ഇന്ത്യ കാത്തിരിക്കുന്ന രണ്ട് കാറുകള്‍ ഇതാ... ടൊയോട്ട ഇന്നോവയുടെ കാര്യം എന്താകുമോ എന്തോ...
ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ മോട്ടോര്‍സ് (Kia Motors). ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പോര്‍ട്‌ഫോളിയോയില്‍ കാറുകളുടെ എണ്ണം കുറവാണെങ്കിലും കിയ മോട്ടോര്‍സ് ഇറക്കുന്നതെല്ലാം ശ്രദ്ധേയ വാഹനങ്ങളാണ്. 2023 അവസാനിക്കാന്‍ ഇനി രണ്ട് മാസം കൂടിയാണ് ബാക്കിയുള്ളത്.
അടുത്ത വര്‍ഷം രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കിയ പദ്ധതിയിടുന്നുണ്ട്. എസ്‌യുവി, എംപിവി വിഭാഗങ്ങളിലാണ് ഈ വാഹനങ്ങള്‍ സാന്നിധ്യമറിയിക്കുക. അവയില്‍ ഒന്ന് എംപിവി സെഗ്‌മെന്റിലെ രാജാവായ സാക്ഷാല്‍ ഇന്നോവക്കെതിരെയാണ് കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച് അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന രണ്ട് കിയ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ്: ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് കിയ സോനെറ്റ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നീ മോഡലുകള്‍ അണിനിരക്കുന്ന സെഗ്‌മെന്റ് നിരന്തരം നവീകരണത്തിന് വിധേയമാകുകയാണ്. ടാറ്റ നെക്‌സോണ്‍ അടുത്തിടെയാണ് ഫ്യൂച്ചറിസ്റ്റിക് ലുക്കില്‍ അരങ്ങേറ്റം കുറിച്ചത്.
ഈ സാഹചര്യത്തില്‍ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ സോനെറ്റിന് ഒരു അപ്‌ഡേറ്റ് അത്യാവശ്യമാണ്. എസ്‌യുവിയുടെ പുതുക്കിയ മോഡല്‍ 2024-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ തകൃതിയായി നടക്കുന്നുണ്ട്. സോനെറ്റ് ഫെയല്‌സ്‌ലിഫ്റ്റിന്‍േറതായി പുറത്തുവന്നിരിക്കുന്ന സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ ഹൈപ്പ് വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

ജനപ്രിയ എസ്‌യുവിയുടെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ്-സ്‌പെക്ക് കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈനും അടുത്തിടെ ചോര്‍ന്നിരുന്നു, എന്നാല്‍ ഇന്ത്യന്‍ പതിപ്പിലും സമാനമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബൂമറാംഗ് ആകൃതിയിലുള്ള ഹെഡ്ലൈറ്റ് ക്ലസ്റ്ററുകള്‍, പുതിയ അലോയ് വീലുകള്‍, കണക്റ്റഡ് വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പുകള്‍ എന്നിവ സ്‌റ്റൈലിംഗ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ആരെയും ആകര്‍ഷിക്കുന്ന കിടിലന്‍ ഫീച്ചറുകളും എസ്‌യുവിയുടെ ക്യാബിനില്‍ കിയ ഒരുക്കും.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ 2024 കിയ സോനെറ്റിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നീ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കാം.
അതേസമയം കാറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ADAS സേഫ്റ്റി ഫീച്ചറിന്റെ അധിക സുരക്ഷയും ഓഫര്‍ ചെയ്‌തേക്കാനും സാധ്യതയുണ്ട്. എന്നാല്‍ കാറിന്റെ പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല. നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന അതേ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനും തുടിപ്പേകുക.
പുതിയ കിയ കാര്‍ണിവല്‍: 2024 കിയ കാര്‍ണിവലിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നതിനാല്‍ ഈ എംപിവി കാണാന്‍ എങ്ങനെയിരിക്കുമെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാകും. പുതിയ കാര്‍ണിവല്‍ അടുത്തിടെ ദക്ഷിണ കൊറിയയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന എംപിവിയുടെ രണ്ടാം തലമുറ പതിപ്പിനെ അപേക്ഷിച്ച് നിരവിധി മാറ്റങ്ങളോടെയാകും ഫെയ്സ്ലിഫ്റ്റഡ് തേര്‍ഡ്-ജെന്‍ കിയ കാര്‍ണിവല്‍ എത്തുക.

ഇന്ത്യ-സ്‌പെക്ക് കാര്‍ണിവലുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. കമ്പനിയുടെ 'ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്' ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയാണ് എംപിവി ഒരുക്കിയിരിക്കുന്നത്. 2024 കാര്‍ണിവല്‍ ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണികളില്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും കാര്‍ണിവല്‍ ലഭിക്കുക.
ടൊയോട്ട ഇന്നോവ ഹൈക്രോസിനെ കൂടാതെ അടുത്തിടെ വിപണിയില്‍ എത്തിയ അതിന്റെ മാരുതി റീബാഡ്ജ് പതിപ്പായ ഇന്‍വിക്‌റ്റോയുമായും പുതിയ കിയ കാര്‍ണിവല്‍ മത്സരിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളാണ് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റും പുതിയ കാര്‍ണിവലും. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ ഇനിയും മെച്ചപ്പെടുത്താന്‍ ഇവക്കാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








