എംജിക്ക് പുതിയ ഇന്ത്യന്‍ മുതലാളിമാർ! അംബാനിയും അദാനിയുമൊന്നുമല്ലെങ്കിലും നിങ്ങള്‍ അറിയുന്നവരാ...
ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജിക്ക് ഇന്ത്യയില്‍ (MG Motor India) പുതിയ മുതലാളിമാര്‍ വരാന്‍ പോകുകയാണെന്ന് ഏറെ നാളായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ അംബാനിയുടെ പേരടക്കം ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് (JSW) അതില്‍ വിജയിച്ചത്.
ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെയാണ് ജെഎസ്ഡബ്ല്യു ചൈനീസ് കമ്പനിയായ SAIC-യുമായി തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്.

ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടാകില്ല. സ്റ്റീല്‍, സിമന്റ്, പെയിന്റ്‌സ്, ഇ-കൊമേഴ്സ്, സ്പോര്‍ട്സ് തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പാണിവര്‍. ഏതായാലും ഓഹരിക്കൈമാറ്റത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഷെയര്‍ഹോള്‍ഡര്‍ കരാറും ഷെയര്‍ പര്‍ച്ചേസ് ആന്‍ഡ് ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാറും ലണ്ടനിലെ എംജി ഓഫീസില്‍ വച്ച് SAIC പ്രസിഡന്റ് വാങ് സിയാവോഖിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ത് ജിന്‍ഡാലും ഒപ്പുവച്ചു.
ഓട്ടോമോട്ടീവ് വ്യവസായത്തിലേക്കുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പ്രവേശനമാണ് ഈ നീക്കം വഴി അടയാളപ്പെടുത്തുന്നത്. പുതിയ സംയുക്ത പങ്കാളിത്തത്തിലൂടെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന ശേഷി വിപുലീകരണം, വാഹനങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. SAIC പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നത് തുടരുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കാരണം എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ പദ്ധതികള്‍ വൈകിയിരുന്നു. അയല്‍രാജ്യവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു സര്‍ക്കാര്‍. എന്നാല്‍ പുതിയ നിക്ഷേപകരെ കിട്ടിയതോ എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ ശ്രമങ്ങള്‍ തുടരാം. പ്രാദേശിക ഉല്‍പാദനം കൂട്ടുന്നതിനായി ബ്രാന്‍ഡ് തങ്ങളുടെ രണ്ടാമത്തെ പ്ലാന്റിന്റെ പണിപ്പുരയിലാണെന്ന് പറയപ്പെടുന്നു.
ഇന്ത്യന്‍ വിപണിയോടുള്ള എംജി മോട്ടോറിന്റെ പ്രതിബദ്ധതയും സംയുക്ത സംരംഭം വഴി ആവര്‍ത്തിക്കുകയാണ്. ഇതുവഴി കൂടുതല്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിനൊപ്പം തന്നെ ബ്രാന്‍ഡിന്റെ ഐസിഇ മോഡല്‍ നിരയും വിപുലീകരിക്കും. 7,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ 2019 മുതലാണ് എംജി മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിന്റെ ഭാഗമായി 2017-ല്‍ എംജി ജനറല്‍ മോട്ടോര്‍സിന്റെ ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റ് വാങ്ങി.

ഇന്ത്യയുടെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ ഹെക്ടര്‍ എസ്‌യുവിയായിരുന്നു എംജിയുടെ കന്നി ഉല്‍പ്പന്നം. കമ്പനി ഇതുവരെ ഇന്ത്യയില്‍ രണ്ട് ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. എംജി കോമറ്റ് ഇവി, ആസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളാണ് എംജി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ 45567 കാറുകള്‍ എംജി വിറ്റതായാണ് കണക്കുകള്‍. കുഞ്ഞന്‍ ഇവിയായ കോമെറ്റ് ആണ് ഏറ്റവും ഒടുവിലായി വിപണിയിലെത്തിയ എംജി മോഡല്‍. ടാറ്റ ടിയാഗോയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായി കോമെറ്റ് മാറിയിരുന്നു. പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ ചൈനയില്‍ നിന്ന് കൂടുതല്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ കുതിപ്പിന് സഹായിക്കും. പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യത്തിനും എംജി അടുത്ത കാലത്തായി ഊന്നല്‍ നല്‍കി വരുന്നുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സാന്നിധ്യവും അനുഭവപരിചയവും ഇന്ത്യയില്‍ എംജിയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








