ്രത്യേക ഓഫറുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം 4.0 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും വരുന്നു. 4X2 AT, 4X4 AT എന്നീ രണ്ട് കോൺഫിഗറേഷനുകളോടെ വരുന്ന മെറിഡിയന്റെ ഓവർലാൻഡ് എഡിഷൻ വേരിയന്റുകളിലേക്ക് ഈ ഓഫറുകൾ വൻതോതിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ എല്ലാ വേരിയന്റുകളിലും ഈ കിഴിവുകൾ ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ജീപ്പ് കോമ്പസ്: ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് കോമ്പസ്. അടുത്തടെ മോഡൽ നിരയിലേക്ക് ബ്ലാക്ക് ഷാർക്ക് എഡിഷൻ എന്ന 4X2 ഓട്ടോമാറ്റിക് വേരിയന്റും കമ്പനി അവതരിപ്പിച്ചു. ഇപ്പോൾ, ജീപ്പ് ഇന്ത്യ 2.05 ലക്ഷം രൂപ വരെ കിഴിവുകൾ കോമ്പസിന് നൽകുന്നു. കൃത്യമായി പറഞ്ഞാൽ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപയുടെ പ്രത്യേക ഓഫറുകളും കോർപ്പറേറ്റ് ബോണസുകളും 1.5 ലക്ഷം രൂപയുടെ കസ്റ്റമർ ആനുകൂല്യങ്ങളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








