ഡീസലിന് ഇനി മാനുവൽ ഇല്ല!! സോനെറ്റിനും സെൽറ്റോസിനും പുത്തൻ അപ്ഗ്രേഡുകളുമായി കിയ
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സോനെറ്റ്, സെൽറ്റോസ് എസ്‌യുവികളുടെ എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ അപ്‌ഡേറ്റുചെയ്‌തിരിക്കുകയാണ്. വരാനിരിക്കുന്ന ബിഎസ് VI ഫേസ് II അല്ലെങ്കിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പവർട്രെയിനുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
മാത്രമല്ല, എഞ്ചിൻ യൂണിറ്റുകൾ ഇപ്പോൾ E20 ഫ്യുവൽ കംപ്ലയിന്റുമാണ്, അതായത് 20 ശതമാനം എഥനോൾ മിക്ച്ചറുള്ള ഫ്യുവലിലും ഇവയ്ക്ക് അനായാസം പ്രവർത്തിക്കാനാവും. കിയ സെൽറ്റോസ്, സോനെറ്റ് എന്നിവയുടെ വിലയും ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ വർധിപ്പിച്ചിട്ടുണ്ട്.

കിയ സോനെറ്റ്
83 PS പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 120 PS പവർ സൃഷ്ടിക്കുന്ന, 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ സോനെറ്റ് സബ് ഫോർ മീറ്റർ എസ്‌യുവി ലഭ്യമാണ്. മോഡലിൽ വരുന്ന ഡീസൽ പവർട്രെയിൻ നേരത്തെ 100 PS & 115 PS പവറുകൾ ഉത്പാദിപ്പിക്കാൻ രണ്ട് ട്യൂൺ സ്റ്റേറ്റുകളിൽ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ, ഓയിൽ ബർണർ 116 PS പവറും 242 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരൊറ്റ ട്യൂണിലാണ് വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് iMT, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയിൽ പവർട്രെയിൻ ഇപ്പോൾ ലഭ്യമാണ്. ഡീസൽ മോഡലുകൾക്കൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ കമ്പനി നിർത്തലാക്കി.

ഡീസൽ എഞ്ചിൻ മാത്രമല്ല, 1.0 ലിറ്റർ ടർബോ യൂണിറ്റുള്ള സോനെറ്റ് ഇപ്പോൾ iMT & ഏഴ് സ്പീഡ് DCT ഗിയർബോക്‌സിനൊപ്പം ലഭ്യമാണ്. 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ നൽകുന്ന എൻട്രി ലെവൽ സോനെറ്റിൽ മാത്രമേ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇനിമുതൽ ലഭ്യമാകൂ.
കിയ സോനെറ്റ് ഡീസൽ പതിപ്പിന് 50,000 രൂപയുടെ ഏകീകൃത വില വർധനവും ലഭിച്ചിട്ടുണ്ട്. ഒട്ടുമിക്ക പെട്രോൾ വകഭേദങ്ങൾക്കും ഏകീകൃതമായ 25,000 രൂപ വിലവർധന ലഭിച്ചു. സോനെറ്റ് HTX 1.0 DCT -ക്ക് ഇപ്പോൾ 19,000 രൂപയും എൻട്രി ലെവൽ HTE 1.2 മാനുവലിന്റെ വില 10,000 രൂപയുമാണ് ഉയർന്നിരിക്കുന്നത്. കിയ സോനെറ്റ് ഇപ്പോൾ 7.79 ലക്ഷം മുതൽ 13.89 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

കിയ സെൽറ്റോസ്
സെൽറ്റോസ് നിരയിൽ നിന്ന് കിയ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നീക്കം ചെയ്തിരിക്കുകയാണ്. എസ്‌യുവി നിലവിൽ 115 PS പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 116 PS പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡീസൽ പതിപ്പ് ഇപ്പോൾ ആറ് സ്പീഡ് iMT, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.
ഡീസൽ സെൽറ്റോസിനൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമല്ല. മറുവശത്ത്, സെൽറ്റോസ് പെട്രോൾ ആറ് സ്പീഡ് മാനുവൽ, iVT അല്ലെങ്കിൽ CVT ഗിയർബക്സുകളിൽ ലഭ്യമാണ്. കിയ സെൽറ്റോസ് HTE മാനുവൽ വേരിയന്റിന് ഇപ്പോൾ 20,000 രൂപ കൂടുതലാണ്, ബാക്കി പെട്രോൾ വേരിയന്റുകൾക്ക് 25,000 രൂപയുടെ ഏകീകൃത വിലവർധന നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. അതുപോലെ സെൽറ്റോസിന്റെ ഡീസൽ പതിപ്പിന് ഇപ്പോൾ 50,000 രൂപ വില കൂടുതലാണ്. എസ്‌യുവി ഇപ്പോൾ 10.89 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








