ഇനി ഞങ്ങളായിട്ട് കുറയ്ക്കുന്നില്ല എന്ന് ജീപ്പ്; ഇവിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കമ്പനി
ഇന്ത്യയിലെ പ്രധാന എസ്‌യുവി നിർമാതാക്കളായ ജീപ്പിൻ്റെ ശ്രദ്ധ ഇനി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ കോംപാക്റ്റ് എസ്‌യുവി ജീപ്പ് കോമ്പസിൽ 90 ശതമാനത്തിലധികം സ്വദേശിവൽക്കരണത്തിന് വേണ്ടി കമ്പനി ലക്ഷ്യമിടുന്നതായി ഓട്ടോമൊബൈൽ ഗ്രൂപ്പായ സ്റ്റെല്ലാന്റിസിന്റെ ഭാഗമായ ജീപ്പ് ഇന്ത്യയും പറഞ്ഞിരിക്കുന്നത്. ഇവി ഓപ്ഷനുകൾക്ക് വേണ്ടിയുളള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
കോമ്പസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി എന്നീ നാല് ഉൽപ്പന്നങ്ങളാണ് ജീപ്പ് ഇന്ത്യയ്ക്ക് നിലവിൽ ഉള്ളത്. ഈ നാലെണ്ണത്തിൽ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലേക്ക് ജീപ്പ് കോമ്പസും ജീപ്പ് മെറിഡിയനും കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ ഈ വാഹനങ്ങൾ ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വിപണിയിലേക്ക് മാത്രമായിരുന്നു കയറ്റി അയച്ചിരുന്നത്.

ഈ വാഹനങ്ങൾ റൈറ്റ് ഹാൻഡ് ഡ്രൈവ് അല്ലാത്ത വിപണികളിലേക്കും കയറ്റുമതി ചെയ്യുമെന്നും ഇത് കമ്പനിക്ക് ധാരാളം അവസരങ്ങൾ തുറക്കുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.4x4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന കോമ്പസിന് ഒരു 4x2 ഓട്ടോമാറ്റിക് പതിപ്പ് ജീപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 23.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുള്ള കോമ്പസ് ഡീസലിന്റെ 2WD വേരിയന്റുകൾ ജീപ്പ് അവതരിപ്പിച്ചു.
ഈ പുതിയ പവർട്രെയിൻ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീൽ ഡിസൈനുകളും മറ്റും ഉപയോഗിച്ച് കോമ്പസിന് ജീപ്പ് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. അമേരിക്കൻ എസ്‌യുവി ബ്രാൻഡ് മുമ്പ് 2021 -ൽ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിച്ച് ഇന്ത്യയിലെ മോഡൽ ലൈനപ്പ് പുതുക്കിയിരുന്നു.

ജീപ്പ് പരിഷ്കരിച്ച കോമ്പസ് സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ S എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോമ്പസ് സ്‌പോർട്ട് വേരിയന്റ് എൻട്രി-സ്പെക്ക് മോഡലായി തന്നെ തുടരുന്നു. ഇത് ഡീസൽ മാനുവൽ പവർട്രെയിനിനൊപ്പം മാത്രം ഓഫർ ചെയ്യുന്നു, കൂടാതെ 20.49 ലക്ഷം രൂപ എക്സ്-ഷോറൂമിന് എത്തുന്ന മാനുവൽ വേരിയന്റുകൾക്ക് അല്പം വില കുറയുന്നു.
സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ്, ഓഫ്-റോഡ് എസ്‌യുവി വിഭാഗത്തിലെ എക്കാലത്തേയും ആചാര്യന്മാരിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ്. 2016 -ലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. തുടക്കത്തിൽ, കമ്പനി തങ്ങളുടെ പ്രീമിയം എസ്‌യുവി മോഡലുകളായ റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി എന്നിവയാണ് രാജ്യത്ത് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ പിന്നീട് മാർക്കറ്റിന്റെ പൾസും ആവശ്യകതയും മനസ്സിലാക്കി അമേരിക്കൻ ബ്രാൻഡ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ കോമ്പസ് പുറത്തിറക്കി. ജീപ്പ് കോമ്പസ് പിന്നീട് ഇന്ത്യയിലെ ബ്രാൻഡിന്റെ തലവര തന്നെ മാറ്റി. മികച്ച പെർഫോമെൻസും ജനപ്രീതിയും കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തരായ ചില സെലിബ്രിറ്റികളുടെ ഗാരേജുകളിൽ പോലും എത്താൻ വാഹനത്തിന് കഴിഞ്ഞു.
ഇന്ത്യയിൽ 32.95 ലക്ഷം മുതൽ 38.52 ലക്ഷം രൂപ വരെയാണ് ജീപ്പ് മെറിഡിയന്റെ എക്സ്ഷോറൂം വില വരുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, മുൻവശത്ത് സിഗ്നേച്ചർ ജീപ്പ് ഗ്രിൽ എന്നിവ ഉൾക്കൊള്ളുന്ന എസ്‌യുവിയുടെ ഡിസൈൻ ഏറെക്കുറെ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ്. എസ്‌യുവിയുടെ സൈഡ് പ്രൊഫൈലും കോമ്പസിനോട് സാമ്യമുള്ളതാണ്. പക്ഷേ മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ അൽപ്പം നീളമുണ്ട്. ഇതുതന്നെയാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാനുള്ളത്.
പിന്നിൽ എസ്‌യുവി വ്യത്യസ്‌തമായ ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലാമ്പുകളുമായാണ് വരുന്നത്. പനോരമിക് സൺറൂഫ്, ലെതർ സീറ്റ് കവറുകൾ, ഫ്ലോട്ടിംഗ്-ടൈപ്പ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ജീപ്പ് മെറിഡിയൻ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ശരിക്കും ഒരു പ്രീമിയം വാഹനത്തിൽ ലഭ്യമാവുന്ന എല്ലാത്തരം ഫീച്ചറുകളും സവിശേഷതകളും ഉൾക്കൊള്ളിക്കാനും അമേരിക്കൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ജീപ്പ് കോമ്പസിന്റെ അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മെറിഡിയന് കരുത്തേകുന്നത്. എന്നാൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ വാഹനത്തിൽ കൊണ്ടുവരാൻ കമ്പനി തയാറായിട്ടില്ല. എസ്‌യുവിയിലെ ഓയിൽ ബർണർ യൂണിറ്റിന് 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാഹനം വാങ്ങാനാവും.


Click it and Unblock the Notifications








