കേന്ദ്രത്തിൻ്റെ ഇളവ് കാത്ത് കേരളം; എഐ ക്യാമറ പണി തരുമോ?
ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇളവ് ലഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുടെ യാത്ര ചെയ്യുമ്പോൾ പിഴ ഈടാക്കുന്നുണ്ട്. നിയമത്തിൽ ഇളവ് വരുത്തുന്നതിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്.
മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയോ, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിലേക്ക് വയ്ക്കാൻ പോകുന്നത്. അതോടൊപ്പം തന്നെ കുട്ടികളുടെ പ്രായപരിധിയും നിശ്ചയിച്ചേക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് മുഴുവനും ബാധകമായിട്ടുളള ഈ നിയമങ്ങൾ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി ഭേദഗതി ചെയ്യാൻ സാധിക്കില്ല എന്നാണ് കേന്ദ്രം പറയാൻ സാധ്യത.

ഗതാഗത ലംഘനം കണ്ടുപിടിക്കാൻ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഇരുചക്രവാഹനമുള്ള ദമ്പതിമാര്‍ യാത്രയില്‍ കുട്ടികളെ ഒഴിവാക്കേണ്ടി വരുന്നു എന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും കാരണമായിട്ടുണ്ട്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര.
മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘനങ്ങൾ. ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം.

വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴുകയും ചെയ്യും.
പുത്തൻ ക്യാമറകൾ കണ്ടുപിടിക്കുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയക്കാൻ ഓഫീസുകളിൽ ആവശ്യത്തിന് സ്റ്റാഫുകളില്ല. കണ്ട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്സ് ചെയ്യുമെന്ന ഉത്തരവും പാലിച്ചിട്ടില്ല. നോട്ടീസ് അയക്കാൻ സ്റ്റാഫുകളില്ലെങ്കിൽ എംവിഐമാരും ഏഎംവിഐമാരും കൂടി നോട്ടീസ് അയക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അങ്ങനെ ചെയ്യുമ്പോൾ ക്യാമറയ്ക്ക് കണ്ടെത്താനാകാത്ത തെറ്റുകൾ കണ്ടുപിടിക്കാൻ ആരും കാണില്ല. വലിയ ഏമാൻമാർ എല്ലാവരും കൂടെ ഓഫീസിൽ ഇരുന്നാൽ നികുതി അടക്കാതെയും ടെസ്റ്റ് ചെയ്യാതെയും ഇൻഷുറൻസും പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നതും ഓവർ ലോഡും അനധികൃത പാർക്കിംഗുമൊന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർ കാണില്ല.

എഐ ക്യാമറകളെ കുറിച്ച് പലതരം ആരോപണങ്ങളും പലരും പല സത്യങ്ങളും ചുമ്മാ തട്ടി വിടുകയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








